Kerala
മന്ത്രി വീണാ ജോര്‍ജിനെ വേട്ടയാടാനാണ് യു ഡി എഫ് തീരുമാനമെങ്കില്‍ ശക്തമായി നേരിടുമെന്ന് ഡി വൈ എഫ് ഐ
മന്ത്രി വീണാ ജോര്‍ജിന്റെ വീട്ടിലേക്ക് പ്രകടനം നടത്തിയവരോട് പറയാനുള്ളത്, വീണാ ജോര്‍ജിന് മാത്രമല്ല പത്തനംതിട്ടയിലും കേരളത്തിലും വീടുള്ളതെന്നാണ്

പത്തനംതിട്ട | മന്ത്രി വീണാ ജോര്‍ജിനെ വേട്ടയാടാനാണ് യു ഡി എഫ് തീരുമാനമെങ്കില്‍ അതിനെ ശക്തമായിതന്നെ നേരിടുമെന്ന് ഡി വൈ എഫ് ഐ. പ്രതിഷേധത്തിന്റെ പേരില്‍ അക്രമം അഴിച്ചുവിടാനാണ് ഉദ്ദേശമെങ്കില്‍ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി ബി നിസാം, ജില്ലാ പ്രസിഡന്റ് എം സി അനീഷ് കുമാര്‍ എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു. യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും കോണ്‍ഗ്രസും പ്രതിപക്ഷവും എല്ലാം ചേര്‍ന്ന് കേരളത്തിന്റെ ആരോഗ്യ സംവിധാനത്തെയും പൊതുവില്‍ കേരളം കൈവരിച്ച എല്ലാ നേട്ടങ്ങളെയും തകര്‍ക്കാന്‍ നടത്തുന്ന ഗൂഢനീക്കത്തിന്റെ ഭാഗമാണ് ഇപ്പോള്‍ നടത്തുന്ന അക്രമസമരങ്ങള്‍.
കേരളത്തിന്റെ ആരോഗ്യമേഖല ലോകത്തിലെ തന്നെ ഏറ്റവും മികച്ച സംവിധാനമാണെണ് കേന്ദ്രസര്‍ക്കാര്‍ നിതി ആയോഗിന്റെ നിരവധി പഠനങ്ങളും അതിനെ അടിസ്ഥാനമാക്കിയുള്ള റാങ്കുകളും നോക്കിയാല്‍ മനസിലാക്കാം. പക്ഷെ വ്യാജ പ്രചാരണങ്ങളും ആക്രമണങ്ങളും നടത്തി കേരളത്തിന്റെ ആരോഗ്യമേഖല മോശമാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചാല്‍ അതിനെ ഡിവൈഎഫ്ഐ പ്രതിരോധിക്കും. മരണത്തില്‍നിന്ന് മുതലെടുപ്പ് നടത്തുന്നവരായി കേരളത്തിലെ കോണ്‍ഗ്രസ് മാറുകയാണ്. ഇത് കേരളത്തോടുള്ള വെല്ലുവിളിയാണ്. കഴിഞ്ഞ 10 വര്‍ഷമായി അധികാരം നഷ്ടപ്പെട്ട കോണ്‍ഗ്രസും യുഡിഎഫും എങ്ങനെയെങ്കിലും അധികാരം പിടിക്കണമെന്ന ഉദ്ദേശത്തോടെ കേരളത്തെ ബോധപൂര്‍വം കലാപ ഭൂമിയാക്കാന്‍ ശ്രമിക്കുകയാണ്. ഇത് നോക്കി നില്‍ക്കാന്‍ ഡിവൈഎഫ്ഐക്കാവില്ല. മന്ത്രി വീണാ ജോര്‍ജിന്റെ വീട്ടിലേക്ക് പ്രകടനം നടത്തിയവരോട് പറയാനുള്ളത്, വീണാ ജോര്‍ജിന് മാത്രമല്ല പത്തനംതിട്ടയിലും കേരളത്തിലും വീടുള്ളതെന്നാണ്. എല്‍ഡിഎഫ് നേതാക്കളുടെ വാഹനങ്ങള്‍ മാത്രമല്ല കേരളത്തിലെ റോഡിലൂടെ ഓടുന്നതെന്ന ധാരണ യൂത്ത് കോണ്‍ഗ്രസിന് ഉണ്ടാകുന്നത് നല്ലതാണ്. ജനങ്ങളെ അണിനിരത്തി ഡിവൈഎഫ്ഐ പ്രതിരോധിക്കാന്‍ തുടങ്ങിയാല്‍ തടയാന്‍ കോണ്‍ഗ്രസിനാവില്ലെന്നും ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി.