Kerala
രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍; കേരള സര്‍വകലാശാല നാളെ പ്രത്യേക സിന്‍ഡിക്കേറ്റ് യോഗം ചേരും
നാളെ 11 മണിക്ക് സര്‍വകലാശാല ആസ്ഥാനത്ത് സിന്‍ഡിക്കേറ്റ് യോഗം ചേരും.

തിരുവനന്തപുരം | കേരള സര്‍വകലാശാല നാളെ പ്രത്യേക സിന്‍ഡിക്കേറ്റ് യോഗം ചേരും. രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത സാഹചര്യത്തിലാണ് യോഗം ചേരുന്നത്.. രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിന്റെ സസ്‌പെന്‍ഷന്‍, ഹൈക്കോടതിയില്‍ കേരള സര്‍വകലാശാല സമര്‍പ്പിക്കേണ്ട സത്യവാങ്മൂലം എന്നിവയാണ് അജണ്ട. അടിയന്തര സിന്‍ഡിക്കേറ്റ് യോഗം വിളിക്കണം എന്ന് ആവശ്യപ്പെട്ട് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ഇന്ന് വി സിക്ക് കത്ത് നല്‍കിയിരുന്നു.നാളെ 11 മണിക്ക് സര്‍വകലാശാല ആസ്ഥാനത്ത് സിന്‍ഡിക്കേറ്റ് യോഗം ചേരും.
കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തതിന് മുന്‍പ് ഭാരതാംബ ചിത്ര വിവാദം ചര്‍ച്ച ചെയ്യാന്‍ സിന്‍ഡിക്കേറ്ററ്റ് ചേരണമെന്ന് ആവശ്യപ്പെട്ട് ഇടത് അംഗങ്ങള്‍ കത്ത് നല്‍കിയിരുന്നു. സസ്‌പെന്‍ഷന് ശേഷം താത്ക്കാലിക വി സി സിസ തോമസിനു മുന്നിലും ഈ ആവശ്യം സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ വെച്ചിരുന്നു. ഇന്ന് രാവിലെ സര്‍വകലാശാല ആസ്ഥാനത്ത് വിവിധ വകുപ്പുകളില്‍ പരിശോധനയ്ക്ക് എത്തിയപ്പോള്‍ താത്ക്കാലിക വി സി സിസ തോമസിനെ ഇടത് അംഗങ്ങള്‍ തടഞ്ഞു. പിന്നാലെയാണ് പ്രത്യേക സിന്‍ഡിക്കേറ്റ് യോഗം വിളിച്ചു ചേര്‍ക്കാന്‍ വൈസ് ചാന്‍സിലര്‍ തീരുമാനിച്ചത്.
വകുപ്പുകളിലെ ഫയലുകള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചതിനാലാണ് വിസിയെ തടഞ്ഞതെന്ന് ഇടതു സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പറഞ്ഞു.