Connect with us

Articles

ട്രംപിസം തോല്‍ക്കുന്ന പരദേശങ്ങള്‍

ലോകത്തിന്റെയാകെ പ്രസിഡന്റെന്ന പരിവേഷത്തിലേക്ക് സ്വയം അവതരിക്കുന്ന ട്രംപിനെതിരെ ഓരോ ദേശത്തും അഭിമാനബോധമുള്ള മനുഷ്യര്‍ ഒന്നിക്കുന്നതാണ് ആസ്‌ത്രേലിയയിലെയും കാനഡയിലെയും അനുഭവം അടയാളപ്പെടുത്തുന്നത്. മറ്റ് രാജ്യങ്ങളെ അപഹസിക്കുകയും നിസ്സാരവത്കരിക്കുകയും ചെയ്യുന്ന ട്രംപിനെ മഹത്വവത്കരിക്കാന്‍ ആര് ശ്രമിച്ചാലും അവരെ ജനം കൈയൊഴിയും.

Published

|

Last Updated

യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് വീറോടെ പ്രചാരണം നടത്തുന്ന ഘട്ടം. അദ്ദേഹത്തിന് നേരെ വധശ്രമമൊക്കെ നടക്കുന്ന ഘട്ടം. അന്ന് ഇന്ത്യയില്‍ നിരവധിയിടങ്ങളില്‍ അദ്ദേഹത്തിന്റെ വിജയത്തിനായി പ്രത്യേക പൂജകള്‍ നടന്നു. ശത്രുസംഹാര പൂജകള്‍ വേറെയും. അദ്ദേഹം വിജയിച്ചപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ സംഘ്പരിവാര്‍ ഹാന്‍ഡിലുകള്‍ പ്രകടിപ്പിച്ച ആഹ്ലാദം ചെറുതായിരുന്നില്ല. ട്രംപിന്റെ ഭ്രാന്തന്‍ നയങ്ങളെ കണ്ണുമടച്ച് പിന്തുണക്കുന്നവരാണ് ഇക്കൂട്ടര്‍. ഇന്ത്യക്കാരെ വിലങ്ങണിയിച്ച് കൊടും കുറ്റവാളികളെപ്പോലെ, സൈനിക വിമാനത്തില്‍ നാടുകടത്തിയതിനെപ്പോലും ന്യായീകരിക്കാന്‍ അവര്‍ ഓവര്‍ ടൈമെടുത്തിരുന്നു. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മുന്നില്‍ അമേരിക്കന്‍ വാതിലുകള്‍ കൊട്ടിയടച്ച താരിഫ് നയത്തിലും അവര്‍ ട്രംപിന്റെ കൂടെയായിരുന്നു. ഇന്ത്യയെ നികുതി കൊള്ളക്കാര്‍ എന്ന് വിളിച്ചപ്പോഴും ട്രംപിനെ അവര്‍ കൈയൊഴിഞ്ഞില്ല. ശക്തനായ ഭരണാധികാരിയുടെ ഉജ്ജ്വല ഗുണങ്ങളായാണ് ഈ പരമാബദ്ധങ്ങളെയെല്ലാം അവര്‍ ആഘോഷിച്ചത്. എന്തിന് സംഘ്പരിവാര്‍ സംഘടനകളിലെ പ്രവര്‍ത്തകരെ പറയുന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ട്രംപിന്റെ ഫാന്‍ബോയി അല്ലേ. അവര്‍ രണ്ടാളും നില്‍ക്കുന്ന ഏത് ചിത്രമെടുത്താലും ഈ രാജാ- പ്രജാ ബന്ധം കാണാനാകും. മോദിയുടെയും നെതന്യാഹുവിന്റെയും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജ്യോര്‍ജിയ മെലോനിയുടെയും ഫ്രഞ്ച് തീവ്രവലതുപക്ഷ നേതാവ് മാരിന ലീപെന്നിന്റെയും ന്യൂസിലാന്‍ഡിലെ മസ്ജിദില്‍ കൂട്ടക്കൊല നടത്തിയയാളുടെയും ശ്രീലങ്കയിലെ രജപക്‌സേമാരുടെയും ഇപ്പോള്‍ വ്ലാദിമിര്‍ പുടിന്റെയുമെല്ലാം ഏറ്റവും അടുത്ത സുഹൃത്തും പ്രചോദന കേന്ദ്രവും ഡൊണാള്‍ഡ് ട്രംപാണ്. ഇന്ത്യയിലെ ഏതോ കുഗ്രാമത്തില്‍ ട്രംപിനായി പൂജാമന്ത്രങ്ങളുരുവിടുന്നയാളെയും ഈ രാഷ്ട്രത്തലവന്മാരെയും വൈറ്റ്‌സൂപ്രമാസിസ്റ്റുകളെയും ഒരു പോലെ തന്റെ സ്വാധീനവലയത്തില്‍പ്പെടുത്താന്‍ മാത്രം എന്താണ് ട്രംപിലുള്ളത്? അതാണ് തീവ്രവലതുപക്ഷ യുക്തികളുടെ ശക്തി.
ലോകത്തുടനീളം ശക്തിയാര്‍ജിക്കുന്ന മുസ്‌ലിംവിരുദ്ധ, കുടിയേറ്റവിരുദ്ധ, അതിദേശീയ തരംഗത്തിന്റെ ഐക്കണാണ് ട്രംപ്. അദ്ദേഹത്തിന്റെ രണ്ടാം വരവ് ഈ രാഷ്ട്രീയത്തിന് വലിയ ഊര്‍ജം പകര്‍ന്നു. യൂറോപ്പിലെ സര്‍വ രാജ്യങ്ങളിലും ഇത്തരം പാര്‍ട്ടികള്‍ മുഖ്യാധാരാ ഇടത്, മധ്യ ഇടത് പാര്‍ട്ടികളെ വെല്ലുവിളിച്ച് തിരഞ്ഞെടുപ്പുകളില്‍ നിര്‍ണായക മുന്നേറ്റം നടത്തി. ചിലയിടങ്ങളില്‍ അധികാരത്തിനടുത്തെത്തി. കണ്‍സര്‍വേറ്റീവ് തരംഗത്തിന്റെ ചാമ്പ്യനായി ട്രംപ് അമേരിക്കക്ക് പുറത്തേക്ക് വളരുകയായിരുന്നു. എന്നാല്‍ ആ തരംഗം മുമ്പത്തെപ്പോലെ ഫലിക്കുന്നില്ലെന്ന് വ്യക്തമാക്കുന്ന ഫലങ്ങളാണ് കാനഡയില്‍ നിന്നും ആസ്‌ത്രേലിയയില്‍ നിന്നും വരുന്നത്. ഇവിടങ്ങളില്‍ ട്രംപിനെ അനുകരിക്കുന്നവരോ അദ്ദേഹത്തിന്റെ നയങ്ങളെ പിന്തുണക്കുന്നവരോ ആയ നേതാക്കളെ ജനങ്ങള്‍ പോളിംഗ് ബൂത്തില്‍ ശിക്ഷിച്ചിരിക്കുന്നു. ട്രംപ് വിരുദ്ധത ഒരു തരംഗമായിരിക്കുന്നു. എന്താണ് അതിന്റെ കാരണം?
ആസ്‌ത്രേലിയ
ഈ മാസം മൂന്നിന് നടന്ന ആസ്‌ത്രേലിയന്‍ പൊതുതിരഞ്ഞെടുപ്പില്‍ നിലവിലെ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസിന്റെ ഇടത് അനുകൂല ലേബര്‍ പാര്‍ട്ടി അധികാരത്തുടര്‍ച്ച നേടിയിരിക്കുന്നു. കണ്‍സര്‍വേറ്റീവ് ലിബറല്‍ പാര്‍ട്ടിയുടെ നേതാവ് പീറ്റര്‍ ഡട്ടണ്‍ സമ്പൂര്‍ണമായി തകര്‍ന്നടിഞ്ഞു. യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വാനോളം പുകഴ്ത്തി സംസാരിച്ചിരുന്ന പീറ്റര്‍ സ്വന്തം സീറ്റില്‍ തന്നെ തോറ്റു. 150 അംഗ അധോസഭയില്‍ 85 സീറ്റ് നേടിയാണ് ആല്‍ബനീസിന്റെ പാര്‍ട്ടി ആധികാരിക വിജയം നേടിയത്. പ്രതിപക്ഷ സഖ്യം 40 സീറ്റില്‍ ഒതുങ്ങി. 21 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ആസ്‌ത്രേലിയയില്‍ ഭരണത്തുടര്‍ച്ചയുണ്ടാകുന്നത്.
മേക് ആസ്‌ത്രേലിയ ഗ്രേറ്റ് എഗെയ്ന്‍ എന്നതായിരുന്നു ലിബറലുകളുടെ പ്രധാന മുദ്രാവാക്യം. ഇതിന് മേക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ (മാഗാ) എന്ന ട്രംപിന്റെ മുദ്രാവാക്യവുമായുള്ള സാമ്യം വലിയ ചര്‍ച്ചയായിരുന്നു. പണപ്പെരുപ്പത്തിനും വര്‍ധിച്ചു വരുന്ന ജീവിതച്ചെലവിനും പരിഹാരമായി ലിബറലുകള്‍ കടുത്ത നടപടികള്‍ മുന്നോട്ട് വെക്കുകയും ചെയ്തു. ഗവണ്‍മെന്റ് എഫിഷ്യന്‍സി ഏജന്‍സി രൂപവത്കരിക്കുമെന്ന വാഗ്ദാനവും ട്രംപിന്റെ തുടര്‍ച്ചയായിരുന്നു. യു എസില്‍ ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി- ഡോജ് എന്ന വകുപ്പ് രൂപവത്കരിക്കുകയും അതിന്റെ തലപ്പത്ത് ഇലോണ്‍ മസ്‌കിനെ കുടിയിരുത്തുകയും ചെയ്തിരുന്നുവല്ലോ. അതിന്റെ കെടുതി അമേരിക്കക്കാര്‍ അനുഭവിക്കുകയാണിപ്പോള്‍. സി ഐ എയില്‍പ്പോലും പിരിച്ചുവിടല്‍ തുടങ്ങിയിരിക്കുന്നു. ഈ നയമാണ് ആസ്‌ത്രേലിയയിലെ കണ്‍സര്‍വേറ്റീവ് ലിബറലുകള്‍ സര്‍വ പ്രശ്‌നങ്ങള്‍ക്കും ഒറ്റമൂലിയായി അവതരിപ്പിച്ചത്. കുടിയേറ്റ നയത്തിലും ട്രംപിന്റെ മെഗാഫോണായിരുന്നു പീറ്റര്‍. ലേബര്‍ പാര്‍ട്ടിയാകട്ടെ ചൈനയുമായും ട്രംപ്‌വിരുദ്ധ സമീപനമെടുക്കുന്ന രാജ്യങ്ങളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന വാഗ്ദാനമാണ് മുന്നോട്ട് വെച്ചിരുന്നത്. ഫലം വന്നപ്പോള്‍ “ട്രംപ് തോറ്റു’. ഇടതുപക്ഷം ജയിച്ചു. കടുത്ത വിലക്കയറ്റവും ഭരണവിരുദ്ധ വികാരവുമൊന്നും ഏശിയില്ല. നാടകീയ വിജയം.
“ഞങ്ങള്‍ ആര്‍ക്കു മുമ്പിലും യാചിക്കാനില്ല. ഞങ്ങള്‍ ആരില്‍ നിന്നും ആശയങ്ങള്‍ കടമെടുക്കുന്നില്ല. ആരെയും പകര്‍ത്തുന്നുമില്ല. സ്വന്തം ജനതയില്‍ നിന്നാണ് ഞങ്ങള്‍ പ്രചോദനം നേടുന്നത്. ദേശീയ മൂല്യങ്ങള്‍ക്ക് പകരമാകില്ല പുറത്തുള്ള ഒരു നേതാവും’- വിജയാഘോഷ പ്രസംഗത്തില്‍ ആല്‍ബനീസിന്റെ ഈ വാക്കുകളിലുണ്ട് ട്രംപിനെ പേറിയവര്‍ക്കുള്ള മറുപടി. ദേശീയതയുണര്‍ത്തി തിരഞ്ഞെടുപ്പ് വിജയം സൃഷ്ടിക്കുന്ന കൗശലം കൂടിയാണ് ആല്‍ബനീസ് പുറത്തെടുത്തത്.
കാനഡ
കാനഡയിലും ട്രംപിനെ ജനങ്ങള്‍ തള്ളിക്കളഞ്ഞു. കാനഡക്കെതിരെയായിരുന്നല്ലോ ട്രംപിന്റെ ഭീഷണി മുഴുവന്‍. കാനഡ 51ാമത് യു എസ് സ്റ്റേറ്റാണെന്ന് വരെ പറഞ്ഞിരുന്നു ട്രംപ്. അവിടെ കഴിഞ്ഞ മാസം നടന്ന തിരഞ്ഞെടുപ്പില്‍ മധ്യ- ഇടത് ലിബറല്‍ പാര്‍ട്ടി അത്ഭുതകരമായ വിജയം കുറിച്ചു. പ്രചാരണത്തിന്റെ തുടക്കത്തില്‍ ഏറെ പിറകിലായിരുന്ന മാര്‍ക്ക് കാര്‍ണി നയിച്ച ഇടത് പാര്‍ട്ടി ഒടുവില്‍ അതിവേഗ കുതിപ്പ് നടത്തുകയായിരുന്നു. ട്രംപിസത്തിനെതിരെ ആഞ്ഞടിച്ചാണ് കാര്‍ണി പ്രചാരണം നയിച്ചത്. കണ്‍സര്‍വേറ്റീവ് ക്യാമ്പാകട്ടെ ട്രംപിന്റെ “മാഗാ’യുടെ പിറകേയായിരുന്നു. ശക്തനായ ഭരണാധികാരിക്ക് മാത്രമേ മാറ്റം കൊണ്ടുവരാനാകൂ എന്ന് അവര്‍ വാദിച്ചു. മധ്യ ഇടതുപക്ഷത്തിന്റെ തുടര്‍ച്ചയായ ഭരണം കാനഡയെ ദുര്‍ബലമാക്കിയെന്ന് അവര്‍ വാദിച്ചു. പക്ഷേ, ട്രംപ് നടത്തിയ കാനഡാവിരുദ്ധ താരിഫ് പ്രഖ്യാപനങ്ങളുടെയും അധിക്ഷേപങ്ങളുടെയും പാപഭാരം കണ്‍സര്‍വേറ്റുകളില്‍ പതിക്കുകയായിരുന്നു. അങ്ങനെ നാലാം തവണയും ലിബറലുകള്‍ അധികാരത്തിലേറി. കണ്‍സര്‍വേറ്റീവുകളുടെ സുവര്‍ണാവസരം ട്രംപിനെ ചാരിയതിനാല്‍ പാഴായി.
ലോകത്തിന്റെയാകെ പ്രസിഡന്റെന്ന പരിവേഷത്തിലേക്ക് സ്വയം അവതരിക്കുന്ന ട്രംപിനെതിരെ ഓരോ ദേശത്തും അഭിമാനബോധമുള്ള മനുഷ്യര്‍ ഒന്നിക്കുന്നതാണ് ആസ്‌ത്രേലിയയിലെയും കാനഡയിലെയും അനുഭവം അടയാളപ്പെടുത്തുന്നത്. തീരുവ യുദ്ധം ഏത് രാജ്യത്തിന്റെയും ആത്മാഭിമാനം ചോദ്യം ചെയ്യുന്നതാണ്. സ്വന്തം പൗരന്‍മാരെ വിലങ്ങ് വെച്ച് തിരിച്ചയക്കുന്നത് ആരാണ് സഹിക്കുക. അനധികൃത കുടിയേറ്റക്കാരാണെങ്കില്‍ തന്നെ ഇങ്ങനെയാണോ പെരുമാറേണ്ടത്. “അമേരിക്ക ഫസ്റ്റ്’ നയം യു എസിന്റെ കൂട്ടാളികളെപ്പോലും ചൊടിപ്പിക്കുന്നതാണ്. യുക്രൈന്‍ വിഷയത്തില്‍ യൂറോപ്പിനെയാകെ മറികടന്ന് പുടിന് കൈകൊടുക്കാന്‍ പോയ ട്രംപിനെ ആരും വിശ്വസിക്കില്ല. മറ്റ് രാജ്യങ്ങളെ അപഹസിക്കുകയും നിസ്സാരവത്കരിക്കുകയും ചെയ്യുന്ന ട്രംപിനെ മഹത്വവത്കരിക്കാന്‍ ആര് ശ്രമിച്ചാലും അവരെ ജനം കൈയൊഴിയും. പ്രാദേശിക പ്രശ്‌നങ്ങളെ അന്താരാഷ്ട്രവത്കരിക്കുന്ന ട്രംപിന്റെ കൗശലം അതത് രാജ്യങ്ങളിലെ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. സഹകരണത്തിന്റെയും പരസ്പരാശ്രിതത്വത്തിന്റെയും ലോകമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഏറ്റുമുട്ടലും അടച്ചിടലും സംശയവും പ്രസരിപ്പിക്കുന്ന ട്രംപിസം ശാന്തമായ ലോകസാഹചര്യമല്ല സൃഷ്ടിക്കുന്നത്. ആസ്‌ത്രേലിയയിലെ ആല്‍ബനീസിനും കാനഡയിലെ കാര്‍ണിക്കും പ്രചാരണവേളയില്‍ ഇക്കാര്യം ഭംഗിയായി അവതരിപ്പിക്കാന്‍ സാധിച്ചിരുന്നു. ട്രംപിന്റെ അപ്രവചനീയമായ നയങ്ങള്‍ ഒന്നുകൊണ്ട് മാത്രം ആടിയുലഞ്ഞ ആഗോള വിപണി ഈ പ്രചാരണത്തിന് ശക്തി പകര്‍ന്നു.
കാനഡയിലും ആസ്‌ത്രേലിയയിലും കണ്ടത് ഒറ്റപ്പെട്ട ഫലങ്ങളല്ലെങ്കില്‍, ഇതാണ് യഥാര്‍ഥ ട്രെന്‍ഡെങ്കില്‍ അടുത്ത തവണ യു എസ് പ്രസിഡന്റിനെ കാണുമ്പോള്‍ നരേന്ദ്ര മോദി അത്ര ഗാഢമായി കെട്ടിപ്പിടിക്കാനിടയില്ല. ആ ആലിംഗനം ധൃതരാഷ്ട്രാലിംഗനമാകുമോയെന്ന് മോദി ഭയക്കും.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest