National
വെടിനിര്‍ത്തലില്‍ അതൃപ്തരായി യുദ്ധാസക്തര്‍; ബഹുഭൂരിപക്ഷവും സംഘ്പരിവാര്‍ അനുകൂലികള്‍
വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കെതിരെ സൈബറാക്രമണം

കോഴിക്കോട് | ഇന്ത്യ- പാക് വെടിനിര്‍ത്തലില്‍ പ്രകോപനവുമായി യുദ്ധാസക്തര്‍. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളയവര്‍ക്കെതിരെ നവമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശമാണ് ഉന്നയിക്കുന്നത്. സംഘ്പരിവാര്‍ അനുകൂലികളാണ് വിമര്‍ശകരില്‍ ബഹുഭൂരിപക്ഷവും. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കും കുടുംബത്തിനുമെതിരെ കടുത്ത സൈബറാക്രമണമാണ് നടന്നത്. ‘വഞ്ചകന്‍’, ‘ഒറ്റുകാരന്‍’, ‘രാജ്യത്തെ ശത്രുക്കള്‍ക്ക് വിറ്റു’ തുടങ്ങിയ അധിക്ഷേപങ്ങളാണ് വിക്രം മിസ്രിയുടെ എക്സ് അക്കൗണ്ടില്‍ നിറയുന്നത്. സൈബറാക്രമണം രൂക്ഷമായതോടെ മിസ്രി എക്സ് എക്കൗണ്ട് പൂട്ടി.
രാജ്യം യുദ്ധത്തിന് ആഗ്രഹിക്കുന്നില്ലെന്ന് ഭരണകൂടവും സൈനിക മേധാവികളും പലവട്ടം വ്യക്തമാക്കിയിട്ടും പാകിസ്താനുമായുള്ള യുദ്ധത്തിനുള്ള അവസരം നഷ്ടപ്പെടുത്തിയെന്ന വിധത്തിലാണ് നവമാധ്യമങ്ങളില്‍ ചിലരുടെ പോസ്റ്റുകള്‍. യുദ്ധാസക്തരെ അതിര്‍ത്തിയിലേക്ക് കയറ്റി അയക്കണമെന്ന് നവമാധ്യമങ്ങളില്‍ പ്രതികരണമുയര്‍ന്നു.
പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ ഓപറേഷന്‍ സിന്ദൂര്‍ തിരിച്ചടിയില്‍ നിന്ന് പാഠമുള്‍ക്കൊള്ളാന്‍ പാകിസ്താന്‍ തയ്യാറാകാതിരുന്നതാണ് രണ്ട് നാള്‍ യുദ്ധഭീതി പരത്തിയത്. ഇന്ത്യയുടെ തിരിച്ചടി കനത്തതോടെ പാകിസ്താന്‍ വെടിനിര്‍ത്തലിന് ഇന്നലെ തയ്യാറായി. അതിര്‍ത്തി പങ്കിടുന്ന മേഖലകളിലെ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും പാകിസ്താന്റെ പ്രകോപനത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനുള്‍പ്പെടെ നിരവധി സാധാരണക്കാരും കൊല്ലപ്പെട്ടു. പ്രകോപനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സേനാ മേധാവികള്‍ക്ക് നല്‍കിയ നിര്‍ദേശം.