Connect with us

Uae

റമസാൻ; 627 ഔട്ട്ലെറ്റുകൾ ഡിജിറ്റൽ സംവിധാനത്തിന് കീഴിൽ

വിപണിയിലെ വിലനിലവാരം തത്സമയം നിരീക്ഷിക്കാനും വിലകളിൽ വരുന്ന മാറ്റങ്ങൾ ഉടനടി കണ്ടെത്താനും സാമ്പത്തിക, ടൂറിസം മന്ത്രാലയത്തിന് സാധിക്കും.

Published

|

Last Updated

ദുബൈ| വിശുദ്ധ റമസാൻ മാസത്തിൽ വിപണികളിൽ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാനും അനാവശ്യമായ വിലക്കയറ്റം തടയാനുമായി 627 പ്രധാന റീട്ടെയ്ൽ ഔട്്ലെറ്റുകളെ ഇലക്ട്രോണിക് വില നിരീക്ഷണ സംവിധാനവുമായി ബന്ധിപ്പിച്ചു. ഇതോടെ വിപണിയിലെ വിലനിലവാരം തത്സമയം നിരീക്ഷിക്കാനും വിലകളിൽ വരുന്ന മാറ്റങ്ങൾ ഉടനടി കണ്ടെത്താനും സാമ്പത്തിക, ടൂറിസം മന്ത്രാലയത്തിന് സാധിക്കും.

റമസാൻ മാസത്തിൽ വിപണികളിൽ സാധനങ്ങളുടെ വലിയ മിച്ചമുണ്ടെന്ന് സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി ദുബൈയിൽ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജ്യത്തെ തന്ത്രപ്രധാനമായ ഭക്ഷ്യശേഖരം സുരക്ഷിതമാണ്. ഉപഭോക്താക്കളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നതിനും അന്യായമായ വിലവർധനവില്ലാതെ സാധനങ്ങൾ ലഭ്യമാക്കുന്നതിനും മന്ത്രാലയം ശ്രദ്ധാലുവാണ്. ഇതിന്റെ ഭാഗമായി പ്രധാന വിതരണക്കാരുമായും ഇറക്കുമതിക്കാരുമായും 26 യോഗങ്ങൾ പൂർത്തിയാക്കി. റമസാനിൽ വിപണികളിൽ 420 പരിശോധനാ ടൂറുകൾ നടത്തുമെന്നും മന്ത്രി പറഞ്ഞു.

റമസാൻ പ്രമാണിച്ച് 50 മുതൽ 70 ശതമാനം വരെ പ്രഖ്യാപിച്ചിട്ടുള്ള വിലക്കിഴിവ് ഓഫറുകളിൽ കൃത്രിമം കാണിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ മന്ത്രാലയം കർശന നിരീക്ഷണം നടത്തുമെന്ന് വാണിജ്യ നിയന്ത്രണ വിഭാഗം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി സഫിയ അൽ സഫി പറഞ്ഞു. ഈദ് കാലം വരെ ഈ നിരീക്ഷണം തുടരും. വിവരങ്ങൾ മറച്ചുവെക്കുകയോ വിതരണക്കാരും വ്യാപാരികളും ചേർന്ന് വില കൂട്ടാൻ കരാറുണ്ടാക്കുകയോ ചെയ്താൽ കർശന നിയമനടപടി സ്വീകരിക്കും.
ദുബൈയിൽ മാത്രം ഇതിനോടകം സ്റ്റോറുകളിലും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലുമായി 220ലധികം സന്ദർശനങ്ങൾ നടത്തിയതായി ദുബൈ ഉപഭോക്തൃ സംരക്ഷണ വിഭാഗം ആക്ടിംഗ് ഡയറക്ടർ അഹ്്മദ് അഹ്്ലി വ്യക്തമാക്കി.

 

 

Latest