Siraj Article
ആ ഫോട്ടോഗ്രാഫർ ഒരാളല്ല
പ്രശ്‌നക്കാരല്ലെങ്കിൽ ക്ഷേത്ര ഭൂമി കൈയേറുമോയെന്ന മുഖ്യമന്ത്രി ബിശ്വ ശർമയുടെ ആ വാചകമുണ്ടല്ലോ അതാണ് അതീവ ഗുരുതരം. പോലീസ് ക്രൂരത ന്യായീകരിക്കാൻ മതത്തിന്റെ നിറം ചാർത്തുകയാണ് ഒരു ഭരണാധികാരി. ക്ഷേത്ര ഭൂമി കൈയേറിയവരെ ഒഴിപ്പിക്കുകയാണ് പോലീസ് ചെയ്തതെന്ന് പറയാൻ ശ്രമിക്കുന്നു. അതായത്, വീഡിയോ കണ്ട് അനുകമ്പയും അനുതാപവും പ്രകടിപ്പിച്ച ഭൂരിപക്ഷ മതത്തിലെ അംഗങ്ങളെ കൂടി സംസ്ഥാന സർക്കാറിന് അനുകൂലമാക്കാനുള്ള കൗശലം. അതായത്, ബംഗാളി ഭാഷക്കാർ ഇരകളായി തന്നെ കാലം കഴിക്കണമെന്ന നിലപാട്

ഒറ്റ വീഡിയോ ഉപയോഗിച്ച് സംസ്ഥാന സർക്കാറിനെ കുറ്റപ്പെടുത്താൻ നിങ്ങൾക്കാകില്ല. 1983 മുതൽ ആ പ്രദേശം കൊലപാതകങ്ങൾക്ക് പേരുകേട്ടതാണ്. അല്ലെങ്കിൽ, സാധാരണ ജനങ്ങൾ ക്ഷേത്ര ഭൂമി കൈയേറുമോ? എല്ലായിടത്തും കൈയേറ്റം ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്.
ഹിമന്ത ബിശ്വ ശർമ (അസം മുഖ്യമന്ത്രി)
അപരവത്കരണത്തിന്റെയും വെട്ടിപ്പിടിത്തത്തിന്റെയും സംഭവങ്ങൾ ഒരിക്കൽ കൂടി അസമിൽ നിന്ന് പുറത്തു വരുന്നു. കൈയേറ്റക്കാർ എന്ന മുദ്ര ചാർത്തി സ്വയംപ്രഖ്യാപിത വംശശുദ്ധിയിൽ ഊറ്റംകൊള്ളുന്നവർ ആട്ടിയോടിക്കാൻ എന്നും വെമ്പൽ കൊണ്ടിരുന്ന ബംഗാളി സംസാരിക്കുന്നവരെ ലക്ഷ്യമിട്ടാണ് ഇത്തവണയും അരികുവത്കരണത്തിന്റെ പുത്തൻ അധ്യായങ്ങൾ സൃഷ്ടിക്കപ്പെടുന്നത്. കൈയേറ്റമെന്ന ലേബൽ ചാർത്തി, ബംഗാളി സംസാരിക്കുന്ന സമുദായങ്ങളുടെ കൈവശമുള്ള കൃഷി ഭൂമി ഏറ്റെടുക്കുന്നതാണ് ദാരംഗ് ജില്ലയിലെ ധോൽപൂരിലെ ഇപ്പോഴത്തെ സംഭവവികാസങ്ങളുടെ അടിസ്ഥാന ഹേതു.
കുടിയൊഴിപ്പിക്കലിനിടെ മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന, ഒരു മാത്ര ശ്വസിക്കാൻ പോലും മറക്കുന്ന ദൃശ്യങ്ങൾക്കും നാം സാക്ഷിയായി. നെഞ്ചിൽ പോലീസിന്റെ വെടിയേറ്റ് നിലത്ത് പിടഞ്ഞുവീണ മനുഷ്യനെ പൊതിരെ തല്ലുന്ന പോലീസുകാർ. ശേഷം ആ മൃതദേഹത്തിൽ ഉറഞ്ഞുതുള്ളി തൊഴിക്കുകയും അടിക്കുകയും ചാടി മറിയുകയും ചെയ്യുന്ന സർക്കാർ വക ഫോട്ടോഗ്രാഫർ! ബംഗാളി സംസാരിക്കുന്നവരോടുള്ള ശത്രുതയുടെ പൊതു ചിത്രമാണ് ആ ഫോട്ടോഗ്രാഫറുടേതും പോലീസിന്റെതും. തങ്ങളുടെ ഭൂമിയും വീടും ഒഴിപ്പിക്കാനെത്തിയ പോലീസുകാരുടെ നേർക്ക് വടിയുമായി പാഞ്ഞടുത്തതു കൊണ്ടാണ് വെടിവെച്ചതെന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാൽ, പ്രതിഷേധിക്കുന്ന ജനങ്ങളുടെ കൂട്ടത്തിൽ നിന്ന് ഒറ്റക്ക് വടിയുമായി ഓടിയെത്തിയ ആളുടെ നെഞ്ചിൻകൂട് തകർത്ത് കൊല്ലാൻ പോലീസുകാർക്ക് ആരാണ് അധികാരം നൽകിയത്? കലാപ വേളയിൽ പോലും കാൽമുട്ടിന് താഴെ വെടിവെക്കാൻ മാത്രം അനുമതിയുള്ള ഒരു രാജ്യത്താണ് ഒറ്റക്ക് പാഞ്ഞടുത്ത മുഈനുൽ ഹഖിന്റെ നെഞ്ചിലേക്ക് പോലീസ് നിറയൊഴിച്ചതും ജീവൻ നഷ്ടപ്പെട്ടതും. ഒരാൾ മാത്രമല്ല, 12 വയസ്സുകാരനും പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു. പോസ്റ്റ് ഓഫീസിൽ നിന്ന് ആധാർ കാർഡ് വാങ്ങി വീട്ടിലേക്ക് വരികയായിരുന്ന ശൈഖ് ഫരീദ് എന്ന കുട്ടിയാണ് പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട രണ്ടാമൻ. ആകെയുള്ള തുണ്ട് ഭൂമി നഷ്ടപ്പെടുന്നതിനെതിരെ വടിയുമേന്തി ഗ്രാമീണർ പ്രതിഷേധിക്കുന്നത് നോക്കിനിൽക്കുകയായിരുന്നു ഈ കുട്ടി. അപ്പോഴാണ് പോലീസ് വെടിവെപ്പുണ്ടാകുന്നതും നെഞ്ചിൽ വെടിയേറ്റ് മരിക്കുന്നതും.
സംസ്ഥാനത്തിന്റെ കാർഷിക പദ്ധതിക്ക് വേണ്ടി 4,500 ബിഗാ ഭൂമി ബംഗാളികളിൽ നിന്ന് ഏറ്റെടുക്കുകയെന്ന ക്വട്ടേഷനാണ് ഹിമന്ത ബിശ്വ ശർമ സർക്കാർ പോലീസിന് നൽകിയത്. അതിന് പൂർണ സ്വാതന്ത്ര്യം പോലീസിന് നൽകിയിരിക്കണം. അല്ലെങ്കിൽ പോലീസിന്റെ മനോവീര്യം നഷ്ടപ്പെട്ടാലോ? അല്ലെങ്കിൽ, ബംഗാളി കുടിയേറ്റക്കാരെ മനുഷ്യരായി കാണേണ്ടതില്ല എന്ന സ്വയംപ്രഖ്യാപിത വംശശുദ്ധിയുടെ വടക്കുകിഴക്കൻ ബോധം കാരണമായിരിക്കണം. സ്വന്തം വീടും ഭൂമിയും ഒഴിപ്പിക്കുമ്പോൾ എല്ലായിടത്തും സ്വാഭാവികമായും പ്രതിഷേധമുണ്ടാകും. അസമിൽ മാത്രമല്ല രാജ്യത്ത് എല്ലായിടത്തും ഇതാണ് സ്ഥിതി. സാധാരണ ജനങ്ങളുടെ വികാരം മനസ്സിലാക്കാതെ ചില മേലാളന്മാരുമായി ഉടമ്പടിയുണ്ടാക്കി സർവസന്നാഹങ്ങളുമായി ഒഴിപ്പിക്കലിന് എത്തുമ്പോൾ സ്വാഭാവികമായും ആളുകൾ പ്രതിഷേധം നടത്തും. അതിനെ പോലീസ് ശക്തി ഉപയോഗിച്ച് നേരിടുകയല്ല വേണ്ടത്. ജനങ്ങൾക്ക് മതിയായ നഷ്ടപരിഹാരം നൽകിയും പുനരവധിവസിപ്പിച്ചും ജനകീയ പങ്കാളിത്തത്തിലൂടെ വികസനം സാധ്യമാക്കുകയാണ് വേണ്ടത്. എന്നാൽ, അസമിൽ കൈയേറ്റക്കാരാണെന്ന് ആരോപിച്ച് ഭൂമി പിടിച്ചെടുക്കുന്ന രീതിയാണ് വർഷങ്ങളായി കാണുന്നത്.
കൃഷി ചെയ്ത് ഉപജീവനം നടത്തുന്ന ബംഗാളി ഭാഷ സംസാരിക്കുന്ന അസമിലെ ഈ വിഭാഗത്തെ പുറന്തള്ളാൻ പതിറ്റാണ്ടുകളായി ഭൂമിയുടെ രാഷ്ട്രീയം ഉപയോഗിക്കുന്നവരാണ് മുഖ്യധാരാ രാഷ്ട്രീയക്കാരെല്ലാം. അതിലേക്ക് മതത്തിന്റെയും ഭാഷയുടെയും വെറുപ്പ് കൂടി ബി ജെ പി ചേർക്കുന്നുവെന്ന് മാത്രം. വംശീയമായി പതിറ്റാണ്ടുകളായി വിഘടിപ്പിക്കപ്പെട്ടവരാണ് അസമികൾ. പ്രാദേശിക രാഷ്ട്രീയ സംഘടനകൾ ആ മുതലെടുപ്പിലാണ് നിലനിൽക്കുന്നത് തന്നെ. അസമിൽ മാത്രമല്ല, മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഈ വംശശുദ്ധി രാഷ്ട്രീയം കാണാം. ലോകം നടുങ്ങിയ പുതിയ സംഭവത്തിൽ ബിശ്വ ശർമയുടെ പ്രതികരണം ശ്രദ്ധിക്കുക. ഒന്നാമത്, സംസ്ഥാന സർക്കാറിന്റെ പ്രതിച്ഛായ മികച്ചതാണെന്നും ഒരു വീഡിയോ ഉയർത്തിക്കാട്ടി അതിനെ കരിവാരിത്തേക്കാൻ ആകില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. തിരഞ്ഞെടുപ്പിൽ വിജയിച്ച കക്ഷി നേതൃത്വം നൽകുന്ന സർക്കാറിന് എന്തും ചെയ്യാമെന്നാണോ ഇദ്ദേഹം കരുതിയത്? സംഭവമുണ്ടായ പ്രദേശം കൊലപാതകങ്ങൾക്ക് പേരുകേട്ടതാണെന്ന് പറയുമ്പോൾ, ആ മേഖലയിലുള്ളവർ പ്രശ്‌നക്കാരാണെന്ന വാദം കൗശലപൂർവം നിരത്തുകയാണ്. പ്രശ്‌നക്കാരായതിനാൽ പോലീസ് വെടിവെപ്പിനും മറ്റ് നടപടികൾക്കും വിധേയരാകേണ്ടവരാണവർ എന്ന ധ്വനിയും കൂടിയുണ്ട്. അഥവാ, പ്രശ്‌നക്കാരെ പോലീസ് ശക്തി ഉപയോഗിച്ച് നേരിടുമെന്ന ധാർഷ്ട്യത്തിന്റെ ഭാഷ. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരകാലത്ത്, പ്രതിഷേധക്കാരെ വേഷം കണ്ട് തിരിച്ചറിയാം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതിന്റെ മറ്റൊരു രൂപം. മൂന്നാമത്തെ വാചകമാണ് അതിഗുരുതരം. പ്രശ്‌നക്കാരല്ലെങ്കിൽ ക്ഷേത്ര ഭൂമി കൈയേറുമോ? പോലീസ് ക്രൂരത ന്യായീകരിക്കാൻ മതത്തിന്റെ നിറം ചാർത്തുകയാണ് ഒരു ഭരണാധികാരി. ക്ഷേത്ര ഭൂമി കൈയേറിയവരെ ഒഴിപ്പിക്കുകയാണ് പോലീസ് ചെയ്തതെന്ന് പറയാൻ ശ്രമിക്കുന്നു. അതായത്, വീഡിയോ കണ്ട് അനുകമ്പയും അനുതാപവും പ്രകടിപ്പിച്ച ഭൂരിപക്ഷ മതത്തിലെ അംഗങ്ങളെ കൂടി സംസ്ഥാന സർക്കാറിന് അനുകൂലമാക്കാനുള്ള കൗശലം. അതായത്, ബംഗാളി ഭാഷക്കാർ ഇരകളായി തന്നെ കാലം കഴിക്കണമെന്ന നിലപാട്.
കൊട്ടിഘോഷിച്ച് കൊണ്ടുവന്ന എൻ ആർ സി ബൂമറാംഗ് ആയതിന് ഭൂമിയൊഴിപ്പിക്കലിലൂടെ പരിഹാരക്രിയ ചെയ്യുകയാണ് ബി ജെ പിയെന്ന് കരുതേണ്ടിയിരിക്കുന്നു. എൻ ആർ സി പട്ടികയിലൂടെ ലക്ഷ്യമിട്ടത് നേടാനാകാത്തത് പ്രത്യക്ഷമായി തന്നെ ഭൂമി പിടിച്ചെടുത്ത് പരിഹരിക്കുകയാണ് എന്ന് കരുതേണ്ടി വരും. കാരണം 2019 ആഗസ്റ്റ് 31ന് പ്രസിദ്ധീകരിച്ച എൻ ആർ സി അന്തിമ പട്ടികയിൽ 3.3 കോടി ജനങ്ങളിൽ 19 ലക്ഷം മാത്രമാണല്ലോ ഇടം പിടിക്കാതെ പോയത്. 3.1 കോടിയും ഇടം പിടിച്ചു. ഇടം പിടിക്കാത്തവരിൽ അഥവാ, ഇന്ത്യൻ പൗരൻമാർ അല്ലാത്തവരിൽ ബംഗാളി ഹിന്ദുക്കളുടെയും ബംഗാളി മുസ്‌ലിംകളുടെയും മറ്റ് ഹിന്ദുക്കളുടെയും കണക്കുകൾ ഏകദേശം തുല്യമായിരുന്നുതാനും. അതോടെ, ആ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥനെ രായ്ക്കുരാമാനം സ്ഥലം മാറ്റിയതും എൻ ആർ സി പട്ടിക ഉടച്ചുവാർക്കുമെന്ന് പ്രഖ്യാപിച്ചതും തട്ടിൻപുറത്തായതുമെല്ലാം സമീപകാല ചരിത്രം. അതായത്, എന്ത് ലക്ഷ്യത്തിനാണോ എൻ ആർ സി കൊണ്ടുവന്നത് അതിന്റെ ഫലം നേടാൻ അന്തിമ പട്ടിക പുറത്തുവന്നപ്പോൾ സാധിച്ചില്ല. ഈയൊരു പശ്ചാത്തലത്തിൽ കൂടിയാണ് ഭൂമി വെട്ടിപ്പിടിത്തവും മരിച്ചിട്ടും കലിയടങ്ങാതെ ബിജയ് ശങ്കർ ബനിയ എന്ന ഫോട്ടോഗ്രാഫർ മൃതദേഹത്തിൽ കയറി ആനന്ദനൃത്തം ചവുട്ടിയതുമെല്ലാം മനസ്സിലാക്കേണ്ടത്.
പലപ്പോഴും ബംഗാളി ന്യൂനപക്ഷ വംശഹത്യക്ക് സാക്ഷിയാകേണ്ടി വന്നിട്ടുണ്ട് അസമിന്. 1983ലെ നെല്ലി കൂട്ടക്കൊല, സ്വാതന്ത്ര്യാനന്തരം രാജ്യം കണ്ട വലിയ കൂട്ടക്കൊലയായിരുന്നു. വെറും ആറ് മണിക്കൂർ കൊണ്ട് 1,800 ബംഗാളി ന്യൂനപക്ഷങ്ങളെയാണ് അന്ന് കൊന്നുതള്ളിയത്. ബി ജെ പിയിലെ സൗമ്യൻ എന്ന് പിൽക്കാലത്ത് പ്രചരിക്കപ്പെട്ട അടൽ ബിഹാരി വാജ്പയ് നെല്ലിയിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് അധികം വൈകാതെയായിരുന്നു ഈ കൂട്ടക്കൊല. സമാന പ്രകോപന, വിദ്വേഷ പ്രസ്താവനകൾ പിൽക്കാലത്തും ധാരാളമുണ്ടായി. ഡൽഹിയിൽ നിന്ന് കുന്ന് കയറി അസമിൽ വന്ന ഇന്ന് അതിപ്രധാന സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ബംഗാളി ന്യൂനപക്ഷങ്ങൾക്കെതിരെ ഇത്തരം വിദ്വേഷ പ്രസ്താവനകൾ നടത്തിയിരുന്നു. ബി ജെ പി ഭരണത്തിലില്ലാത്തപ്പോൾ കൃത്യമായ ഇടവേളകളിൽ കൂട്ടക്കൊലകളുമുണ്ടായി. യു പി പോലുള്ള രാജ്യത്തെ മറ്റിടങ്ങളിലും ഇത് തന്നെയാണല്ലോ സ്ഥിതി. അധികാരമുള്ള ബി ജെ പിയും അധികാരമില്ലാത്ത ബി ജെ പിയുമാണ് സമാധാനാന്തരീക്ഷത്തെ പലപ്പോഴും നിർണയിക്കുക.
ആകയാൽ, അസമിൽ ബംഗാളി ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള വേട്ടകൾ തകൃതിയായി തുടരും. വംശ മഹിമയടക്കമുള്ള മേൽക്കോയ്മകളിൽ അടയിരിക്കുന്ന ഭരണാധികാരികളുടെ കീഴിൽ അതല്ലാതെ പ്രതീക്ഷിക്കാവതല്ലല്ലോ. എൻ ആർ സിയിലൂടെ നേടാൻ സാധിക്കാത്തത് ഭൂമിയും വീടും പിടിച്ചെടുത്ത് നിരായുധരാക്കുന്ന രീതി തന്നെയാകും ഹിമന്ത ബിശ്വ ശർമ സർക്കാർ അവലംബിക്കുക.
ബംഗാളി ന്യൂനപക്ഷങ്ങളിൽ ഹിന്ദു വിശ്വാസികളുണ്ടെങ്കിലും കൂടുതൽ മുസ്‌ലിംകളായതിനാൽ പീഡനങ്ങളുടെ ഫലം അനുഭവിക്കേണ്ടി വരിക അവരാകും. മാത്രമല്ല, വംശമഹിമയിൽ ഊറ്റംകൊള്ളുന്ന “തനത്’ അസമികളിൽ മുസ്‌ലിംകൾ ഉണ്ടെന്നതും മറക്കാവതല്ല. ഇവരുമായി കരാറുണ്ടാക്കിയാണ് ഹിമന്ത ബിശ്വ ശർമ ബംഗാളികളുടെ ഭൂമി വെട്ടിപ്പിടിക്കാൻ കച്ചകെട്ടിയിറങ്ങിയതും.