Kerala
നെടുവത്തൂര്‍ കിണര്‍ ദുരന്തം; മരിച്ച അര്‍ച്ചനയുടെ മൂന്ന് മക്കളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും
ഇതിനായി ജില്ലാ ശിശുക്ഷേമ സമിതിയെ ചുമതലപ്പെടുത്തി.

കൊല്ലം| കൊല്ലം നെടുവത്തൂരില്‍ കിണര്‍ അപകടത്തില്‍ മരിച്ച അര്‍ച്ചനയുടെ മക്കളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും. ഇതിനായി ജില്ലാ ശിശുക്ഷേമ സമിതിയെ ചുമതലപ്പെടുത്തി. 9, 6, 4 ക്ലാസുകളിലായി പഠിക്കുന്ന മൂന്ന് കുട്ടികളുടെ വിദ്യാഭ്യാസമടക്കം സംരക്ഷണമാണ് സര്‍ക്കാര്‍ ഏറ്റെടുക്കുക. കഴിഞ്ഞ ദിവസം രാത്രി കിണറില്‍ ചാടിയ അര്‍ച്ചനയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കൈവരി ഇടിഞ്ഞ് അപകടമുണ്ടായത്.
അപകടത്തില്‍ കൊട്ടാരക്കര ഫയര്‍ ആന്റ് റസ്‌ക്യൂ യൂണിറ്റ് അംഗമായ ആറ്റിങ്ങല്‍ സ്വദേശി സോണി എസ്. കുമാര്‍ (36), നെടുവത്തൂര്‍ സ്വദേശിനി അര്‍ച്ചന (33), ആണ്‍സുഹൃത്ത് ശിവകൃഷ്ണന്‍ (22) എന്നിവരാണ് മരിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനിടെ കിണറിന്റെ കൈവരി ഇടിഞ്ഞ് വീണാണ് അപകടമുണ്ടായത്.
കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം. യുവതി കിണറ്റില്‍ ചാടിയെന്ന വിവരം കിട്ടിയതിനെ തുടര്‍ന്നാണ് ഫയര്‍ഫോഴ്‌സ് സ്ഥലത്ത് എത്തിയത്. 80 അടിയോളം താഴ്ചയുള്ള കിണറില്‍ ഈ സമയത്ത് യുവതി കിടക്കുകയായിരുന്നു. അര്‍ച്ചനയെ രക്ഷിക്കാന്‍ സോണി കിണറിലേക്കിറങ്ങുകയായിരുന്നു. ഇതിനിടെയാണ് കിണറിന്റെ കൈവരി തകര്‍ന്ന് താഴേക്ക് പതിച്ചത്. സോണിയുടെയും അര്‍ച്ചനയുടെയും ശരീരത്തിലേക്ക് കല്ലുള്‍പ്പെടെ പതിക്കുകയായിരുന്നു. കിണറിന്റെ കൈവരിക്ക് സമീപം നില്‍ക്കുകയായിരുന്ന ശിവകൃഷ്ണനും കിണറിലേക്ക് വീഴുകയായിരുന്നു.
കിണറിന്റെ കൈവരിക്ക് സമീപം നില്‍ക്കുകയായിരുന്ന ശിവകൃഷ്ണനും കിണറിലേക്ക് വീഴുകയായിരുന്നു. മൂന്ന് കുട്ടികളുടെ മാതാവാണ് അര്‍ച്ചന.