Kerala
കോഡൂർ സ്വദേശി പി പി മുജീബുറഹ്മാന് എം ജി പട്ടേൽ അധ്യാപക പുരസ്കാരം
നവംബർ 8ന് മഹാരാഷ്ട്രയിലെ കോലാപൂർ ജില്ലയിലെ ജെയിസിംഗ്പൂരിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.

മലപ്പുറം | രാജ്യത്തെ ഏറ്റവും മികച്ച ഉർദു അധ്യാപകർക്ക് നൽകി വരുന്ന എം ജി പട്ടേൽ അധ്യാപക അവാർഡ്’ 2025 (യു പി വിഭാഗം) മാറാക്കര എ യു പി സ്കൂളിലെ ഉർദു അധ്യാപകൻ പി പി മുജീബ് റഹ്‌മാന് ലഭിച്ചു. അധ്യാപന രംഗത്തെ മികവുകൾ കൂടാതെ സാമൂഹിക- സാംസ്കാരിക രംഗങ്ങളിലെ മികച്ച സേവനങ്ങൾ കൂടി പരിഗണിച്ചാണ് പുരസ്കാരം. 1995 ലെ ദേശീയ അധ്യാപക അവാർഡ് ജേതാവ് മുഹമ്മദ് ശഫീഅ ഗൗസ് സാഹിബ് പട്ടേലിനോടുള്ള ആദര സൂചകമായിട്ടാണ് ശാൻദാർ സ്പോർട്സ് ആൻ്റ് എജ്യുക്കേഷൻ അസോസിയേഷൻ അവാർഡ് നൽകി വരുന്നത്.
നിലവിൽ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി സ്റ്റേറ്റ് അസിസ്റ്റൻ്റ് ട്രെയിനിംഗ് ഓർഗനൈസർ, ഫാക്കൽറ്റി അംഗം, എസ് വൈ എസ് സംസ്ഥാന സാന്ത്വനം ഡയറക്ടർ, സ്റ്റേറ്റ് ഉർദു ഭാഷ റിസോഴ്സ് ഗ്രൂപ്പ് അംഗം, കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ ട്രഷറർ, ഗാന്ധി ദർശൻ ജില്ല ജോയിൻ്റ് കൺവീനർ, ജെ സി ഐ സോൺ ട്രെയിനർ, ട്രോമാകെയർ വളണ്ടിയർ, ദേശീയ ഹരിത സേന, ജൂനിയർ റെഡ് ക്രോസ് എന്നിവയുടെ കോഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നുണ്ട്.
എസ് എസ് എഫ് സംസ്ഥാന കാമ്പസ് കൺവീനർ, ജില്ല ട്രഷറർ, എസ് വൈ എസ് ജില്ല സെക്രട്ടറി, കേരള മദ്യനിരോധന സമിതി, ലഹരി നിർമ്മാർജന സമിതി എന്നിവയുടെ ജില്ല ജോയിൻ്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഉർദു ഭാഷയുടെ പ്രചാരണത്തിനും വളർച്ചക്കും വേണ്ടി ഒട്ടേറെ സേവനങ്ങൾ ചെയ്യുന്ന അദ്ധേഹം വിവിധ സ്ഥലങ്ങളിൽ സൗജന്യമായി ഉർദു ക്ലാസും എടുത്ത് വരുന്നുണ്ട്.
വടക്കേമണ്ണയിലെ പരേതനായ പത്തായപ്പുരക്കൽ അബൂബക്കർ ഹാജിയുടെയും ആയിഷയുടെയും മകനാണ് കോഡൂർ ഒറ്റത്തറ സ്വദേശി മുജീബ് റഹ്‌മാൻ. കോട്ടുമല പാക്കട ഉനൈസയാണ് ഭാര്യ.
നവംബർ 8ന് മഹാരാഷ്ട്രയിലെ കോലാപൂർ ജില്ലയിലെ ജെയിസിംഗ്പൂരിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.