International
സ്ത്രീകളെയും കുട്ടികളെയും കൊന്നൊടുക്കിയിട്ട് എങ്ങനെ സമാധാനം ആവശ്യപ്പെടാൻ കഴിയുന്നു? യുഎസിനോട് ഇറാൻ
ഡോണൾഡ് ട്രംപിന്റെ സമാധാന കരാറിനായുള്ള ആഹ്വാനം വാഷിംഗ്ടൺ സ്വീകരിച്ച നടപടികളുമായി പൊരുത്തപ്പെടുന്നില്ലെന്ന് ഇറാൻ

ടെഹ്‍റാൻ | യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമാധാന കരാറിനായുള്ള ആഹ്വാനം വാഷിംഗ്ടൺ സ്വീകരിച്ച നടപടികളുമായി പൊരുത്തപ്പെടുന്നില്ലെന്ന് ഇറാൻ. സമാധാനത്തിനും സംഭാഷണത്തിനുമുള്ള യുഎസിന്റെ ആഗ്രഹം ഇറാനിയൻ ജനതയോടുള്ള യുഎസിന്റെ ശത്രുതാപരമായതും കുറ്റകരവുമായ പെരുമാറ്റവുമായി യോജിക്കുന്നില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
“രാഷ്ട്രീയ ചർച്ചകൾക്കിടയിൽ ഒരു രാജ്യത്തിന്റെ താമസസ്ഥലങ്ങളിലും ആണവ കേന്ദ്രങ്ങളിലും ഒരാൾക്കെങ്ങനെ ആക്രമണം നടത്താൻ കഴിയും? നിരപരാധികളായ സ്ത്രീകളും കുട്ടികളുമടക്കം 1,000-ത്തിലധികം ആളുകളെ കൊല്ലാൻ കഴിയും? എന്നിട്ട് സമാധാനവും സൗഹൃദവും ആവശ്യപ്പെടാൻ കഴിയും?” – വിദേശകാര്യ മന്ത്രാലയം ചോദിച്ചു. കഴിഞ്ഞ ജൂണിൽ ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ യുഎസ് നടത്തിയ ആക്രമണങ്ങളെ പരാമർശിച്ചാണ് ഇറാന്റെ പ്രതികരണം.
ഇസ്റാഈൽ പാർലിമെന്റിൽ തിങ്കളാഴ്ചത്തെ നടത്തിയ പ്രസംഗത്തിലാണ് ട്രംപ് ഇറാനുമായി സമാധാന ഉടമ്പടി വേണമെന്ന് ആവശ്യപ്പെട്ടത്. ഏതൊരു കരാറിനും വേണ്ട പന്ത് ടെഹ്റാന്റെ കോർട്ടിലാണെന്നും ട്രംപ് പറഞ്ഞിരുന്നു.
ജൂണിൽ ഇറാന് നേരെ യുഎസ് നടത്തിയ 12 ദിവസം നീണ്ട ആക്രമണത്തിൽ നിരവധി ആണവ കേന്ദ്രങ്ങളും ആക്രമിക്കപ്പെട്ടിരുന്നു.