Kerala
കോണ്‍ഗ്രസിനുള്ളില്‍ ഗ്രൂപ്പില്ല, എങ്ങനെയെങ്കിലും അധികാരത്തില്‍ തിരിച്ചെത്താന്‍ ശ്രമിക്കുമ്പോഴാണോ ഗ്രൂപ്പ്; കെ മുരളീധരന്‍
ഓരോ നേതാക്കള്‍ക്കും ഓരോ അഭിപ്രായമുണ്ടാകും. അങ്ങനെ എല്ലാ അഭിപ്രായങ്ങളും സമന്വയിപ്പിച്ചാണ് ഒ ജെ ജനീഷിനെ ഹൈക്കമാന്‍ഡ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാക്കിയത്.

കോഴിക്കോട്| യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ പ്രതികരിച്ച് കെ മുരളീധരന്‍. കോണ്‍ഗ്രസിനുള്ളില്‍ ഗ്രൂപ്പില്ല. കഴിഞ്ഞ 10 വര്‍ഷമായി പ്രതിപക്ഷത്തിരിക്കുന്ന പാര്‍ട്ടി എങ്ങനെയെങ്കിലും അധികാരത്തില്‍ തിരിച്ചെത്താന്‍ ശ്രമിക്കുമ്പോഴാണോ ഗ്രൂപ്പുണ്ടാക്കാന്‍ പോകുന്നതെന്നും മുരളീധരന്‍ ചോദിച്ചു. ഓരോ നേതാക്കള്‍ക്കും ഓരോ അഭിപ്രായമുണ്ടാകും. അങ്ങനെ എല്ലാ അഭിപ്രായങ്ങളും സമന്വയിപ്പിച്ചാണ് ഒ ജെ ജനീഷിനെ ഹൈക്കമാന്‍ഡ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാക്കിയത്. എല്ലാ നേതാക്കന്മാരോടും ആലോചിച്ചാണ് തീരുമാനമെടുത്തത്. അതുകൊണ്ട് വിവാദം ഉണ്ടാക്കേണ്ട കാര്യമില്ല. പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്ത ജനീഷ് ആയാലും അബിന്‍ വര്‍ക്കി ആയാലും എല്ലാവരും യോഗ്യരായ ആളുകളാണെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ മകന് ഇ ഡി സമന്‍സ് അയച്ച സംഭവത്തിലും കെ മുരളീധരന്‍ പ്രതികരിച്ചു. രാജ്യത്ത് പ്രതിപക്ഷ മുഖ്യമന്ത്രിമാരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുന്ന കേന്ദ്രസര്‍ക്കാര്‍ പിണറായി വിജയനോട് മറ്റൊരു സമീപനം കൈക്കൊള്ളുകയാണെന്ന് കെ മുരളീധരന്‍ പറഞ്ഞു. ഇ ഡി നോട്ടീസിന് എന്തുപറ്റി? ഇ ഡിയെന്ന ചട്ടുകം വച്ച് കേന്ദ്രസര്‍ക്കാര്‍ മുഖ്യമന്ത്രിയെ സ്വാധീനിക്കാന്‍ ശ്രമിച്ചു. ആ സ്വാധീനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീണു. അതുകൊണ്ടാണ് ബിജെപിയെക്കാളും തീവ്രമായി പിണറായി വിജയന്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.