cover story
ആ നഗരത്തിന് പറയാനുണ്ടേറെ
വിവിധ കാലങ്ങളിൽ ഗസ്സ ഭരിച്ചവർ ഈജിപ്ഷ്യൻ, ബാബിലോണിയൻ, അസീറിയൻ, ഗ്രീക്ക്, ഇറാനിയൻ, റോമൻ സാമ്രാജ്യങ്ങളാണ്. ഫലസ്തീൻ ചരിത്രകാരൻ ആരിഫ് അൽ-ആരിഫ് ഗസ്സയുടെ ചരിത്രത്തെ വിശേഷിപ്പിക്കുന്നത് "മഹത്തായത്' എന്നാണ്. അതിനുള്ള കാരണവും അദ്ദേഹം വിശദീകരിക്കുന്നു, എല്ലാതരം ദുരന്തങ്ങളും അക്രമങ്ങളും നേരിട്ട ചരിത്രമാണ് ഗസ്സയുടെതെങ്കിലും അക്രമികളെ പരാജയപ്പെടുത്തിയതിന്റെയും അക്രമികൾ പിൻതിരിഞ്ഞോടിയ ചരിത്രവും ഗസ്സക്ക് പറയാനുണ്ട്.

“ഇത് നൂറ്റാണ്ടിന്റെയോ യുഗത്തിന്റെയോ കഥ പറയുന്ന നഗരമല്ല, മറിച്ച് എല്ലാ തലമുറകളുടെയും തുടക്കം ഇവിടെ നിന്നാണ്. ചരിത്രം രേഖപ്പെടുത്തി തുടങ്ങിയ ദിവസം മുതൽ ഈ നഗരം നിലവിലുണ്ട്. “ഫലസ്തീൻ ചരിത്രകാരൻ ആരിഫ് അൽ ആരിഫ് 1943 ൽ പ്രസിദ്ധീകരിച്ച തന്റെ പുസ്തകത്തിൽ ഗസ്സയെ കുറിച്ചെഴുതിയ വരികളാണിത്. ചരിത്രത്തിന്റെ ആദ്യ പാഠശാലയായ ഗസ്സ മരിക്കുകയാണ്. അല്ല സിയോണിസ്റ്റുകൾ ഗസ്സയെ ക്രൂരമായി കൊലപ്പെടുത്തുകയാണ്. പ്രവാചകൻ മുഹമ്മദ് നബി (സ)യുടെ പിതാമഹൻ ഹാശിം ബിൻ അബ്ദു മനാഫിന്റെ മരണത്തിന്റെ ഒാർമകൾ നിലനിൽക്കുന്ന ഈ നഗരം ഹാശിംസ് ഗസ്സ എന്ന പേരിൽ അറിയപ്പെട്ടിരുന്നു. ഇമാം അബു ഹനീഫ ജനിച്ച മണ്ണാണ്. ഇബ്്റാഹിം നബിയുടെയും നൂഹ് നബിയുടെയും ജീവിതസ്മരണകൾ തുടിച്ചു നിൽക്കുന്ന നഗരമാണ് ഗസ്സ.
അറബി, ഇംഗ്ലീഷ്, ഫ്രഞ്ച്, ടർക്കിഷ് എഴുത്തുകാർക്ക് ഗസ്സ അക്ഷയ ഖനിയായിരുന്നു. 1907ൽ പ്രസിദ്ധീകരിച്ച അമേരിക്കൻ ഓറിയന്റലിസ്റ്റ് റിച്ചാർഡ് ഗോട്ടിൽ ഗസ്സയെക്കുറിച്ചെഴുതിയ പുസ്തകത്തിൽ, ചരിത്രപഠനത്തിൽ താത്പര്യമുള്ളവർക്ക് ഗസ്സയിൽ നിന്നു പലതും പകർത്താനുണ്ടെന്ന് വിവരിക്കുന്നു.
ഗസ്സയെ വിവരിച്ചുകൊണ്ട് അൽ ഹമാവി എഴുതുന്നു, “ഈജിപ്തിന്റെ ദിശയിൽ ലെവന്റിന്റെ ഏറ്റവും അറ്റത്ത് സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് ഗസ്സ. ഈ നഗരം അഷ്കലോണിന് പടിഞ്ഞാറ് ഫലസ്തീൻ മേഖലയിലാണ്.’
ഗസ്സയുടെ പ്രാധാന്യം വിശദീകരിച്ചുകൊണ്ട് ഗോട്ടെയ്ൽ എഴുതി, “തെക്കൻ അറേബ്യയിൽ നിന്നും ഫാർ ഈസ്റ്റിൽ നിന്നും മെഡിറ്ററേനിയനിലേക്ക് ചരക്ക് കൊണ്ടുപോകുന്ന യാത്രാസംഘങ്ങളുടെ കൂടിച്ചേരൽ സ്ഥലമായിരുന്നു ഗസ്സ. ഈ നഗരങ്ങൾ സിറിയ, ഏഷ്യാമൈനർ (തുർക്കി), യൂറോപ്പ് എന്നിവിടങ്ങളിലേക്കും ചരക്ക് കയറ്റി അയച്ചിരുന്നു. “ഫലസ്തീനേയും ഈജിപ്തിനേയും ബന്ധിപ്പിക്കുന്ന ഗസ്സ തന്ത്രപ്രധാനമായ നഗരമായിരുന്നു. നാലാം നൂറ്റാണ്ടിൽ ഇന്നത്തെ ഇസ്്റാഈലിലെ സിസേറിയയിൽ ജനിച്ച ക്രിസ്ത്യൻ ദൈവശാസ്ത്രജ്ഞനായ യൂസിബിയസ് ഗസ്സയെ വിശേഷിപ്പിച്ചത് ലോകത്തിന്റെ അഭിമാനവും ശക്തിയും എന്നായിരുന്നു.
പ്രശസ്ത സ്കോട്ടിഷ് ചരിത്രകാരൻ സർ വില്യം സ്മിത്ത് 1863 ൽ പ്രസിദ്ധീകരിച്ച തന്റെ “പഴയനിയമം ‘ എന്ന പുസ്തകത്തിൽ ഗസ്സയെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. 1910ൽ പ്രസിദ്ധീകരിച്ച “ഡിക്്ഷനറി ഓഫ് ദ ന്യൂ ടെസ്‌റ്റ്മെന്റ്’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവായ സോഫ്‌റോണിയസ് പറഞ്ഞത് ഗസ്സ എന്നത് പേർഷ്യൻ പദം എന്നാണ്. അർഥം രാജകീയ ഖജനാവ് . ഇറാൻ ഭരിച്ചിരുന്ന ഒരു രാജാവ് റോമൻ കാലഘട്ടത്തിൽ തന്റെ സമ്പത്ത് ഗസ്സയിൽ ഒളിപ്പിച്ചതായി പറയപ്പെടുന്നു. എന്നാൽ ഈ വാക്കിന്റെ ഉത്ഭവം ഗ്രീക്ക് ഭാഷയിൽ നിന്നാണെന്ന് പലരും വിശ്വസിക്കുന്നു. ഗ്രീക്കിൽ ഇതിനർഥം സമ്പത്ത് അല്ലെങ്കിൽ നിധി എന്നാണ്. പേർഷ്യൻ, ഗ്രീക്ക് ഭാഷകളിൽ ഗസ്സക്കു ദ്രവ്യം എന്നും അർഥമുണ്ട്.
ഇംഗ്ലീഷ് പുരാവസ്തു ഗവേഷകനായ സർ ഫ്ലിൻഡേഴ്‌സ് പെട്രി പറയുന്നത് ക്രിസ്തുവിന് മൂവായിരം വർഷങ്ങൾക്ക് മുമ്പ് “ഹിൽ അൽ-അജ്വൽ’ എന്ന കുന്നിൻ മുകളിലാണ് പുരാതന ഗസ്സ സ്ഥാപിച്ചതെന്നാണ് . ബി സി 1638 —1530 കാലഘട്ടത്തിൽ ഈജിപ്ത് ഭരിച്ച ഹൈക് സോസ് രാജാവിന്റെ കാലത്ത് നടന്ന അക്രമത്തിൽ നഗരം വിട്ടുപോയ നിവാസികൾ മൂന്ന് മൈൽ അകലെ സ്ഥിരതാമസമാക്കി പുതിയ നഗരം സ്ഥാപിച്ചതായും ആ നഗരമാണ് ഇന്നത്തെ ഗസ്സ എന്നും അദ്ദേഹം വിവരിക്കുന്നു. എന്നാൽ ഈ വാദത്തെ തള്ളി പുരാതന ഗസ്സയെ തകർത്തതും ഇന്നത്തെ സ്ഥലത്ത് ഗസ്സ പുനർ നിർമിച്ചതും അലക്സാണ്ടർ ചക്രവർത്തിയാണെന്നും അഭിപ്രായമുള്ളവരുണ്ട്.
അറേബ്യയിലെ ആദിമ നിവാസികളായ മെനിറ്റീസ് ഗോത്രവർഗക്കാരാണ് ഗസ്സയിലെ ആദ്യ താമസക്കാരെന്ന് അൽ ആരിഫ് തന്റെ പുസ്തകത്തിൽ പറയുന്നു. തെക്കൻ ജോർദാനിലെ ബദൂയിൻ ഗോത്രക്കാരായ ഇബ്്റാഹിം നബിയുടെ പിൻഗാമികളായ ഡയാനൈറ്റുകളും എദോമികളും ഗസ്സയിൽ സ്ഥിരതാമസമാക്കിയതായും വിശ്വസിക്കപ്പെടുന്നു. നൂഹ് നബിയുടെ പുത്രനായ ഹാമിന്റെ പിൻഗാമികളായ കനാന്യ വിഭാഗക്കാരും ഇവിടെ താമസിച്ചിരുന്നു. 14ാം നൂറ്റാണ്ടിൽ ടുണീഷ്യയിൽ ജനിച്ച ചരിത്രകാരൻ ഇബ്‌നു ഖൽദൂമിന്റെ അഭിപ്രായത്തിൽ കനാന്യർ അമലേകിയ ഗോത്ര പരമ്പര യിൽ പെട്ട അറബികളാണ്.
ഈജിപ്തിലെ ഹൈക്‌സോസ് രാജവംശത്തിന്റെ അധീനതയിലുള്ള കനാന്യ നഗരത്തിന്റെ അവശിഷ്ടവും ഗസ്സ മുനമ്പിലെ ടെൽ അൽ അസുലിന്റെ തെക്കേ അറ്റത്ത് മൃതശരീരങ്ങൾ മറവു ചെയ്തതിന്റെ അടയാളങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ ചിലത് ബി സി 4000 കാലത്തേതാണ്.
വിവിധ കാലങ്ങളിൽ ഗസ്സ ഭരിച്ചവർ ഈജിപ്ഷ്യൻ, ബാബിലോണിയൻ, അസീറിയൻ, ഗ്രീക്ക്, ഇറാനിയൻ, റോമൻ സാമ്രാജ്യങ്ങളാണ്. ഫലസ്തീൻ ചരിത്രകാരൻ ആരിഫ് അൽ ആരിഫ് ഗസ്സയുടെ ചരിത്രത്തെ വിശേഷിപ്പിക്കുന്നത് “മഹത്തായത്’ എന്നാണ്. അതിനുള്ള കാരണവും അദ്ദേഹം വിശദീകരിക്കുന്നു, എല്ലാതരം ദുരന്തങ്ങളും അക്രമങ്ങളും നേരിട്ട ചരിത്രമാണ് ഗസ്സയുടെതെങ്കിലും അക്രമികളെ പരാജയപ്പെടുത്തിയതിന്റെയും അക്രമികൾ പിൻതിരിഞ്ഞോടുകയും ചെയ്ത ചരിത്രവും ഗസ്സക്ക് പറയാനുണ്ട്.
ഗസ്സ ലോക ഭൂപടത്തിൽ സ്ഥാനം പിടിക്കുന്നത് ഈജിപ്തും ഇന്ത്യയും തമ്മിലുള്ള വ്യാപാരബന്ധത്തിലൂടെയാണ്. ചെങ്കടലിനെ അപേക്ഷിച്ച് ഗസ്സ അന്ന് മികച്ച വ്യാപാര പാതയായിരുന്നു. മനുഷ്യകുലം മുതലുള്ള പൈതൃകത്തിന്റെയും സംസ്കാരത്തിന്റെയും കഥ പറയുന്ന ഗസ്സ ഇന്നു മനുഷ്യത്വത്തിനായിലോകത്തിനു മുമ്പിൽ കൈനീട്ടുകയാണ്.
(ബി ബി സി കെയ്റോ ലേഖകൻ ഒമേമ അൽ ഷസ്്ലിയുടെ ലേഖനത്തിന്റെ സ്വതന്ത്ര വിവർത്തനം )
തുടക്കം ഈ കത്തിലൂടെ
ഫലസ്തീൻ ജനതക്ക് സ്വന്തം മണ്ണ് നഷ്ടപ്പെട്ടു തുടങ്ങിയത് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ആർതർ ജയിംസ് ബാൽഫോർ അവിടത്തെ ജൂത നേതാവും ധനാഢ്യനുമായ റോത്ത് ചൈൽസ് പ്രഭുവിനയച്ച കത്തിനെ തുടർന്നായിരുന്നു. ഒരു സമൂഹത്തെ മുഴുവനും അഭയാർഥികളാക്കി മാറ്റിയതിനു കാരണമായ ആ കത്ത് എഴുതിയതിന്റെ 107ാംവാർഷികദിനം കഴിഞ്ഞ രണ്ടാം തിയ്യതിയായിരുന്നു. ഇസ്്റാഈൽ എന്ന രാജ്യം സ്ഥാപിതമാകുന്നതിന് ആദ്യ കരുക്കൾ നീക്കിയത് ബ്രിട്ടനാണ്.
ഹിറ്റ്്ലർ തുടങ്ങിയ ക്രിസ്തീയ ഭരണാധികാരികളാൽ പീഡനങ്ങൾ ഏറ്റുവാങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അഭയം തേടിയ ജൂതർക്ക് ഒരു രാജ്യം വേണമെന്നും അതു ഫലസ്തീൻ ആയിരിക്കണമെന്നും തീരുമാനിക്കുന്നത് ബ്രിട്ടനാണ്. ഒാട്ടോമൻ ഭരണത്തിലായിരുന്ന ഫലസ്തീന്റെ ഭരണം ബ്രിട്ടൻ പിടിച്ചെടുക്കുകയായിരുന്നു. രണ്ടാം ലോകമഹായുദ്ധം നടക്കുന്ന കാലം ജൂതർക്ക് ഫലസ്തീൻ കൈമാറാനുള്ള തീരുമാനം ബ്രിട്ടീഷ് മന്ത്രിസഭ അംഗീകരിച്ചു. രണ്ടാം ലോക മഹായുദ്ധത്തിൽ അമേരിക്കയിലും മറ്റുമുള്ള ജൂതരെ ബ്രിട്ടീഷ് അനുകൂലികളാക്കി മാറ്റുക എന്ന ലക്ഷ്യവും കൂടി ആ തീരുമാനത്തിൽ ബ്രിട്ടനുണ്ടായിരുന്നു. ജൂത രാഷ്ട്രം സ്ഥാപിക്കാനുള്ള ബ്രിട്ടന്റെ തീരുമാനം 1917 നവം. രണ്ടിന് അന്നത്തെ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ആർതർ ജയിംസ് ബാൽഫോർ ബ്രിട്ടനിലെ ജൂത സമൂഹത്തിന്റെ നേതാവും പ്രമുഖ ബേങ്കിംഗ് ഉടമയുമായ റോത്ത് ചൈൽസിൻ പ്രഭുവിനെ കത്തിലൂടെ അറിയിച്ചു. ജൂതരാഷ്ട്രം സ്ഥാപിതമാകുന്നതിനാവശ്യമായ നടപടികൾ ഉടൻ ആരംഭിക്കണമെന്നും ഇക്കാര്യം സിയോണിസ്റ്റ് ഫെഡറേഷനെ അറിയിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഒരു സമൂഹത്തെ അടിച്ചോടിക്കുന്നതിന് അനുമതി നൽകിക്കൊണ്ടുള്ള ആ കത്തയച്ചത് 1917 നവംബർ രണ്ടിനാണ്. ഇതേതുടർന്ന് റോത്ത് ചൈൽസും കുടുംബവും സിയോണിസ്റ്റ് സംഘടനകളും ഫലസ്തീനിലെ ഭൂമി വ്യാപകമായി വില നൽകിയും അല്ലാതെയും വാങ്ങിക്കൂട്ടി. വിവിധ ഭാഗങ്ങളിൽ കഴിയുന്ന ജൂതരെ ഫലസ്തീനിലേക്ക് ക്ഷണിച്ചുവരുത്തി അവർക്കെല്ലാം വീടുകൾ നൽകി. ഫലസ്തീനികളെ ആട്ടിയോടിച്ചു ജൂതരെ കുടിയിരുത്തിക്കൊണ്ട് അന്ന് റോത്ത് ചൈൽസും കൂട്ടരും കാണിച്ച ക്രൂരത ഇസ്്റാഈൽ ആവർത്തിക്കുകയാണ്.