Connect with us

siraj editorial

കേരളത്തിലും ഭീകര നിയമമോ?

ഇടതുപക്ഷം കടുത്ത വിയോജിപ്പ് പ്രകടിപ്പിക്കുന്ന യു എ പി എ എന്ന കരിനിയമത്തിന്റെ മറ്റൊരു പതിപ്പാണ് പുതുതായി വരുന്ന നിയമം. എന്നിട്ടും സമാനമായ ഒരു നിയമം കേരളത്തിൽ നടപ്പാക്കുന്ന കാര്യം എങ്ങനെ സർക്കാറിന്റെ പരിഗണനക്ക് വന്നുവെന്നത് ദുരൂഹമാണ്

Published

|

Last Updated

സംസ്ഥാനത്ത് “മക്കോക്ക’ മോഡൽ നിയമ രൂപവത്കരണം സംബന്ധിച്ച അവ്യക്തതയും ദൂരൂഹതയും തുടരുകയാണ്. രാമനാട്ടുകര വാഹനാപകടത്തിന് സ്വർണക്കടത്തു സംഘവുമായുള്ള ബന്ധം പുറത്തുവന്നതിന് പിന്നാലെ അന്നത്തെ ഡി ജി പി ലോക്‌നാഥ് ബെഹ്‌റയാണ് ക്വട്ടേഷൻ, സ്വർണക്കടത്ത്, ഹവാല പോലുള്ള സംഘടിത കുറ്റകൃത്യങ്ങൾ പ്രതിരോധിക്കാൻ മഹാരാഷ്ട്രയിലെ “മക്കോക്ക’ക്ക് സമാനമായ നിയമം വേണമെന്ന ആവശ്യം ഉന്നയിച്ചത്. സർക്കാറിൽ നിന്ന് അനുകൂലമായ പ്രതികരണവും പുറത്തുവന്നു. രാഷ്ട്രീയ, സാമൂഹിക മേഖലകളിൽ ഇത് സജീവ ചർച്ചക്കും പ്രതിഷേധത്തിനും വഴിയൊരുക്കി. ബെഹ്‌റയുടെ നിർദേശത്തിനെതിരെ കോൺഗ്രസ്സും ഭരണകക്ഷിയായ സി പി എമ്മിലെ തന്നെ എം എ ബേബി, എളമരം കരീം തുടങ്ങി പ്രമുഖ നേതാക്കളും രംഗത്തുവന്നു. ഇതോടെ സർക്കാർ നിലപാട് മാറ്റുകയും മക്കോക്ക മോഡൽ നിയമം സർക്കാറിന്റെ പരിഗണനയിലില്ലെന്നു പ്രസ്താവന ഇറക്കുകയും ചെയ്തു.

“പുതിയ നിയമ നിർമാണത്തെക്കുറിച്ചു പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണ്. നിലവിൽ ഇതുമായി ബന്ധപ്പെട്ട ഒരു ഫയലും സർക്കാറിനു മുന്നിലില്ല. ഭരണഘടന അനുശാസിക്കുന്ന പൗരാവകാശങ്ങൾക്കുമേൽ ഒരു ഇടപെടലും ഇടതു സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും അത്തരത്തിലുള്ള നിർദേശം അംഗീകരിക്കില്ലെ’ന്നുമായിരുന്നു ഇതേക്കുറിച്ചു മുഖ്യമന്ത്രിയിൽ നിന്നുണ്ടായ വിശദീകരണം.

അതേസമയം മക്കോക്ക മോഡൽ നിയമ നിർമാണം സംബന്ധിച്ചു രൂപരേഖ തയ്യാറാക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നാലംഗ സമിതി രൂപവത്കരിച്ചതായി കഴിഞ്ഞ ദിവസം വിവിധ പത്രങ്ങളും ഒരു പ്രമുഖ ചാനലും റിപ്പോർട്ട് ചെയ്തിരിക്കുന്നു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി, നിയമ വകുപ്പ് സെകട്ടറി, മുൻ അഡീഷനൽ എ ജി അഡ്വ. കെ കെ രവീന്ദ്രനാഥ് എന്നിവരുൾപ്പെട്ടതാണ് സമിതി. നിർദേശങ്ങൾ പരിശോധിച്ച് നിയമത്തിന്റെ രൂപരേഖ തയ്യാറാക്കുകയാണത്രേ സമിതിയുടെ ചുമതല.

ഭീകര നിയമമെന്നു വിലയിരുത്തപ്പെട്ട മഹാരാഷ്ട്രയിലെ മക്കോക്ക നിയമത്തിന്റെ തനിപ്പകർപ്പാണ് സംസ്ഥാന സർക്കാറിന്റെ പരിഗണനയിലുള്ള പുതിയ നിയമമെന്നും ഫോൺ ചോർത്തൽ നിർദേശവും കൂടി ഇതിൽ അടങ്ങിയിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് ആഭ്യന്തര വകുപ്പിന്റെ വശമുള്ള ഫയൽ നമ്പർ (എം 2 / 149/2021 ) സഹിതമാണ് ചാനൽ വെളിപ്പെടുത്തിയത്. സംസ്ഥാനത്തിന്റെ താത്പര്യത്തിന് വിരുദ്ധമായ പ്രവർത്തനമാണെന്ന് കരുതുകയോ കേസ് അന്വേഷണത്തിന് അനിവാര്യമാണെന്നു തോന്നുകയോ ചെയ്താൽ എ ഡി ജി പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന് 48 മണിക്കൂർ ഫോൺ ചോർത്താമെന്നും ഒരു അതോറിറ്റിക്ക് 60 ദിവസത്തേക്ക് ഫോൺ ചോർത്തുകയും നിരീക്ഷിക്കുകയും ചെയ്യാമെന്നും “കേരള സംഘടിത കുറ്റകൃത്യം തടയൽ നിയമം നിർദേശങ്ങൾ’ എന്ന തലക്കെട്ടിൽ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തു കൊണ്ടിരിക്കുന്ന ഫയൽ വ്യവസ്ഥ ചെയ്യുന്നതായി ചാനൽ പറയുന്നു.

ഭീകരപ്രവർത്തനങ്ങളും സംഘടിത കുറ്റകൃത്യങ്ങളും തടയാനായി 1999 ൽ മഹാരാഷ്ട്ര സർക്കാർ പാസ്സാക്കിയതാണ് മക്കോക്ക (മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട്). ഉയർന്ന പോലീസ് ഉദ്യോഗസ്ഥനു മുമ്പാകെ നൽകുന്ന കുറ്റാരോപിതന്റെ മൊഴി കോടതിക്ക് തെളിവായി സ്വീകരിക്കാമെന്നതാണ് ഇതിലെ പ്രധാന വ്യവസ്ഥ. കൂട്ടുപ്രതികളെക്കുറിച്ചു നൽകുന്ന വിവരങ്ങളും തെളിവായി പരിഗണിക്കും. വിചാരണ കൂടാതെ തടവിൽ പാർപ്പിക്കാനും നിയമം അനുവാദം നൽകുന്നു. ആറ് മാസക്കാലം പ്രതിക്കു മുൻകൂർ ജാമ്യം ലഭിക്കുകയുമില്ല. 2013ൽ ഐ പി എൽ ഒത്തുകളിയിൽപ്പെട്ട താരങ്ങൾക്കെതിരെ മഹാരാഷ്ട്ര സർക്കാർ ഈ കുറ്റം ചുമത്തിയിരുന്നു. കേരളം ഇതിനു സമാനമായ ഒരു നിയമം ആവിഷ്‌കരിച്ചാൽ രാജ്യത്തിന്റെ സമ്പദ്ഘടനക്ക് ആഘാതമേൽപ്പിക്കുന്ന സ്വർണക്കടത്ത്, ഹവാല, ക്വട്ടേഷൻ സംഘങ്ങളെ ഫലപ്രദമായി അമർച്ച ചെയ്യാനാകുമെന്നാണ് ലോക്‌നാഥ് ബെഹ്‌റയുടെ പക്ഷം.

എന്നാൽ ദുരുപയോഗത്തിന് ഏറെ സാധ്യതയുള്ളതാണ് “മക്കോക്ക’യിലെ പല വ്യവസ്ഥകളും. രാജ്യത്ത് വിചാരണ കൂടാതെ വർഷങ്ങളായി ജയിലിൽ കഴിയുന്നവരുണ്ട്. ഇതിനു വഴിയൊരുക്കിയത് പോലീസിനു അമിതാധികാരം നൽകുന്ന യു എ പി എ പോലുള്ള നിയമങ്ങളാണ്. അന്വേഷണ ഉദ്യോഗസ്ഥൻ കുറ്റാരോപിതന്റെ മൊഴിയെന്ന പേരിൽ സമർപ്പിക്കുന്നതെല്ലാം അണ്ണാക്ക് തൊടാതെ കോടതി വിഴുങ്ങണമെന്ന മക്കോക്കയിലെ വ്യവസ്ഥയുടെ അനന്തര ഫലവും ഇതുപോലെ നിരപരാധികളായ തടവുകാരുടെ എണ്ണം വർധിപ്പിക്കാൻ ഇടവരുത്തും. നിയമപാലകർ ഭരണകൂടത്തിനും വർഗീയതക്കും വിധേയപ്പെട്ടു കൊണ്ടിരിക്കുന്ന സ്ഥിതിവിശേഷമാണിന്നു രാജ്യത്തു പൊതുവെ. കുറ്റകൃത്യങ്ങളല്ല, മതവും കക്ഷിരാഷ്ട്രീയവുമൊക്കെയാണിന്നു “കുറ്റവാളികളെ’യും നിരപരാധികളെയും സൃഷ്ടിക്കുന്നത.് കുറ്റക്കാരനായി കണ്ടെത്തുന്നത് വരെ ഒരാളെ നിരപരാധിയായി പരിഗണിക്കണമെന്നതാണ് ഇന്ത്യൻ ശിക്ഷാ നിയമം വ്യവസ്ഥ ചെയ്യുന്നത്. എന്നാൽ “മക്കോക്ക’ പ്രകാരം പ്രതിയായി ചേർക്കപ്പെടുന്നയാളുടെ ഉത്തരവാദിത്വമാക്കി മാറ്റുന്നു നിരപരാധിത്വം തെളിയിക്കൽ.

പ്രതികൾക്കെതിരെയുള്ള കുറ്റം തെളിയിക്കപ്പെടും വരെ അവർ നിരപരാധികളാണെന്നും ജാമ്യം നിഷേധിച്ചു പ്രതികളെ വിചാരണ കൂടാതെ കൂടുതൽ കാലം തടവുകാരായി പാർപ്പിക്കരുതെന്നുമുള്ള സുപ്രീം കോടതിയുടെ തീർപ്പിന് വിരുദ്ധമാണ് മേൽ വ്യവസ്ഥകൾ. ഇടതുപക്ഷം കടുത്ത വിയോജിപ്പ് പ്രകടിപ്പിക്കുന്ന യു എ പി എ എന്ന കരിനിയമത്തിന്റെ മറ്റൊരു പതിപ്പാണിത്. എന്നിട്ടും സമാനമായ ഒരു നിയമം കേരളത്തിൽ നടപ്പാക്കുന്ന കാര്യം എങ്ങനെ സർക്കാറിന്റെ പരിഗണനക്ക് വന്നുവെന്നത് ദുരൂഹമാണ്.

സംഘടിത കുറ്റകൃത്യങ്ങൾ തടയാൻ പുതിയ നിയമത്തിന്റെ ആവശ്യമില്ല, നിലവിലുള്ള നിയമങ്ങൾ തന്നെ ധാരാളമാണെന്നാണ് നിയമജ്ഞരുടെ പക്ഷം. നിയമങ്ങളുടെ അപര്യാപ്തതയല്ല, അത് പ്രയോഗിക്കാത്തതിന്റെ, അല്ലെങ്കിൽ സ്വതന്ത്രമായി പ്രയോഗിക്കാൻ അനുവദിക്കാത്തതിന്റെ ഫലമാണ് പല കുറ്റങ്ങളും തെളിയിക്കപ്പെടാതെ പോകുന്നതും സംഘടിതമടക്കം കുറ്റകൃത്യങ്ങൾ വർധിക്കാൻ ഇടയാക്കുന്നതും. ഫാസിസ്റ്റ് കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ മാതൃകയാക്കി, ജനാധിപത്യവിരുദ്ധമായ നിയമനിർമാണങ്ങൾ നടത്താനുള്ള നീക്കത്തിൽ നിന്ന് സംസ്ഥാന ഭരണകൂടം പൂർണമായും പിൻവാങ്ങേണ്ടിയിരിക്കുന്നു.

Latest