Connect with us

Techno

കര്‍ണാടക വിസ്‌ട്രോണ്‍ ഐഫോണ്‍ ഫാക്ടറി ടാറ്റ ഏറ്റെടുക്കുന്നു

കര്‍ണാടകയിലെ കോലാര്‍ ജില്ലയില്‍ നടത്തുന്ന ഐഫോണ്‍ നിര്‍മ്മാണ പ്ലാന്റ് ഈ മാസം ടാറ്റ ഏറ്റെടുക്കും.

Published

|

Last Updated

ബെംഗളുരു| ആപ്പിളിനായി കരാര്‍ അടിസ്ഥാനത്തില്‍ ഐഫോണുകള്‍ നിര്‍മിച്ച് നല്‍കുന്ന തായ്വന്‍ ആസ്ഥാനമായുള്ള വിസ്‌ട്രോണ്‍ ഇന്ത്യയിലെ ഐഫോണ്‍ നിര്‍മാണം അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. വിസ്‌ട്രോണിന്റെ കര്‍ണാടകയിലെ ഐഫോണ്‍ ഫാക്ടറി ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുന്നതിന് പിന്നാലെയാണ് കമ്പനിയുടെ തീരുമാനം. പതിനഞ്ചു വര്‍ഷമായി ഇന്ത്യയില്‍ ബിസിനസ് ചെയ്യുന്ന കമ്പനിയാണ് വിസ്‌ട്രോണ്‍. എന്നാല്‍ ഇപ്പോള്‍ വിസ്‌ട്രോണിന്റെ ഏറ്റവും വലിയ ഐഫോണ്‍ നിര്‍മാണ ഫാക്ടറി ടാറ്റ ഗ്രൂപ്പിന് കൈമാറിയിരിക്കുകയാണ്. അടുത്ത വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിനെയും കമ്പനികളുടെ രജിസ്ട്രാറെയും വിസ്ട്രോണ്‍ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വിസ്ട്രോണിന്റെ സര്‍വീസ് മാത്രമായിരിക്കും ഇന്ത്യയില്‍ തുടരുക. 2018-ല്‍ സ്ഥാപിതമായ വിസ്ട്രോണ്‍ ഇന്‍ഫോകോം മാനുഫാക്ചറിംഗ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡിന് കീഴിലാണ് വിസ്‌ട്രോണ്‍ ആപ്പിള്‍ കരാര്‍ ഏറ്റെടുത്തത്. വിസ്‌ട്രോണ്‍ കോര്‍പ്പറേഷന്‍ കര്‍ണാടകയിലെ കോലാര്‍ ജില്ലയില്‍ നടത്തുന്ന ഐഫോണ്‍ നിര്‍മ്മാണ പ്ലാന്റ് ഈ മാസം ടാറ്റ ഏറ്റെടുക്കും. കരാര്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഈ കമ്പനികളുടെയെല്ലാം പ്രവര്‍ത്തനം വിസ്‌ട്രോണ്‍ അവസാനിപ്പിക്കും.