Connect with us

NEET EXAM

നീറ്റില്‍ നിന്ന് പിന്മാറാന്‍ ബില്ല് പാസാക്കി തമിഴ്‌നാട്; എന്തൊക്കെയാണ് ബില്ലിലെ വ്യവസ്ഥകള്‍

കഴിഞ്ഞ ദിവസം, നീറ്റ് പരീക്ഷ നടക്കാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോല്‍ തമിഴ്‌നാട്ടിലെ ഒരു വിദ്യാര്‍ഥി ആത്മഹത്യ ചെയ്തിരുന്നു. ഈ മരണത്തിന് ഉത്തരവാദി മുഖ്യമന്ത്രിയാണെന്ന് എ ഐ എ ഡി എം കെയും കേന്ദ്രമാണ് കാരണക്കാര്‍ എന്ന് സ്റ്റാലിനും പരസ്പരം വിമര്‍ശിച്ചിരുന്നു

Published

|

Last Updated

ചെന്നൈ | നീറ്റ് പരീക്ഷയില്‍ നിന്ന് പിന്മാറാനുള്ള ബില്ല് തിങ്കളാഴ്ച തമിഴ്‌നാട് നിയമസഭയില്‍ പാസാക്കിയിരിക്കുകയാണ്. സംസ്ഥാനം പരീക്ഷയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പിന്മാറി പകരം പന്ത്രണ്ടാം ക്ലാസ് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോഴ്‌സുകളിലേക്ക് പ്രവേശനം നടത്താനാണ് ബില്ലില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. സാമൂഹിക നീതി ഉറപ്പാക്കാനാണ് ഈ ബില്ല് പാസാക്കുന്നതെന്നാണ് ഭരണകക്ഷിയായ ഡി എം കെയുടെ പക്ഷം. നേരത്തെ നീറ്റിനെതിരെ പ്രമേയം പാസാക്കിയിരുന്നെങ്കിലും നിയമനിര്‍മ്മാണവുമായി ആദ്യമായാണ് തമിഴ്‌നാട് നിയമസഭ മുന്നോട്ട് വരുന്നത്.

മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് ബില്ല് അവതരിപ്പിച്ചത്. മുഖ്യ പ്രതിപക്ഷമായ എ ഐ ഡി എം കെയും അവരുടെ സഖ്യകക്ഷിയായ പി എം കെ അടക്കം ഏതാണ്ട് എല്ലാ പാര്‍ട്ടികളും ബില്ലിനെ പിന്തുണച്ചപ്പോള്‍ കേന്ദ്രം ഭരിക്കുന്ന ബി ജെ പിയുടെ എം എല്‍ എമാര്‍ സഭയില്‍ നിന്നും ഇറങ്ങിപ്പോയി. റിട്ടയേര്‍ഡ് ജഡ്ജ് ആയ എ കെ രാജന്റെ നേതൃത്വത്തിലുള്ള ഉന്നത തല കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടിന്റെ കൂട് അടിസ്ഥാനത്തില്‍ കൂടിയാണ് സ്റ്റാലിന്‍ ബില്ല് അവതരിപ്പിച്ചത്. കഴിഞ്ഞ ജൂലൈയില്‍ തന്നെ മുന്‍ മദ്രാസ് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നായി 86,000 പേരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് ഈ സമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇതില്‍ ഭൂരിപക്ഷം പേരും നീറ്റ് പരീക്ഷ വേണ്ടെന്ന നിലപാട് ഉള്ളവരായിരുന്നു എന്ന് റിപ്പോര്‍ട്ടിലുണ്ട്.

എന്തൊക്കെയാണ് ബില്ലിലെ വ്യവസ്ഥകള്‍?

മെഡിക്കല്‍ ബിരുദ പ്രവേശനത്തിന് ആഗ്രഹിക്കുന്ന തമിഴ്‌നാട്ടിലെ വിദ്യാര്‍ഥികള്‍ ഇനി നീറ്റ് പരീക്ഷ എഴുതേണ്ടി വരില്ലെന്ന് ബില്ല് വ്യക്തമാാക്കുന്നു. ഇന്ത്യന്‍ മെഡിസിന്‍, ഡെന്റല്‍, ഹോമിയോപ്പതി എന്നീ ബിരുദ കോഴ്‌സുകള്‍ക്കും ഇത് ബാധകമാണ്.

നോര്‍മലൈസേഷന്‍ മെത്തേഡുകള്‍ വഴി പ്ലസ് ടു പരീക്ഷയില്‍ നേടിയ മാര്‍ക്കുകള്‍ ഏകീകരിച്ച് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഈ കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ നടത്തും.
സാമൂഹിക നീതി ഉറപ്പാക്കുക, സമത്വം ഉയര്‍ത്തിപ്പിടിക്കുക, തുല്യ അവസരം ഉറപ്പാക്കുക, ഈ കോഴ്‌സുകളില്‍ അഡ്മിഷന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥകള്‍ക്ക് വിവേചനം ഉണ്ടാവാതിരിക്കുക എന്നിവയാണ് ഈ ബില്ലിന്റെ ലക്ഷ്യം.

അരികുവത്കരിക്കപ്പെട്ട വിഭാഗങ്ങളില്‍ നിന്ന് വരുന്ന വിദ്യാര്‍ഥികളെ വൈദ്യ പഠനത്തിന്റെ മുഖ്യ ധാരയിലേക്ക് കൊണ്ടുവരാന്‍ ബില്ല് ലക്ഷ്യമിടുന്നു. ഇതുവഴി സംസ്ഥാനത്ത് ഉടനീളം, ഗ്രാമ പ്രദേശങ്ങളില്‍ ഉള്‍പ്പെടെ ശക്തമായ ആരോഗ്യ ശൃംഖല നിര്‍മ്മിക്കാന്‍ ലക്ഷ്യമിടുന്നു.

വൈവിധ്യ പൂര്‍ണ്ണമായ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങള്‍ക്കും വൈദ്യ പഠനത്തില്‍ അര്‍ഹമായ പ്രാതിനിധ്യത്തിന് അവസരം നിഷേധിക്കുന്നതിനാല്‍ നീറ്റിനെ എതിര്‍ക്കുന്നുവെന്ന് ബില്ല് ചൂണ്ടിക്കാട്ടുന്നു. ഉന്നത വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് മാത്രം പ്രാപ്യമായ രീതിയിലേക്ക് മെഡിക്കല്‍ വിദ്യഭ്യാസം മാറുന്നുവെന്നും സാമൂഹിക പിന്നാക്കവസ്ഥയിലുള്ള വിഭാഗത്തിലെ വിദ്യാര്‍ഥികളുടെ സ്വപ്‌നങ്ങളെ തകിടം മറക്കുന്നുവെന്നും ബില്ലിന്‍ നീറ്റിനെതിരെ പരാമര്‍ശമുണ്ട്.

കഴിഞ്ഞ ദിവസം, നീറ്റ് പരീക്ഷ നടക്കാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോല്‍ തമിഴ്‌നാട്ടിലെ ഒരു വിദ്യാര്‍ഥി ആത്മഹത്യ ചെയ്തിരുന്നു. ഈ മരണത്തിന് ഉത്തരവാദി മുഖ്യമന്ത്രിയാണെന്ന് എ ഐ എ ഡി എം കെയും കേന്ദ്രമാണ് കാരണക്കാര്‍ എന്ന് സ്റ്റാലിനും പരസ്പരം വിമര്‍ശിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി അടുത്ത ദിവസം തന്നെ നീറ്റില്‍ നിന്നും തമിഴ്‌നാട്ടിലെ വിദ്യാര്‍ഥികളെ ഒഴിവാക്കാന്‍ ബില്ല് പാസാക്കുമെന്ന് സ്റ്റാലിന്‍ പ്രഖ്യാപിച്ചിരുന്നു.

Latest