International
താലിബാന്‍ അധിനിവേശം; അഫ്ഗാനിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കുമെന്ന് ജോ ബൈഡന്‍
അമേരിക്ക, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ തിരിച്ചെത്തിക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
വാഷിംഗ്ടണ്‍ | അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് സൈന്യത്തെ പിന്‍വലിച്ച നടപടി തിരുത്തി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ പോരാളികള്‍ ബന്ദികളാക്കിയ പ്രദേശവാസികളെ രക്ഷിക്കാന്‍ കൂടുതല്‍ സൈന്യത്തെ അയക്കാന്‍ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.
അയ്യായിരം സൈനികരെ അഫ്ഗാനിലേക്ക് അയക്കാന്‍ തീരുമാനിച്ചതായി ജോ ബൈഡന്‍ അറിയിച്ചു. വടക്കന്‍ അഫ്ഗാനിസ്ഥാനിലെ പ്രധാന നഗരമായ മസാറേ ശരീഫ് താലിബാന്‍ പിടിച്ചതിന് പിന്നാലെയാണ് ജോ ബൈഡന്റെ നടപടി.
അതേസമയം, അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ കൂടുതല്‍ പിടിമുറുക്കുകയാണ്. കൂടുതല്‍ പ്രവിശ്യകള്‍ പിടിച്ചെടുത്താണ് താലിബാന്‍ ശക്തി വര്‍ധിപ്പിക്കുന്നത്. തലസ്ഥാനമായ കാബൂളിനോട് താലിബാന്‍ അടുത്തുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
അമേരിക്ക, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ തിരിച്ചെത്തിക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കുന്നതിന് ഓഗസ്റ്റ് 31ന് മുമ്പ് അഫ്ഗാനില്‍ നിന്ന് ഏകദേശം 30,000 പേരെ ഒഴിപ്പിക്കേണ്ടി വരുമെന്നാണ് പെന്റഗണ്‍ കണക്കാക്കുന്നത്.
അമേരിക്ക സൈനിക ട്രൂപ്പുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നാണ് അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധിനിവേശം ആരംഭിച്ചത്. അമേരിക്ക, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ തിരിച്ചെത്തിക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.




