Ongoing News
താജുല്‍ ഉലമ 12ാമത് ഉറൂസ് സെപ്തംബര്‍ 23 മുതൽ 25 വരെ
കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ പ്രഖ്യാപനം നടത്തി

ഉള്ളാള്‍ | സമസ്ത പ്രസിഡന്റും ഉള്ളാള്‍ ഖാസിയുമായിരുന്ന താജുല്‍ ഉലമ സയ്യിദ് അബ്ദുല്‍ റഹ്‌മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ തങ്ങളുടെ 12ാം ഉറൂസ് മുബാറക് 2025 സെപ്തംബര്‍ 23, 24, 25 തീയതികളില്‍ നടത്താന്‍ ഉള്ളാള്‍ ദര്‍ഗയില്‍ നടന്ന സംഗമത്തില്‍ ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ പ്രഖ്യാപിച്ചു. എട്ടിക്കുളം താജുല്‍ ഉലമ നഗറില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഉള്ളാള്‍ തങ്ങളുടെ ഉറൂസ് മുബാറകിന്റെ സ്വാഗതസംഘ രൂപവത്കരണ കണ്‍വെന്‍ഷന്‍ ഈ മാസം 13ന് എട്ടിക്കുളത്ത് നടക്കും.
പ്രഖ്യാപന സംഗമത്തില്‍ ഉള്ളാള്‍ ദര്‍ഗ പ്രസിഡന്റ് ഹനീഫ ഹാജി അധ്യക്ഷത വഹിച്ചു. സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ അല്‍ ബുഖാരി പ്രാര്‍ഥന നടത്തി. കര്‍ണാടക സ്പീകര്‍ യു ടി ഖാദര്‍ മുഖ്യാതിഥിയായി. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, വിപിഎം ഫൈസി വില്ല്യാപള്ളി, അബ്ദുല്‍ ഖാദിര്‍ മദനി കല്‍ത്തറ, സയ്യിദ് സ്വാലിഹ് തങ്ങള്‍, ശിഹാബുദ്ദീന്‍ സഖാഫി, സിറാജ് ഇരിവേരി, ഹാരിസ് അബ്ദുല്‍ ഖാദിര്‍ ഹാജി, ഹമീദ് മദനി കാഞ്ഞങ്ങാട്, എം ടി പി ഇസ്മാഈല്‍, ഖാലിദ് ഹാജി ബട്ക്കല്‍, എസ് പി നാസിം ഹാജി, ഹസ്സന്‍ ഹാജി എട്ടിക്കുളം, മുഹമ്മദ് മദനി ഷാമണിഗെ, എപി അബ്ദുല്‍ അസീസ് എട്ടിക്കുളം സംബന്ധിച്ചു.