Connect with us

Sports

ടി 20 ക്രിക്കറ്റ് ലോകകപ്പ്: അബൂദബിയിലെ മത്സരങ്ങള്‍ കാണാനുള്ള പി സി ആര്‍ പരിശോധന 50 ശതമാനം കിഴിവില്‍

Published

|

Last Updated

അബൂദബി | അബൂദബിയില്‍ നടക്കുന്ന ഐ സി സി ടി 20 ലോകകപ്പ് 2021 മത്സരങ്ങള്‍ കാണുന്നതിന് നിര്‍ബന്ധമായ പ്രീ മാച്ച് പി സി ആര്‍ ടെസ്റ്റുകള്‍ ആരാധകര്‍ക്ക് പകുതി നിരക്കില്‍ ലഭ്യമാക്കും. ആയിരക്കണക്കിന് ക്രിക്കറ്റ് ആരാധകര്‍ക്ക് ഗുണകരമാകുന്ന ഇളവിനായി വി പി എസ് ഹെല്‍ത്ത് കെയറിന്റെ ബുര്‍ജീല്‍ ആശുപത്രികളുമായി അബൂദബി ക്രിക്കറ്റും അബൂദബി സ്‌പോര്‍ട്‌സ് കൗണ്‍സിലും കൈകോര്‍ത്തു. വ്യാഴാഴ്ച മുതല്‍ മാച്ച് ടിക്കറ്റ് ഉള്ളവര്‍ക്ക് അഞ്ചു കേന്ദ്രങ്ങളില്‍ നിന്ന് 25 ദിര്‍ഹത്തിന് പരിശോധന നടത്താം.

അബൂദബി സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന 15 മത്സരങ്ങള്‍ കാണാനെത്തുന്ന ഓരോ ടിക്കറ്റ് ഉടമക്കും പകുതി വിലക്ക് പി സി ആര്‍ പരിശോധന ലഭ്യമാക്കാനാണ് തീരുമാനം. ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി, ബുര്‍ജീല്‍ ഡേ സര്‍ജറി സെന്റര്‍ അല്‍ റീം ഐലന്‍ഡ്, അല്‍ ഷഹാമ, അല്‍ ഷംക, അല്‍ സീന എന്നിവിടങ്ങളിലെ ബുര്‍ജീല്‍ മെഡിക്കല്‍ സെന്ററുകള്‍ എന്നീ കേന്ദ്രങ്ങളിലാണ് ലോകകപ്പിനായി പ്രത്യേക നിരക്കില്‍ ടെസ്റ്റുകള്‍ ലഭ്യമാക്കുക. 72 മണിക്കൂറിനുള്ളില്‍ പി സി ആര്‍ പരിശോധനാ ഫലം നെഗറ്റിവ് ആണെന്ന് വ്യക്തമാക്കുന്ന ഗ്രീന്‍ പാസ് അല്‍ ഹോസന്‍ ആപ്പില്‍ ഉള്ളവര്‍ക്ക് മാത്രമേ അബൂദബി സ്റ്റേഡിയത്തില്‍ പ്രവേശനം സാധ്യമാവൂ.

ശനിയാഴ്ച നടക്കുന്ന ആസ്േ്രതലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരം വീക്ഷിക്കാനെത്തുന്നവര്‍ക്കാണ് ആദ്യമായി കുറഞ്ഞ നിരക്കിലുള്ള പി സി ആര്‍ പരിശോധന ലഭ്യമാക്കുക. ടി 20 ലോകകപ്പിനുള്ള സ്റ്റേഡിയം ശേഷി 70 ശതമാനമായി ഉയര്‍ത്തുമ്പോള്‍ സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിന് ഓരോ മത്സരത്തിനും പതിനായിരത്തിലധികം പേരെ സ്വീകരിക്കാനാകും. പങ്കെടുക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാനും പൊതുജനങ്ങളുടെ ചെലവ് കുറക്കാനും പങ്കാളിത്തം സഹായിക്കുമെന്ന് അബൂദബി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി അരീഫ് അല്‍ അവാനി പറഞ്ഞു. കുറഞ്ഞ നിരക്കില്‍ പി സി ആര്‍ സേവനം ലഭ്യമാക്കുന്നതിലൂടെ അബൂദബിയില്‍ സുരക്ഷിതമായി കൂടുതല്‍ കായിക മത്സരങ്ങള്‍ നടത്താനാകുമെന്ന് വി പി എസ് ഹെല്‍ത്ത്‌കെയര്‍ ബിസിനസ് ഡവലപ്മെന്റ് പ്രസിഡന്റും അബൂദബി ക്രിക്കറ്റ് ബോര്‍ഡ് അംഗവുമായ ഒമ്രാന്‍ അല്‍ ഖൂരി വ്യക്തമാക്കി.

അബൂദബിയിലെ മത്സരങ്ങള്‍ ഒക്ടോബര്‍ 18 തിങ്കളാഴ്ചയാണ് ആരംഭിച്ചത്. അബൂദബിയിലെ സായിദ് ക്രിക്കറ്റ് സ്റ്റേഡിയം നവംബര്‍ 10 ന് ടൂര്‍ണമെന്റിന്റെ ആദ്യ സെമി ഫൈനലിന് ആതിഥേയത്വം വഹിക്കും. റൗണ്ട് ഒന്ന് മത്സരങ്ങള്‍ക്ക് 40 ദിര്‍ഹം മുതലും സൂപ്പര്‍ 12 മത്സരങ്ങള്‍ക്ക് 50 ദിര്‍ഹം മുതലുമാണ് ടിക്കറ്റ് നിരക്കുകള്‍.

 

Latest