Connect with us

Ongoing News

സയ്യിദ് മുഷ്താഖ് അലി ടി 20; വിജയം തുടര്‍ന്ന് കേരളം

Published

|

Last Updated

ന്യൂഡല്‍ഹി | സയ്യിദ് മുഷ്താഖ് അലി ടി 20 ടൂര്‍ണമെന്റില്‍ രണ്ടാം ജയവുമായി കേരളം. അസമിനെ എട്ട് വിക്കറ്റിനാണ് തകര്‍ത്തുവിട്ടത്. അസം 20 ഓവറില്‍ നേടിയ 121 റണ്‍സ് രണ്ട് ഓവര്‍ ശേഷിക്കേ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കേരളം മറികടക്കുകയായിരുന്നു. 56 റണ്‍സെടുത്ത് പുറത്താകാതെ നിന്ന രോഹന്‍ കുന്നുമ്മല്‍ ആണ് കേരളത്തിന്റെ ടോപ്പ് സ്‌കോറര്‍. മുഹമ്മദ് അസ്ഹറുദ്ദീന്‍ (24), സച്ചിന്‍ ബേബി (21 നോട്ടൗട്ട്) എന്നിവരും മികച്ച ബാറ്റിംഗ് കാഴ്ചവച്ചു. നായകന്‍ സഞ്ജു സാംസണ്‍ 14 റണ്‍സെടുത്തു.

ആദ്യം ബാറ്റ് ചെയ്ത അസം എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 121ല്‍ എത്തിയത്. നാല് ഓവറില്‍ 21 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റുകള്‍ കടപുഴക്കിയ പേസര്‍ ബേസില്‍ തമ്പിയാണ് അസമിനെ തകര്‍ക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത്. ജലജ് സക്‌സേന നാലോവറില്‍ 12 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു. പരുക്കേറ്റ ഉത്തപ്പ, കെ എം ആസിഫ് എന്നിവര്‍ ഇന്ന് കളിക്കാന്‍ ഇറങ്ങിയിരുന്നില്ല. 24 റണ്‍സ് നേടിയ നായകന്‍ റിയന്‍ പരഗ് ആണ് അസമിന്റെ ടോപ്പ് സ്‌കോറര്‍. അസം നിരയില്‍ നാല് താരങ്ങളാണ് ഒറ്റയക്ക സ്‌കോറില്‍ പുറത്തായി.

എലീറ്റ് ഗ്രൂപ്പ് ഡിയില്‍ നാല് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയം സഹിതം എട്ട് പോയിന്റ് നേടിയ കേരളം മൂന്നാം സ്ഥാനത്താണ്. നാളെ ഗ്രൂപ്പില്‍ ഒന്നാമതുള്ള മധ്യപ്രദേശിനെതിരെയാണ് കേരളത്തിന്റെ അവസാന മത്സരം.