Kerala
നേപ്പാളില്‍ സുശീല കര്‍ക്കി ഇടക്കാല പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
പ്രക്ഷോഭകരുമായി സൈനിക മേധാവി പല തവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു

കാഠ്മണ്ഡു | ആഭ്യന്തര കലാപത്തില്‍ തിളച്ചുമറിഞ്ഞ നേപ്പാളി സുശീല കര്‍ക്കി ഇടക്കാല പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. നേപ്പാളിലെ ആദ്യ വനിത പ്രധാനമന്ത്രിയാണ് മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കൂടിയായ സുശീല കര്‍ക്കി.
പ്രക്ഷോഭകരുമായി സൈനിക മേധാവി പല തവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എത്രയും വേഗം അടുത്ത ഭരണ നേതൃത്വത്തെ തെരഞ്ഞെടുക്കണമെന്ന് പ്രസിഡന്റ് രാം ചന്ദ്ര പൗഡല്‍ ആഹ്വാനം ചെയ്തതിനു പിന്നാലെ മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കി താല്‍ക്കാലിക ഭരണ ചുമതല ഏറ്റെടുക്കാന്‍ ധാരണയില്‍ എത്തിയതോടെയാണ് പ്രതിസന്ധി അകന്നത്.
നേപ്പാള്‍ വൈദ്യുതി അതോറിറ്റിയുടെ മുന്‍ എം ഡി കുല്‍മാന്‍ ഗിസിംഗിനെ ഇടക്കാല പ്രധാനമന്ത്രി ആകണമെന്ന ആവശ്യവുമായി ഒരു വിഭാഗം പ്രക്ഷോഭകര്‍ രംഗത്ത് വന്നിരുന്നു. രണ്ടു ദിവസത്തെ ജെന്‍ സി പ്രക്ഷോഭത്തില്‍ 51 പേര്‍ മരിച്ചതായി നേപ്പാള്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരിച്ച 25 പേരെ തിരിച്ചറിഞ്ഞെങ്കിലും പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. തെക്കുകിഴക്കന്‍ കാഠ്മണ്ഡുവിലെ ജയിലില്‍ നിന്ന് ചാടിയ തടവുകാര്‍ക്ക് നേരെ സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ടു പേര്‍ മരിക്കുകയും 12 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
സംഘര്‍ഷത്തിനിടെ 15,000 ത്തോളം പേര്‍ ജയില്‍ ചാടിയതായാണ് റിപ്പോര്‍ട്ട്. അതില്‍ 200 പേരെ പിടികൂടി. 60 ഓളം പേരെ ഇന്ത്യന്‍ അതിര്‍ത്തി കളില്‍ നിന്നാണ് പിടികൂടിയത്. നേപ്പാളില്‍ കുടുങ്ങിയ ഇന്ത്യ ക്കാര്‍ക്കായി ഇന്ന് എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും അധിക വിമാന സര്‍വീസുകള്‍ നടത്തി. സമൂഹമാധ്യമ ആപ്പുകള്‍ക്കുമേല്‍ നിരോധനമേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ആരംഭിച്ച ജെന്‍ സി പ്രതിഷേധം കനത്തതോടെ നേപ്പാള്‍ സംഘര്‍ഷഭരിതമാവുകയായിരുന്നു. തുടര്‍ന്ന് കൂട്ടുകക്ഷി സര്‍ക്കാറിലെ പ്രധാനമന്ത്രി ശര്‍മ ഒലിയും മന്ത്രിസഭാ അംഗങ്ങളും രാജിവച്ചിരുന്നു.