Kerala
തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സക്കിടെ യുവതിയുടെ നെഞ്ചില്‍ സര്‍ജിക്കല്‍ ട്യൂബ് കുടുങ്ങി; ഡിഎംഒ റിപ്പോര്‍ട്ട് തേടി
യുവതിയുടെ നെഞ്ചില്‍ സര്‍ജിക്കല്‍ ട്യൂബ് കുടുങ്ങിയ സംഭവം സമ്മതിച്ചുകൊണ്ടുള്ള ഡോക്ടറുടെ ശബ്ദരേഖ പുറത്തുവന്നു.

തിരുവനന്തപുരം| തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സക്കിടെ യുവതിയുടെ നെഞ്ചില്‍ സര്‍ജിക്കല്‍ ട്യൂബ് കുടുങ്ങിയതായി പരാതി. സംഭവത്തില്‍ ജില്ല മെഡിക്കല്‍ ഓഫീസര്‍ ഇടപ്പെട്ടു. ഡിഎംഒ ജനറല്‍ ആശുപത്രി അധികൃതരോട് റിപ്പോര്‍ട്ട് തേടി. മലയിന്‍കീഴ് സ്വദേശിനി സുമയ്യയുടെ പരാതിയിലാണ് നടപടി. യുവതിയുടെ നെഞ്ചില്‍ സര്‍ജിക്കല്‍ ട്യൂബ് കുടുങ്ങിയ സംഭവം സമ്മതിച്ചുകൊണ്ടുള്ള ഡോക്ടറുടെ ശബ്ദരേഖ പുറത്തുവന്നു. രോഗിയുടെ ബന്ധുവിനോടാണ് ഡോക്ടര്‍ രാജീവ് കുമാര്‍ വെളിപ്പെടുത്തല്‍ നടത്തിയത്. പറ്റിയത് തെറ്റ് തന്നെയെന്ന് ഡോക്ടര്‍ സംഭാഷണത്തില്‍ പറയുന്നു.
2023 മാര്‍ച്ച് 22ന് നടന്ന തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കിടെയാണ് യുവതിയുടെ നെഞ്ചില്‍ ട്യൂബ് കുടുങ്ങിയതെന്നാണ് പരാതിയില്‍ പറയുന്നത്. ശ്വാസം മുട്ടലിനെ തുടര്‍ന്ന് നടത്തിയ എക്‌സറേ പരിശോധനയിലാണ് നെഞ്ചില്‍ ട്യൂബ് കിടക്കുന്നതായി അറിഞ്ഞത്. ശ്രീചിത്രയില്‍ നടത്തിയ പരിശോധനയിലാണ് ഗൈഡ് വയറാണെന്ന് മനസിലാകുന്നത്. മരുന്നിനുള്ള ട്യൂബ് ഇട്ടവരാണ് ഉത്തരവാദികളെന്നാണ് ഡോക്ടര്‍ പറയുന്നത്.