From the print
ഇ ഡിയെ കുടഞ്ഞ് സുപ്രീം കോടതി; രാഷ്ട്രീയ പോരാട്ടങ്ങള്‍ക്ക് എന്തിന് ഉപയോഗിക്കുന്നു?
രാഷ്ട്രീയ പോരാട്ടം തിരഞ്ഞെടുപ്പിലൂടെ നടക്കട്ടെ.

ന്യൂഡല്‍ഹി | കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ (ഇ ഡി) ദുരുപയോഗം ചെയ്യുന്നതില്‍ രൂക്ഷമായ വിമര്‍ശം ഉന്നയിച്ച് സുപ്രീം കോടതി. രാഷ്ട്രീയ പോരാട്ടങ്ങള്‍ക്ക് ‘എന്തിനാണ് നിങ്ങളെ ഉപയോഗിക്കുന്ന’തെന്ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി, ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങുന്ന ബഞ്ച് ഇ ഡിയോട് ചോദിച്ചു. മൈസൂരു നഗരവികസന അതോറിറ്റി (മുഡ) നിയമവിരുദ്ധമായി സ്ഥലങ്ങള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി എം പാര്‍വതി, സംസ്ഥാന മന്ത്രി ബൈരതി സുരേഷ് എന്നിവര്‍ക്കെതിരായ സമന്‍സ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കിയതിനെതിരെ ഇ ഡി നല്‍കിയ അപ്പീല്‍ പരിഗണിക്കാന്‍ വിസമ്മതിച്ചാണ് ബഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
ദയവായി തങ്ങളെക്കൊണ്ട് വായ തുറപ്പിക്കരുത്. ഇ ഡിയെ കുറിച്ച് ചില കടുത്ത പരാമര്‍ശങ്ങള്‍ നടത്താന്‍ നിര്‍ബന്ധിതരാകും. നിര്‍ഭാഗ്യവശാല്‍, തനിക്ക് മഹാരാഷ്ട്രയില്‍ ചില അനുഭവങ്ങളുണ്ട്. നിങ്ങള്‍ ഈ അതിക്രമം രാജ്യത്തുടനീളം വ്യാപിപ്പിക്കരുത്. രാഷ്ട്രീയ പോരാട്ടങ്ങള്‍ തിരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ക്ക് മുന്നില്‍ നടക്കട്ടെ. എന്തിനാണ് നിങ്ങളെ അതിന് ഉപയോഗിക്കുന്നതെന്ന് ഇ ഡിക്ക് വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജുവിനോട് ചീഫ് ജസ്റ്റിസ് ചോദിച്ചു. ഹൈക്കോടതി ജഡ്ജിയുടെ ന്യായവാദത്തില്‍ തങ്ങള്‍ക്ക് ഒരു തെറ്റും കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് വ്യക്തമാക്കി ഇ ഡിയുടെ അപ്പീല്‍ ഹരജി കോടതി തള്ളി.
അഭിഭാഷകരെ വിളിച്ചുവരുത്താമോ?
കക്ഷികള്‍ക്ക് ഉപദേശം നല്‍കിയതിന് അഭിഭാഷകര്‍ക്ക് സമന്‍സ് അയച്ചതുമായി ബന്ധപ്പെട്ട് സ്വമേധയാ സ്വീകരിച്ച ഹരജിയിലും സുപ്രീം കോടതി ഇ ഡിയെ രൂക്ഷമായി വിമര്‍ശിച്ചു. ക്രിമിനല്‍ കേസുകളില്‍ കക്ഷികള്‍ക്ക് നിയമോപദേശം നല്‍കിയതിന്റെ പേരില്‍ ഇ ഡിയും മറ്റ് അന്വേഷണ ഏജന്‍സികളും അഭിഭാഷകരെ വിളിച്ചുവരുത്തുന്ന പ്രശ്‌നം പരിഹരിക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ വേണമെന്നും ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി, ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് എന്‍ വി അഞ്ജരിയ എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി. കക്ഷികള്‍ക്ക് നിയമോപദേശം നല്‍കിയതിന്റെ പേരില്‍ വിവരങ്ങള്‍ ആരായാനെന്ന പേരില്‍ മുതിര്‍ന്ന അഭിഭാഷകരായ അരവിന്ദ് ദത്താര്‍, പ്രതാപ് വേണുഗോപാല്‍ എന്നിവര്‍ക്ക് ഇ ഡി സമന്‍സ് അയച്ചതിന്റെ പേരില്‍ സ്വമേധയാ കോടതി എടുത്ത കേസിലാണ് വിമര്‍ശം ഉന്നയിച്ചത്.
ഇ ഡിയുടെ നടപടി ഞെട്ടിപ്പിക്കുന്നതാണെന്ന് കോടതി പറഞ്ഞു. തെറ്റായ ഉപദേശമാണ് നല്‍കിയതെങ്കില്‍ പോലും ഉപദേശം നല്‍കിയതിന് എങ്ങനെ അഭിഭാഷകരെ വിളിച്ചുവരുത്താനാകുമെന്ന് കോടതി ചോദിച്ചു. ഇ ഡി രാഷ്ട്രീയമായി പ്രവര്‍ത്തിക്കുന്നതിന് ഒന്നിലധികം ഉദാഹരണങ്ങളുണ്ടെന്നും കോടതി പറഞ്ഞു. പല കേസുകളിലും ഇത് സംഭവിക്കുന്നത് കാണുന്നുണ്ട്. ഹൈക്കോടതി വ്യക്തമായ കാരണങ്ങളോടെ ഉത്തരവുകള്‍ നല്‍കിയതിന് ശേഷവും ഇ ഡി ഒന്നിന് പിറകെ ഒന്നായി അപ്പീലുകള്‍ നല്‍കുന്ന നിരവധി സംഭവങ്ങള്‍ കണ്ടിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.