National
വഖഫ് ഭേദഗതി നിയമത്തിന് ഭാഗിക സ്റ്റേയുമായി സുപ്രീം കോടതി
അഞ്ച് വര്‍ഷമെങ്കിലും വിശ്വാസിയായിരിക്കണം എന്നതിനാണ് സ്റ്റേ

ന്യൂഡല്‍ഹി \ വഖഫ് ഭേദഗതി നിയമത്തിന് സുപ്രീം കോടതി ഭാഗിക സ്റ്റേ ഏര്‍പ്പെടുത്തി. അഞ്ച് വര്‍ഷമെങ്കിലും വിശ്വാസിയായിരിക്കണം എന്നതിനാണ് പ്രധാനമായും സ്റ്റേ. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസുമാരായ വിനോദ് ചന്ദ്രന്‍, അതുല്‍ എസ് ചന്ദൂര്‍കര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറഞ്ഞത്.കഴിഞ്ഞ മെയ് 22നാണ് നിയമത്തിന്റെ ഭരണഘടന സാധ്യത ചോദ്യം ചെയ്തുള്ള ഹരജികളില്‍ സുപ്രിംകോടതി വിധി പറയാന്‍ മാറ്റിയത്. നിയമം ഭരണഘടന ലംഘനമാണെന്നായിരുന്നു ഹരജിക്കാരുടെ വാദം.
അന്തിമ ഉത്തരവ് വരുന്ന വരെ വഖഫ് സ്വത്തുകളുടെ സ്വഭാവം മാറ്റരുതെന്നും അത് തല്‍സ്ഥിതി തുടരണമെന്നും കോടതി വ്യക്തമാക്കി. വഖഫ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവില്‍ കഴിവതും മുസ്ലിം ആയിരിക്കണം. എന്നാല്‍ അമുസ്ലിംകളെ സിഇഒ ആക്കരുതെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. നിയമത്തിലെ ചട്ടങ്ങള്‍ രൂപീകരിക്കുന്നത് വരെയാണ് സ്റ്റേ എന്നും കോടതി വ്യക്തമാക്കി. അഞ്ചുവര്‍ഷം വിശ്വാസിയായിരിക്കണം എന്ന വകുപ്പ് സ്റ്റേ ചെയ്തു, അന്തിമ ഉത്തരവ് വരെ വഖ്ഫ് സ്വത്തുക്കളുടെ തല്‍സ്ഥിതി തുടരും, ബോര്‍ഡില്‍ മൂന്നില്‍ കൂടുതല്‍ അമുസ്ലിംകള്‍ പാടില്ല, അമുസ്ലിംകള്‍ക്കും ബോര്‍ഡ് സിഇഒ ആകാം, വഖ്ഫ് സ്വത്തിന്‍മേലുള്ള കലക്ടറുടെ അധികാരം നീക്കി എന്നിവയാണ് വിധിയിലെ കാതലായ കാര്യങ്ങള്‍
അന്തിമ തീരുമാനം എടുക്കുന്നത് വരെ വഖഫ് കൗണ്സിലിലേക്കും ബോര്‍ഡുകളിലേക്കും പുതിയ നിയമനം സുപ്രിംകോടതി നേരത്തേ തടഞ്ഞിരുന്നു. ബോര്‍ഡുകളിലേക്കും കൗണ്‍സിലിലേയ്ക്കും അമുസ്ലിമുകളെ ഉള്‍പ്പെടുത്തണമെന്ന നിയമം കഴിഞ്ഞ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന തടഞ്ഞിരുന്നു. പക്ഷെ ഈ ഉത്തരവ് ഹരജി വീണ്ടും പരിഗണിക്കുന്നത് വരെയായിരുന്നു.