International
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ പിന്തുണച്ചു; ഇറാനില്‍ നടി അറസ്റ്റില്‍
തെറ്റിദ്ധാരണാജനകമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചിച്ചതിനാണ് അറസ്റ്റെന്ന് പോലീസ്
ടെഹ്റാന്‍: ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചതിന് നടി തരനേ അലിദൂസ്തിയെ പോലീസ് അറസ്റ്റ് ചെയ്തു. തെറ്റിദ്ധാരണാജനകമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചിച്ചതിനാണ് അറസ്റ്റെന്ന് പോലീസ് വ്യക്തമാക്കി.
2016 ല്‍ ഓസ്‌കാര്‍ അവാര്‍ഡ് നേടിയ ‘ദ സെയില്‍സ്മാന്‍’ എന്ന ചിത്രത്തിലെ അഭിനയമാണ് അലിദൂസ്തിയെ പ്രശസ്തയാക്കിയത്. കുര്‍ദിഷ് ഭാഷയില്‍ ‘സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം’ എന്നെഴുതിയ ബോര്‍ഡ് കൈയില്‍ പിടിച്ചുള്ള ഫോട്ടോ താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത് കടുത്ത വാദപ്രതിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഡിസംബര്‍ എട്ടിന് പ്രക്ഷോഭകരെ പിന്തുണച്ച് ഇന്‍സ്റ്റഗ്രാമില്‍ അലിദോസ്തി കുറിപ്പിടുകയും ചെയ്തു. ഈ കുറിപ്പാണ് അറസ്റ്റിലേക്ക് നയിച്ചത്. പ്രക്ഷോഭത്തില്‍ മരിച്ചവരുടെ കുടുംബത്തിന് പിന്തുണ നല്‍കാനായി അവര്‍ അഭിനയം താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.


