കഥ
നക്ഷത്രങ്ങളുടെ അസ്തമയം
"നക്ഷത്രങ്ങൾ മാഞ്ഞുപോവുകയല്ല, അവ അസ്തമിക്കുകയാണ്. പക്ഷേ, കടലിലല്ല, അവ അസ്തമിക്കുന്നത് ഓരോ വീടുകളിലുമാണ്. വീട്ടിൽ അടുക്കളകൾ വേണ്ടെന്നു വെക്കുമ്പോൾ നിങ്ങൾക്കതു കാണാം'...
ഒറ്റക്കൊരു പെണ്ണ് അതിരാവിലെ കടപ്പുറത്ത്! മഞ്ഞും കടലും വേർതിരിച്ചറിയാനായിട്ടുപോലുമില്ല. ഭ്രാന്തിയല്ലെന്നുറപ്പാണ്. പേടിക്കണം, ആത്മഹത്യ ചെയ്യാനോ മറ്റോ ആണോ…
“ആരാ?….ഈ നേരത്ത്…ഇവിടെയിങ്ങനെ’….. ഒരു കുടുംബിനിയാണെന്നു മനസ്സിലായ സ്ഥിതിക്ക് ചോദിക്കാതിരിക്കാനാവില്ലല്ലോ. “അതെന്താ ഈ നേരത്ത് വന്നൂടെ?’എടുത്തടിച്ച പോലെയുള്ള മറുചോദ്യത്തിൽ ഞാനൊന്നിടറിപ്പോയി. മറുപടി പറയൂ എന്ന ഭാവത്തിൽ അവർ എന്നെത്തന്നെ നോക്കി.
“അല്ല… അതി കാലത്തൊന്നും ഇങ്ങനെ സന്ദർശകരെ കാണാറില്ലിവിടെ. അതു കൊണ്ട് ചോദിച്ചെന്നേയുള്ളൂ’.. സൗമ്യമായ എന്റെ മറുപടിയിൽ അവർ തൃപ്തയായി. ഇളം പുഞ്ചിരിയെന്നോ മൗനമെന്നോ പറയാവുന്ന ഒരു ഭാവമായിരുന്നു അവർക്കന്നേരം. അതുകൊണ്ടുതന്നെ അൽപ്പം സൗഹൃദവും സ്വാതന്ത്ര്യവും വീണുകിട്ടിയ പോലെ ഒരനുഭവം. ഞാൻ അതിൽ പിടിച്ചു കയറി.
“വേലിയേറ്റമാണ്. തിര തീരവും വിട്ട് കുറേയിങ്ങു കേറിവരും ‘
“അറിയാം ‘
പരിചിതനായ ഒരാളുടെ കരുതലിനോടെന്നപോലെ അവർ പ്രതികരിച്ചു.
“രാവിലെ സ്ഥിരമായി വരാറുണ്ടോ ?’
ഞാൻ വെറുതെ ചോദിച്ചു.
“ഇല്ല’
അവർ എന്നെയൊന്നു സൂക്ഷിച്ചു നോക്കി.
“കടൽ എന്റെയൊരു വീക്‌നെസാണ്.
പല ബീച്ചുകളിലും ഞാൻ പോയിട്ടുണ്ട്. പക്ഷെ അതെല്ലാം വൈകുന്നേരങ്ങളിൽ മാത്രമാണ്. വൈകുന്നേരം കടൽ സുന്ദരമാകുന്നത് സൂര്യനുള്ളത് കൊണ്ടാണ്. പ്രഭാതത്തിലെ അതിന്റെ രൂപവും ഭാവവും മണവും നിറവുമെല്ലാം എന്നുമെന്റെ ജിജ്ഞാസയായിരുന്നു’
അവർ ചക്രവാളത്തിൽ കാഴ്ച തറപ്പിച്ച് രണ്ടു നിമിഷം മൗനമായി നിന്നു.
“നക്ഷത്രാസ്തമയം കണ്ടിട്ടുണ്ടോ’
ഞാനൊന്നു പകച്ചു പോയി.
ചന്ദ്രാസ്തമയം കുറെ കണ്ടിട്ടുണ്ട്. ബാലചന്ദ്രനും പൂർണചന്ദ്രനുമെല്ലാം അസ്തമിക്കുന്നത്. സൂര്യാസ്തമയം പോലെ മനോഹരമല്ലത്. വിജനമായ തീരവും കടലിന്റെ നിഗൂഢതയും മാറാലക്കപ്പുറമെന്ന പോലെ ചന്ദ്രന്റെ വിളറിയ പ്രകാശവും ഭയവും വിരസതയുമുണ്ടാക്കാറുണ്ട്. പക്ഷേ, നക്ഷത്രങ്ങൾ….
“നക്ഷത്രം അസ്തമിക്കുകയല്ല,. മാഞ്ഞു പോവുകയാണ് ചെയ്യുക’
ഒരു വിവരക്കേട് കേട്ടത് പോലെ അവരെന്നെ നോക്കി.
“അല്ല, അവ അസ്തമിക്കാറുണ്ട് ‘
ഞാൻ തർക്കിക്കാൻ നിന്നില്ല.
“വീട്ടിൽ ആരൊക്കെയുണ്ട് ‘
അവരുടെ വാക്പ്രവാഹത്തെ ഞാൻ മുറിച്ചു.
കടലറ്റത്തേക്ക് തറപ്പിച്ച കണ്ണുകളെ പിൻവലിക്കാതെ ഒരു മൂളൽ മാത്രമായിരുന്നു ഉത്തരം. ആ മൂളലിൽ അവരുടെ മുഖത്ത് നീരസത്തിന്റെ രക്തഛവി അനാവൃതമായി.
ആ ചോദ്യം വേണ്ടായിരുന്നുവെന്നു തോന്നി.
“വീട്ടിൽ ഹസ്ബന്റും കുട്ടികളുമൊക്കെ ഉണ്ടായിരിക്കുമല്ലോ… ഇന്ന് ഞായറാഴ്ചയോ ഏതെങ്കിലും അവധി ദിവസമോ അല്ല….’
“നിങ്ങളുദേശിച്ചത് എന്താണെന്നെനിക്കറിയാം ‘
പെട്ടെന്നു വന്ന അവരുടെ പ്രതികരണത്തിൽ, നിങ്ങൾ ഒന്നാന്തരമൊരു മലയാളി നാട്ടുമ്പുറത്തു കാരനാണെന്ന് പറയാതെ പറയുന്ന ഒരു സൗണ്ട് മോഡുലേഷൻ.
“ഭർത്താവിനും കുട്ടികൾക്കും ഭക്ഷണവും മറ്റെല്ലാം റെഡിയാക്കി സ്‌കൂളിലേക്കും ജോലിസ്ഥലത്തേക്കും പറഞ്ഞയക്കേണ്ട ഒരുത്തിയാണല്ലോ, അതൊന്നും ചെയ്യാതെ… എന്നല്ലേ ? ‘
അക്ഷോഭ്യയും എന്നാൽ നനുത്ത ഒരു ചിരി വിടർത്തിയുമുള്ള ആ വാക്കുകളിൽ ഒരു സ്വാതന്ത്ര്യ ലബ്ദിയുടെ സൂചകം.
കാപട്യം കലർന്ന ഒരു സപ്പോർട്ടിംഗ് കമന്റ് ആയാലോ എന്നാലോചിച്ചു. പക്ഷേ, പറയേണ്ട വാചകം സാമ്പ്രദായികമായിത്തന്നെ വേണമെന്ന് എന്നിലെ പുരുഷന് കടുംപിടിത്തമുണ്ട്.
സ്ത്രീ വീട്ടിന്റെ വിളക്കാണ്, ഇത്തരം സ്വാതന്ത്ര്യ പ്രഖ്യാപനങ്ങൾ ഒരു പരിധിക്കപ്പുറം കുടുംബമെന്ന സംവിധാനത്തെ ഗുരുതരമായി ബാധിക്കുമെന്നുമൊക്കെ പറയാൻ ആഗ്രഹമുണ്ടെങ്കിലും വെറുതെ ഏറ്റുമുട്ടി രക്തസാക്ഷിയാകേണ്ടെന്നു കരുതി ഒന്നും മിണ്ടാതെ നിന്നു.
പെട്ടെന്നവർ, കാലുകളിൽ തൊടാൻ വന്നു തിരികെ പോകുന്ന ഒരു തിരക്കൊപ്പം മുന്നോട്ടു പായുകയും തിരികെ വരികയും ചെയ്തു.
സൂര്യന്റെ മഞ്ഞ വെളിച്ചം കടലിന്റെ ഉപരിതലത്തിൽ പരക്കുന്നതും മഞ്ഞിന്റെ പുകച്ചുരുളുകൾ മേലേക്ക് ഉയരുന്നതും ഒരു കൊച്ചു കുട്ടിയുടെ ജിജ്ഞാസയോടെ അവർ നോക്കി നിന്നു.
“ഹായ്…ഞാൻ ജീവിതത്തിലാദ്യമായാണ് ഈ കാഴ്ച കാണുന്നത്. മനോഹരം അല്ലേ ‘…
വാക്കുകൾ മുഴുമിപ്പിക്കും മുന്പേ, നനഞ്ഞ തരിമണ്ണിൽ ഒരു ചെറുബാല്യക്കാരിയുടെ കൗതുകത്തോടെ അവർ ഇരുന്നു.
“അദ്ദേഹം എന്തു ചെയ്യുന്നു?’
ഞാൻ അൽപ്പം മാറിയിരുന്നു ചോദിച്ചു.
“മാഷാണ് യു പി സ്‌കൂളിൽ ‘
“കുട്ടികൾ?’
“മൂത്തയാൾ പ്ലസ്ടു, ഇളയത് ടെൻതിൽ’.
“ഇന്ന് സ്‌കൂളുണ്ടല്ലോ… അവരുടെ കാര്യങ്ങളൊക്കെ ആര് ശ്രദ്ധിക്കും’…
“ഉണ്ട്…അച്ഛനും മക്കൾക്കും ഭക്ഷണം തയാറാക്കുക എന്നതായിരുന്നു ഏതൊരു വീട്ടമ്മയെയും പോലെ എന്റെയും രാവിലത്തെ പ്രധാനപ്പെട്ട ജോലി ‘
അവരുടെ ശബ്ദം ഇടറിയപോലെ തോന്നിയപ്പോൾ എന്റെ ആണധികാര ബോധം തലപൊക്കി.
“ഇനിയതു വേണ്ടെന്നു വച്ചോ’?
“അല്ല, വീട്ടിലിപ്പോൾ അടുക്കളയില്ല’.
തെല്ലു വിഷാദത്തോടെ അവർ പറഞ്ഞു നിർത്തിയ മൗനത്തിലേക്ക് വലിയൊരു തിരമാല കയറിവന്ന് ഞങ്ങളെ ചെറുതായി നനച്ചു. അവർ എഴുന്നേറ്റ് കുതറി. എന്നിട്ട് തിരികെ മടങ്ങുന്ന തണുത്ത കടൽ വെള്ളത്തിനു പിന്നാലെ ചെറിയൊരു കുട്ടിയെപ്പോലെ അവർ വീണ്ടും ഓടി. അടുത്ത തിരയിലേക്ക് അതു ചേക്കേറുന്നതു കണ്ട് പൊട്ടിച്ചിരിച്ച് അവർ അതേ വേഗത്തിൽ തിരിച്ചു വന്നു. ഇരുന്നിടത്തു നിന്നും അൽപ്പം കൂടി കിഴക്കോട്ടേക്ക് മാറിയിരുന്നു.
വീട്ടിലെ അടുക്കളക്ക് എന്തു പറ്റിയെന്ന ചോദ്യം എന്റെ നാവിൻ തുമ്പത്തുണ്ട് എന്നറിഞ്ഞപോലെ അവർ എന്നെ നോക്കി ഒന്നുകൂടി ചിരിച്ചു.
“എല്ലാവരും ഭക്ഷണം പുറത്തു നിന്ന്. ഓരോരുത്തർക്കും ഓരോ ടേസ്റ്റല്ലേ. എല്ലാം കൂടി ഉണ്ടാക്കുകയെന്നു വച്ചാൽ അതു പ്രായോഗികമല്ല. ഇപ്പോഴത്തെ ഹോട്ടലുകളിലും ബേക്കറികളിലും പണ്ടൊക്കെ വീട്ടിലുണ്ടാക്കിയത് പോലുള്ള ഭക്ഷണം കിട്ടുന്നുണ്ട്. അൽപ്പം വില കൂടിയാലും അതുതരുന്ന നൊസ്റ്റാൾജിയ – ഹൊ! രാവിലെയും ഉച്ചക്കും രാത്രിയുമെല്ലാം അതെ’
അവരുടെ മുഖത്ത് നിരാശയുടെ കാർ മേഘം പെയ്യാൻ നിന്നു. “അതോടെ അടുക്കള ക്ലോസ് ചെയ്തു.
നമ്മൾ വെറുതെ റിസ്‌ക്കെടുക്കേണ്ടല്ലോ.’ കടലിനു മീതെ സൂര്യവെളിച്ചത്തിൽ തിളങ്ങിപ്പറന്നു പോകുന്ന വെളുത്ത കടൽക്കാക്കകളെ നോക്കി അവർ തുടർന്നു.
“നക്ഷത്രങ്ങൾ മാഞ്ഞുപോവുകയല്ല, അവ അസ്തമിക്കുകയാണ്. പക്ഷേ, കടലിലല്ല, അവ അസ്തമിക്കുന്നത് ഓരോ വീടുകളിലുമാണ്. വീട്ടിൽ അടുക്കളകൾ വേണ്ടെന്നു വെക്കുമ്പോൾ നിങ്ങൾക്കതു കാണാം’… ഒരു തുടർ ചോദ്യത്തിനോ ഉത്തരത്തിനോ നാവുയരാതെ ഞാൻ നിൽക്കവെ, എന്റെ മൊബൈൽ ഫോൺ ശബ്ദിച്ചു. “ഏയ്… നേരെത്രയായി…ഇന്ന് പ്രാതലൊന്നും വേണ്ടെന്നുണ്ടോ… വാ ഏട്ടാ.. വന്നു കഴിക്കൂ പിന്നേ… പോരുമ്പം മീനെന്തെങ്കിലും വാങ്ങിയേക്കണേ’…
എന്റെ വീട്ടിലെ ഇനിയും അസ്തമിച്ചിട്ടില്ലാത്ത നക്ഷത്രം മനസ്സിൽ കുളിരു കോരി.
“ശരി ഞാനിതാ എത്തി ‘ ഫോൺ കട്ട് ചെയ്ത് പാന്റ്്സിന്റെ പോക്കറ്റിലേക്കിട്ടു.
ഉടനെ പോകാൻ തോന്നിയില്ല. പെണ്ണൊരുത്തി ഇവിടെ ഒറ്റക്കിങ്ങനെ നിൽക്കുമ്പോൾ….
“വൈഫ് വിളിക്കുകയായിരുന്നു. ഭക്ഷണത്തിന് സമയമായെന്ന് ‘
ഞാൻ തിരിഞ്ഞവരെ നോക്കി. പക്ഷേ, നീണ്ടു വന്ന തിരകൾ നനച്ച തരിമണ്ണിൽ കാൽപ്പാടുകൾ പതിപ്പിച്ച് അവർ ഒരുപാടകലെ എത്തിയിരുന്നു.






