From the print
സുന്നി ഐക്യ ശ്രമങ്ങള്‍ക്ക് തുരങ്കം: നേരിട്ടിടപെട്ട് ജമാഅത്തെ ഇസ്‌ലാമി മാധ്യമങ്ങള്‍
ജമാഅത്തെ ഇസ്‌ലാമി മുഖപത്രവും ചാനലുമാണ് വസ്തുതാവിരുദ്ധമായ വാര്‍ത്തകള്‍ നല്‍കി തെറ്റിദ്ധാരണ പരത്തുന്നത്

കോഴിക്കോട് | മുസ്‌ലിം സംഘടിത വിഷയങ്ങളില്‍ നേരിട്ടിടപെട്ട് ജമാഅത്തെ ഇസ്‌ലാമി മാധ്യമങ്ങള്‍. ജമാഅത്തെ ഇസ്‌ലാമി മുഖപത്രവും ചാനലുമാണ് വസ്തുതാവിരുദ്ധമായ വാര്‍ത്തകള്‍ നല്‍കി തെറ്റിദ്ധാരണ പരത്തുന്നത്.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന വഖ്ഫ് സംരക്ഷണ സമ്മേളനത്തോടനുബന്ധിച്ച് അവാസ്തവ നിലപാട് സ്വീകരിച്ച ചാനല്‍ സ്വയം പരിഹാസ്യമാകുകയും വിമര്‍ശനമുയരുകയും ചെയ്തു. സമ്മേളനത്തില്‍ ഇ കെ വിഭാഗം പ്രസിഡന്റ്സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പങ്കെടുക്കില്ലെന്നാണ് തെറ്റിദ്ധരിപ്പിച്ചത്. എന്നാൽ, തങ്ങൾ ഓണ്‍ലൈനായി പങ്കെടുക്കുകയും സമ്മേളനം ഉദ്ഘാടനം ചെയ്യുകയുമുണ്ടായി.
വൈകിട്ട് 5.30ന് ജിഫ്‌രി തങ്ങള്‍ പരിപാടിയില്‍ പങ്കെടുത്ത ശേഷവും ഏഴിന് ചാനല്‍ സംപ്രേഷണം ചെയ്ത വാര്‍ത്തയില്‍ സമ്മേളനത്തില്‍ നിന്ന് സുന്നി സംഘടനകള്‍ പിന്‍മാറിയെന്നും ജിഫ്‌രി തങ്ങള്‍ പങ്കെടുത്തില്ലെന്നുമാണ് പ്രചരിപ്പിച്ചത്. ചാനല്‍ വസ്തുതാവിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ഇ കെ വിഭാഗം മുശാവറ സെക്രട്ടറി മുക്കം ഉമര്‍ ഫൈസിയടക്കമുള്ളവര്‍ സമ്മേളനത്തില്‍ വെച്ച് തന്നെ നിശിതമായ വിമര്‍ശനമുയര്‍ത്തിയിരുന്നു.
കേളത്തിലെ നാല് സുന്നി പണ്ഡിത സഭകള്‍ ഒരുമിച്ച് സമ്മേളനം നടത്തുന്നതിനെ തുരങ്കം വെക്കാന്‍ വലിയ ശ്രമങ്ങളാണ് ജമാഅത്തെ ഇസ്‌ലാമി മീഡിയകള്‍ നടത്തിയത്. സമ്മേളനത്തിന് രാഷ്ട്രീയ ലക്ഷ്യമുണ്ടായിരുന്നുവെന്നും വഖ്ഫ് സംരക്ഷണ സമ്മേളനത്തിന് രൂപവത്കരിച്ച കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി സി പി എം പിന്തുണക്കുന്ന സുന്നി വിഭാഗങ്ങളുടെ കൂട്ടായ്മയാണെന്നും ജമാഅത്തെ ഇസ്്ലാമി മുഖപത്രം വാര്‍ത്തയെഴുതി.
മുസ്‌ലിം ലീഗ്- ഇ കെ വിഭാഗം തർക്കങ്ങൾ വഷളാക്കിയതിന് പിന്നിലെ ജമാഅത്തെ ഇസ്‌ലാമി മാധ്യമങ്ങളുടെ പങ്കും ഇപ്പോൾ ചര്‍ച്ചാ വിഷയമാകുന്നുണ്ട്. ചെറിയ പ്രശ്‌നങ്ങള്‍ ഊതിവീര്‍പ്പിച്ച് ലീഗ് പക്ഷത്ത് നിലയുറപ്പിക്കുക എന്നതാണ് ജമാഅത്തെ ഇസ്‌ലാമിയുടെ ശ്രമം. ബഹാഉദ്ദീന്‍ നദ്‌വിയും ഹകീം ഫൈസിയും തങ്ങളുടെ വിഭാഗീയ നീക്കങ്ങള്‍ക്ക് മീഡിയാ വണ്‍ ചാനലിനെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.
പൊതുവേ, മുസ്‌ലിം സംഘടിത വിഷയങ്ങളില്‍ സുന്നി വിഭാഗങ്ങള്‍ക്കെതിരായ സമീപനമാണ് ജമാഅത്തെ ഇസ്്ലാമി മാധ്യമങ്ങളില്‍ നിന്ന് ഉയരുന്നത്. എറണാകുളത്തെ വഖ്ഫ് സംരക്ഷണ സമ്മേളനത്തിന് രൂപവത്കരിച്ച കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ നാല് വിഭാഗം സുന്നി സംഘടനകളുടെയും പ്രമുഖ നേതാക്കള്‍ ഭാരവാഹികളായിരുന്നു. ഇ കെ വിഭാഗം മുശാവറ അംഗം ഐ ബി ഉസ്മാന്‍ ഫൈസിയായിരുന്നു ചെയര്‍മാന്‍. സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത് അദ്ദേഹമാണ്. സ്വാഗതഭാഷണം നടത്തിയത് കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ജനറല്‍ കണ്‍വീനറും കേരള മുസ്‌ലിം ജമാഅത്ത് എറണാകുളം ജില്ലാ പ്രസിഡന്റുമായിരുന്ന വി എച്ച് അലി ദാരിമിയായിരുന്നു. ആമുഖഭാഷണം നടത്തിയത് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ വര്‍ക്കിംഗ് ചെയര്‍മാനുമായിരുന്ന തൗഫീഖ് മൗലവിയായിരുന്നു. സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ ജില്ലാ ഉപാധ്യക്ഷനും കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ട്രഷററുമായിരുന്ന ബശീര്‍ വഹബിയും സമ്മേളനത്തില്‍ സജീവമായി പങ്കെടുക്കുകയും പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്.
കൂടാതെ, എസ് വൈ എസ് സാന്ത്വനം വളണ്ടിയര്‍മാരും എസ് കെ എസ് എസ് എഫിന്റെ വിഖായയും ദക്ഷിണ കേരളയുടെ ഹിഫാളയും സംസ്ഥാനയുടെ സേവന ഗാര്‍ഡുമടക്കം സന്നദ്ധ പ്രവര്‍ത്തകരും സമ്മേളനത്തിന്റെ വിജയത്തിനായി സജീവമായി രംഗത്തെത്തി. ഈ പശ്ചാത്തലം നിലനില്‍ക്കെയാണ് കലൂരിലെ സമ്മേളനം സുന്നികളിലെ ചില വിഭാഗങ്ങള്‍ മാത്രം സംഘടിപ്പിച്ചതാണെന്ന് ജമാഅത്തെ ഇസ്്ലാമി മുഖപത്രം വാര്‍ത്ത നൽകിയത്. കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റിയിലെ നാലില്‍ മൂന്ന് സംഘടനകളും പിന്മാറിയെന്ന് ചാനലും വാര്‍ത്ത നല്‍കി. “കാന്തപുരം എ പി വിഭാഗവും സമസ്തയിലെ സി പി എം അനുകൂലികളും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ച’തെന്ന വ്യാജ പരാമര്‍ശവും ചാനലില്‍ വന്നു.
എന്നാൽ, കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ സമ്മേളനത്തിന് വേണ്ടി തയ്യാറാക്കിയ പന്തല്‍ നിറഞ്ഞുകവിയുന്ന സാഹചര്യമായിരുന്നു. പ്രസംഗിച്ച മുഴുവന്‍ നേതാക്കളും സുന്നി ഐക്യത്തിന്റെ പ്രാധാന്യം എടുത്ത് പറയുകയും ചെയ്തത് ആവേശമായി.