Kerala
സുഹ്ബതുല്‍ ഹുജ്ജാജ് സംഗമവും ഹറമൈന്‍ എക്‌സ്‌പോയും നാളെ മഅ്ദിനിൽ
പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗജന്യമായി എക്സ്പോ കാണാൻ പ്രത്യേക സൗകര്യങ്ങള്‍

മലപ്പുറം | പ്രവാചകര്‍ മുഹമ്മദ് നബി(സ്വ)യുടെ 1500ാം ജന്മദിനത്തിൻ്റെ ഭാഗമായി വിശുദ്ധ മക്കയും മദീനയും സന്ദര്‍ശിച്ചവരുടെ സംഗമമായ സുഹ്ബതുല്‍ ഹുജ്ജാജ് നാളെ രാവിലെ പത്ത് മുത്ല്‍ ഉച്ചക്ക് രണ്ട് വരെ മഅ്ദിന്‍ ക്യാമ്പസില്‍ നടക്കും. സംഗമം മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. ഇബ്റാഹീം ബാഖവി മേല്‍മുറി, പൂപ്പലം അശ്റഫ് സഖാഫി എന്നിവര്‍ നേതൃത്വം നല്‍കും.
മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ 2010 മുതല്‍ ഹജ്ജ്- ഉംറ-സിയാറ നിര്‍വഹിച്ചവര്‍ സംഗമത്തില്‍ പങ്കെടുക്കും. മക്കയിലെയും മദീനയിലെയും ചരിത്ര സ്ഥലങ്ങള്‍, സംഭവങ്ങള്‍ ആസ്പദമാക്കി സംഘടിപ്പിക്കുന്ന ഹറമൈന്‍ എക്സ്പോക്ക് നാളെ രാവിലെ ഒന്പത് മുതല്‍ തുടക്കമാകും. ഞായറാഴ്ച സമാപിക്കും.
മക്കയില്‍ നിന്ന് തുടങ്ങി മദീനയില്‍ അവസാനിക്കുന്ന പ്രധാനപ്പെട്ട 45 കേന്ദ്രങ്ങളുടെ മിനിയേച്ചര്‍ മാതൃക, മക്ക മദീന പഴയതും പുതിയതുമായ ദൃശ്യാവിഷ്‌കാരം, പരമ്പരാഗത രീതിയിലുള്ള ഹജ്ജ് തീര്‍ത്ഥാടനത്തെ പുനരാവിഷ്‌കരിക്കല്‍, സഫ, മര്‍വ മലകള്‍, അറഫ, മിന, മുസ്ദലിഫ, ജംറകള്‍ എന്നിവയെ പരിചയപ്പെടുത്തല്‍, തീം പ്രസന്റേഷന്‍, വിര്‍ച്വല്‍ റിയാലിറ്റി ഉപയോഗിച്ച് മക്ക, മദീന ആസ്വാദനം, കഅ്ബയുടെ നിര്‍മാണ ഘട്ടങ്ങള്‍, പ്രവാചകര്‍ ഹിജ്റ വേളയില്‍ ഉപയോഗിച്ച പാതയുടെ വിശദീകരണം, മസ്ജിദുല്‍ ഹറാം, മസ്ജിദുന്നബവി ചരിത്രവിവരണം, സൗര്‍ ഗുഹ, നൂര്‍ പര്‍വതം എന്നിവയുടെ ആവിഷ്‌കാരം, ക്ലോക്ക് ടവര്‍ മാതൃക, ഖുര്‍ആന്‍ ലോകം, തുടങ്ങി ഒട്ടേറെ ചരിത്രപരവും വ്യത്യസ്തങ്ങളുമായ വിഷയങ്ങളാണ് എക്സപോയില്‍ ഒരുക്കിയിട്ടുള്ളത്.
ജിദ്ദയില്‍ നിന്ന് മക്കയിലേക്ക് പ്രവേശിക്കുന്ന അതിര്‍ത്തിയിലുള്ള കവാടത്തിന്റെ മാതൃകയാണ് എക്‌സ്‌പോയിലേക്കുള്ള പ്രവേശനത്തിനായി സജ്ജീകരിച്ചിട്ടുള്ളത്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗജന്യമായി എക്സ്പോ കാണാനുള്ള പ്രത്യേക സൗകര്യങ്ങള്‍ സംവിധാനിച്ചിട്ടുണ്ട്.