in sudan
സുഡാൻ സൈനിക അട്ടിമറി; ഹംദൂക്ക് തന്റെ വീട്ടിലെന്ന് ബുർഹാൻ
രാജ്യം ശാന്തമായാൽ പ്രധാനമന്ത്രിയെ വിട്ടയക്കുമെന്ന് സൈനിക മേധാവി. ജനാധിപത്യ പ്രക്ഷോഭം ശക്തം. ഏഴ് മരണം
ഖാർത്വൂം | പുറത്താക്കപ്പെട്ട പ്രധാനമന്ത്രി അബ്ദുല്ല ഹംദൂക്കിനെ തന്റെ വസതിയിൽ പാർപ്പിച്ചിരിക്കുകയാണെന്ന് സുഡാനിൽ അട്ടിമറിക്ക് നേതൃത്വം നൽകിയ സൈനിക മേധാവി ജനറൽ അബ്ദുൽ ഫത്താഹ് അൽ ബുർഹാൻ. ഹംദൂക്ക് സുരക്ഷിതനാണെന്നും സുരക്ഷാ കാരണങ്ങളാൽ അദ്ദേഹത്തെ മാറ്റിനിർത്തിയിരിക്കുകയാണെന്നും ഇന്നലെ തലസ്ഥാനമായ ഖാർത്വൂമിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ ബുർഹാൻ പറഞ്ഞു.
സൈനിക- സിവിലിയൻ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ പിരിച്ചുവിട്ടാണ് കഴിഞ്ഞ ദിവസം സൈന്യം അധികാരം പൂർണമായും നിയന്ത്രണത്തിലാക്കിയത്. ഇതിന് പിന്നാലെ, ജനകീയ മുന്നേറ്റങ്ങൾക്ക് പിന്തുണ നൽകുന്ന രാഷ്ട്രീയ നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു. ഹംദൂക്കും അറസ്റ്റിലായതായി റിപ്പോർട്ടുണ്ടായിരുന്നു. ഇക്കാര്യം സ്ഥിരീകരിച്ച ബുർഹാൻ, പ്രതിസന്ധി തീരുന്ന മുറക്ക് ഹംദൂക്കിനെ വിട്ടയക്കുമെന്ന് വ്യക്തമാക്കി. രാജ്യം ജനാധിപത്യ സർക്കാറിലേക്ക് മാറുന്നതോടെ സൈന്യം ബാരക്കുകളിലേക്ക് മടങ്ങും. രാഷ്‌ട്രീയ കക്ഷികൾ തമ്മിലുള്ള ചേരിപ്പോരും സൈന്യത്തിനെതിരായ വിദ്വേഷവും രാജ്യത്തെ ആഭ്യന്തര യുദ്ധത്തിലേക്ക് നയിച്ചേക്കുമെന്നും ബുർഹാൻ മുന്നറിയിപ്പ് നൽകി.
അതിനിടെ, സുഡാനിൽ ജനാധിപത്യവാദികൾ തെരുവിലിറങ്ങി. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെങ്കിലും ഖാർത്വൂമിൽ പ്രതിഷേധം ആളിക്കത്തുകയാണ്. തലസ്ഥാനത്തേക്കുള്ള റോഡുകളും പാലങ്ങളും പ്രക്ഷോഭകർ ബാരിക്കേഡുകൾ സ്ഥാപിച്ച് അടച്ചു. സംഘർഷത്തിൽ ഏഴ് പേർ മരിച്ചുവെന്നാണ് റിപ്പോർട്ട്. ഇന്റർനെറ്റും മൊബൈൽ സേവനങ്ങളും നിർത്തിവെച്ചിട്ടുണ്ടെങ്കിലും വൈകാതെ പുനഃസ്ഥാപിക്കുമെന്ന് സൈനിക മേധാവി അറിയിച്ചിട്ടുണ്ട്.

