Connect with us

Kerala

സിദ്ധാര്‍ഥന്റെ മരണത്തിന് കാരണക്കാരായ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും: മന്ത്രി വി ശിവന്‍കുട്ടി

കുറ്റവാളികള്‍ ഏത് സംഘടനകളിലുള്ളവരാണെങ്കിലും നടപടിയുണ്ടാകുമെന്നും ഇത്തരം അക്രമങ്ങള്‍ ഒരു സംഘടനയും നടത്താന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം | വയനാട് പൂക്കോട് വെറ്റിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തിന് കാരണക്കാരായവര്‍ക്ക് എതിരെ യാതൊരുവിധ വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കുറ്റവാളികള്‍ ഏത് സംഘടനകളിലുള്ളവരാണെങ്കിലും നടപടിയുണ്ടാകുമെന്നും ഇത്തരം അക്രമങ്ങള്‍ ഒരു സംഘടനയും നടത്താന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം സര്‍ക്കാര്‍ നടപടികളില്‍ സിദ്ധാര്‍ഥിന്റെ കുടുംബം തൃപ്തരാണെന്നും എല്ലാ കാര്യങ്ങളിലും  സര്‍ക്കാര്‍ സിദ്ധാര്‍ഥിന്റെ കുടുംബത്തോടൊപ്പമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംഭവവുമായി ബന്ധപ്പെട്ട് ശനിയാഴ്ച രണ്ടുപ്രതികളെ കൂടി പോലീസ് പിടികൂടി.
സിദ്ധാര്‍ഥനെ ക്രൂരമായി മര്‍ദിച്ചവരില്‍ പ്രധാനിയായ സിന്‍ജോ ജോണ്‍സണ്‍, കാശിനാഥന്‍ എന്നിവരാണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെ സിന്‍ജോ ജോണ്‍സന്റെ ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് പ്രതിയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കാശിനാഥന്‍ നേരിട്ട് പോലീസില്‍ കീഴടങ്ങുകയായിരുന്നു.

കേസിലാകെ 18 പ്രതികളാണുള്ളത്. നിലവില്‍ 11 പേരാണ് അറസ്റ്റിലായത്. മൂന്നു പേര്‍ കസ്റ്റഡിയിലുമുണ്ട്. ഇനി നാലു പ്രതികളെ കൂടി കിട്ടാനുണ്ട്. നാല് പ്രതികള്‍ക്കായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. കേസില്‍ 12 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കൂടി നടപടിയെടുക്കും. 10 വിദ്യാര്‍ത്ഥികളെ ഒരു വര്‍ഷത്തേക്ക് വിലക്കുകയും ചെയ്തു.

 

Latest