Connect with us

From the print

നിലപാടിന്റെ ബലം

കൊല ചെയ്യപ്പെട്ട ടി പിയുടെ വീട്ടിലേക്ക് കയറിച്ചെന്ന് കുടുംബത്തെ ചേര്‍ത്തുപിടിക്കാനും കൊലപാതകികളെ കുറിച്ച് മാധ്യമങ്ങളോട് തുറന്നടിക്കാനും വി എസ് കാണിച്ച ആത്മ ധൈര്യം കേരള രാഷ്ട്രീയം പലതരത്തില്‍ ചര്‍ച്ച ചെയ്തു.

Published

|

Last Updated

ഈടും ഉറപ്പുമുള്ള വി എസിന്റെ നിലപാടിന്റെ ബലം ഒരിക്കല്‍ക്കൂടി തെളിഞ്ഞ ഘട്ടമായിരുന്നു 2012ല്‍ ടി പി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പ്രതികരണങ്ങള്‍.

കൊല ചെയ്യപ്പെട്ട ടി പിയുടെ വീട്ടിലേക്ക് കയറിച്ചെന്ന് കുടുംബത്തെ ചേര്‍ത്തുപിടിക്കാനും കൊലപാതകികളെ കുറിച്ച് മാധ്യമങ്ങളോട് തുറന്നടിക്കാനും വി എസ് കാണിച്ച ആത്മ ധൈര്യം കേരള രാഷ്ട്രീയം പലതരത്തില്‍ ചര്‍ച്ച ചെയ്തു.

സംഘര്‍ഷം നിറഞ്ഞുനിന്ന ഘട്ടത്തില്‍ ടി പിയുടെ പഴയ സുഹൃത്തുക്കളടക്കം സി പി എമ്മിന്റെ ഭാഗമായ അധികമാര്‍ക്കും അന്ന് ആ വീട്ടിലേക്ക് കടന്നുചെല്ലാന്‍ ധൈര്യമുണ്ടായിരുന്നില്ല. എന്നാല്‍, വി എസ് അവിടെയെത്തുകയും മൃതദേഹത്തില്‍ ആദരമര്‍പ്പിക്കുകയും ചെയ്തു.

ചന്ദ്രശേഖരന്‍ ധീരനായ കമ്മ്യൂണിസ്റ്റ് പോരാളിയായിരുന്നുവെന്നാണ് മരണവീട്ടില്‍ വെച്ച് അദ്ദേഹം പ്രതികരിച്ചത്. പിണറായി വിജയന്‍ അടക്കമുള്ളവര്‍ ടി പിയെ കുലംകുത്തിയെന്ന് ആവര്‍ത്തിച്ച് ആക്ഷേപിക്കുന്ന ഘട്ടത്തില്‍ വി എസ് അതിനെ വിമര്‍ശിച്ചു. പിണറായിയെ ഡാങ്കെയോട് ഉപമിച്ചുകൊണ്ടായിരുന്നു വി എസിന്റെ തിരിച്ചടി.

മരണ ശേഷം പിന്നീട് ടി പിയുടെ വീട് സന്ദര്‍ശിക്കാന്‍ നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് ദിനം വി എസ് തിരഞ്ഞെടുത്തത് പാര്‍ട്ടിയെ വീണ്ടും വെട്ടിലാക്കി. ടി പിയുടെ പ്രായമായ മാതാവിനെയും ഭാര്യയെയും മകനെയും ആശ്വസിപ്പിക്കാനാണ് പോയതെന്നും ആ ദിവസം ഉപതിരഞ്ഞെടുപ്പ് ദിനമായത് യാദൃച്ഛികമാണെന്നുമായിരുന്നു വി എസിന്റെ മറുപടി.

ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമയെ വി എസ് സന്ദര്‍ശിക്കുകയും ചേര്‍ത്തുപിടിക്കുകയും ചെയ്ത ചിത്രവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. വടകര ലോക്സഭാ തിരഞ്ഞെടുപ്പിലടക്കം ഈ ചിത്രം യു ഡി എഫ് പ്രചാരണായുധമാക്കി. ഇതിനെതിരെ എല്‍ ഡി എഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.

വി എസിന്റെ നൂറാം ജന്മദിനത്തില്‍ കെ കെ രമ ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ:
ടി പി രക്തസാക്ഷിയായ നാള്‍ ആ ഭൗതികശരീരം സന്ദര്‍ശിക്കാനും ധീരനായ കമ്മ്യൂണിസ്റ്റാണ് ടി പി എന്ന് ലോകത്തോട് വിളിച്ചു പറയാനും ഒരു നേതൃ തിട്ടൂരത്തെയും അദ്ദേഹം ഭയന്നില്ല.
നാടാകെ വിറങ്ങലിച്ചു നിന്നുപോയ അക്കാലത്ത് ഒഞ്ചിയത്തെത്തുകയും പിതൃതുല്യമായ സ്നേഹത്തോടെയും വിപ്ലവകാരിയുടെ സമചിത്തതയോടെയും ചേര്‍ത്തുപിടിച്ചത് ജീവിതത്തിലെ ദീപ്ത സ്മൃതികളിലൊന്നാണ്. അന്ന് പകര്‍ന്ന സമാശ്വാസത്തിന്റെ കൂടി ബലത്തിലാണ് ചിതറിപ്പോയ പലതും ഈ നാട് വീണ്ടെടുത്തത്.