Kerala
പാലിയേക്കരയിലെ ടോള്‍ പിരിവിനുള്ള സ്റ്റേ തുടരും; റിപ്പോര്‍ട്ടില്‍ നടപടിയെടുത്ത ശേഷം മാത്രം അനുമതിയെന്ന് ഹൈക്കോടതി
. പ്രദേശത്തെ പ്രശ്നങ്ങള്‍ പൂര്‍ണമായും പരിഹരിച്ചിട്ടില്ലെന്നും, ഗതാഗതക്കുരുക്ക് തുടരുകയാണെന്നാണ് വ്യക്തമാകുന്നതെന്നും കോടതി നിരീക്ഷിച്ചു

കൊച്ചി | പാലിയേക്കരയിലെ ടോള്‍ പിരിവിന് ഹൈക്കോടതി ഏര്‍പ്പെടുത്തിയ സ്റ്റേ തുടരും. നിര്‍ദേശങ്ങള്‍ നടപ്പിലാക്കിയോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തൃശൂര്‍ ജില്ലാ കലക്ടര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. ടോള്‍ പിരിവ് അനുവദിക്കണമെന്നും, ടോള്‍ പിരിവ് തടഞ്ഞുകൊണ്ടുള്ള നടപടി നീട്ടിക്കൊണ്ടുപോകാനാകില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വാദിച്ചുവെങ്കിലും കോടതി തയ്യാറായില്ല.
സംസ്ഥാന റോഡുകളും പ്രാദേശിക റോഡുകളും അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി തീരുന്നതു വരെ കാത്തിരിക്കാനാവില്ലെന്നും, ടോള്‍ പിരിക്കാന്‍ അനുവദിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ എന്തെല്ലാം ചെയ്യണമെന്നതു സംബന്ധിച്ച് ദേശീയപാത അതോറിറ്റിക്ക് ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ആ റിപ്പോര്‍ട്ടില്‍ നടപടിയെടുക്കൂ. അതിനുശേഷം ടോള്‍ പിരിക്കുന്നതില്‍ തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കി. തൃശൂര്‍ ജില്ലാ കലക്ടര്‍ ഓണ്‍ലൈനായി കോടതിയില്‍ ഹാജരായിരുന്നു. പ്രദേശത്തെ പ്രശ്നങ്ങള്‍ പൂര്‍ണമായും പരിഹരിച്ചിട്ടില്ലെന്നും, ഗതാഗതക്കുരുക്ക് തുടരുകയാണെന്നാണ് വ്യക്തമാകുന്നതെന്നും കോടതി നിരീക്ഷിച്ചു. റോഡിലെ അറ്റകുറ്റപ്പണി പൂര്‍ത്തായശേഷം മതി ടോള്‍ പിരിവെന്നും കോടതി അഭിപ്രായപ്പെട്ടു. ടോള്‍ പിരിവിന് എന്താണ് ഇത്ര തിടുക്കമെന്നും, ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിച്ചശേഷം ടോള്‍ പിരിവ് പുനരാരംഭിക്കുന്നത് പരിഗണിക്കാമെന്നും കോടതി സൂചിപ്പിച്ചു. തുടര്‍ന്ന് കേസ് അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റുകയാണെന്നും, അതുവരെ സ്റ്റേ തുടരുമെന്നും ഹൈക്കോടതി അറിയിച്ചു.