Editors Pick
ജെ എൻ യുവിലെ തീപ്പൊരി നേതാവ്; ഇന്ദിരയെ വിറപ്പിച്ച വിപ്ലവവീര്യം
ഇന്ദിരാഗാന്ധി എത്തിയതോടെ നേരത്തെ തയ്യാറാക്കിയ കുറിപ്പ് യെച്ചൂരി പോക്കറ്റിൽ നിന്നെടുത്തു. ഇന്ദിരാഗാന്ധിക്ക് എതിരായ കുറ്റപത്രമായിരുന്നു അത്. ഇന്ദിര നോക്കിനിൽക്കെ യെച്ചൂരിയെന്ന് 25കാരൻ ആ കുറ്റപത്രം ഉറക്കെ വായിച്ചു. പ്രധാനമന്ത്രിക്ക് എതിരായ രൂക്ഷമായ ആരോപണങ്ങളാണ് അതിൽ നിറയെ. പുഞ്ചിരിച്ച് കൊണ്ട് വിദ്യാർഥികൾക്ക് മുന്നിലെത്തിയ ഇന്ദിരയുടെ മുഖം പൊടുന്നനെ കറുത്തു. കുറ്റപത്രത്തിലെ തീഷ്ണമായ വാക്കുകൾ മുഴുവൻ കേട്ടുനിൽക്കാനാകാതെ ഇന്ദിര അവിടെ നിന്നും തിരിച്ചു.
		
      																					
              
              
            1977ലെ അടിയന്തരാവസ്ഥാ കാലം. അന്ന് ജവഹർലാൽ നെഹ്റു സർവകാലശാലയിൽ വിദ്യാർഥിയായിരുന്നു സീതാറാം യെച്ചൂരി. ജെഎൻയുവിലെ വിദ്യാർഥി യൂണിയന്റെ കരുത്തനായ പ്രസിഡന്റ്. ആയിടക്കാണ് ജെഎൻയുവിൽ വലിയൊരു പ്രതിഷേധത്തിന് കളമൊരുങ്ങിയത്. തിരഞ്ഞെടുപ്പിൽ തോറ്റിട്ടും ഇന്ദിരാഗാന്ധി സർവകലാശലയുടെ ചാൻസിലർ സ്ഥാനത്ത് തുടരുന്നതിനെതിരെയായിരുന്നു പ്രതിഷേധം.
ജെ എൻ യുവിലെ നൂറുകണക്കിന് വിദ്യാർഥികൾ അന്ന് പ്രതിഷേധരംഗത്തിറങ്ങി. ഇന്ദിരാ ഗാന്ധിയുടെ വസതിയിലേക്ക് വിദ്യാർഥി മാർച്ച് നടത്താനായിരുന്നു ആദ്യ തീരുമാനം. ഇതനുസരിച്ച് 1977 സെപ്തംബർ അഞ്ചിന്, ജവഹർലാൽ നെഹ്റു സർവകലാശാലയിലെ അഞ്ഞൂറിലേറെ വിദ്യാർഥികൾ ഇന്ദിരാഗാന്ധിയുടെ വസതിയിലേക്ക് മാർച്ച് ചെയ്‌തു. മാർച്ച് സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. ഇന്ദിരയെ കാണണമെന്ന് വിദ്യാർഥികൾ സുരക്ഷാ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. സുരക്ഷാ ജീവനക്കാർ വിവരമറിയിച്ചപ്പോൾ നാലോ അഞ്ചോ വിദ്യാർഥികളോട് അകത്തേക്ക് വരാൻ ഇന്ദിര ആവശ്യപ്പെട്ടു. എന്നാൽ സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിലുള്ള വിദ്യാർഥി സംഘം വഴങ്ങിയില്ല. ഞങ്ങൾ നാലോ അഞ്ചോ പേരല്ലെന്നും എല്ലാവരും ഒന്നിച്ചുമാത്രമേ അകത്തേക്ക് വരൂവെന്നും സീതാറാം യെച്ചൂരി ഉറച്ച നിലപാടെടുത്തു. യെച്ചൂരി ഒരു വിട്ടുവീഴ്ചക്ക് തയ്യാറാകാതെ നിന്നതോടെ ഇന്ദിരാഗാന്ധി വഴങ്ങി. വിദ്യാഥികളെ വസതിയുടെ മുറ്റത്തേക്ക് പ്രവേശിപ്പിച്ചു. ഇന്ദിരാഗാന്ധി അവരുടെ അരികിലെത്തി. ആഭ്യന്തര മന്ത്രി ഓം മേത്തയും കൂടെയുണ്ട്.

1977ൽ അടിയന്തരാവസ്ഥാ കാലത്ത് തിരഞ്ഞെടുപ്പിൽ തോറ്റിട്ടും ഇന്ദിരാഗാന്ധി ജെഎൻയു ചാൻസിലർ സ്ഥാനത്ത് തുടരുന്നതിനെതിരെ നടത്തിയ സമരത്തിൽ ഇന്ദിരാഗാന്ധിയുടെ സാന്നിധ്യത്തിൽ അവർക്ക് എതിരായ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്ന സീതാറാം യെച്ചൂരി
ഇന്ദിരാഗാന്ധി എത്തിയതോടെ നേരത്തെ തയ്യാറാക്കിയ കുറിപ്പ് യെച്ചൂരി പോക്കറ്റിൽ നിന്നെടുത്തു. ഇന്ദിരാഗാന്ധിക്ക് എതിരായ കുറ്റപത്രമായിരുന്നു അത്. ഇന്ദിര നോക്കിനിൽക്കെ യെച്ചൂരിയെന്ന് 25കാരൻ ആ കുറ്റപത്രം ഉറക്കെ വായിച്ചു. പ്രധാനമന്ത്രിക്ക് എതിരായ രൂക്ഷമായ ആരോപണങ്ങളാണ് അതിൽ നിറയെ. പുഞ്ചിരിച്ച് കൊണ്ട് വിദ്യാർഥികൾക്ക് മുന്നിലെത്തിയ ഇന്ദിരയുടെ മുഖം പൊടുന്നനെ കറുത്തു. കുറ്റപത്രത്തിലെ തീഷ്ണമായ വാക്കുകൾ മുഴുവൻ കേട്ടുനിൽക്കാനാകാതെ ഇന്ദിര അവിടെ നിന്നും തിരിച്ചു.

പക്ഷേ, തൊട്ടടുത്ത ദിവസം അവർ വൈസ് ചാൻസിലർ സ്ഥാനം രാജിവെച്ചു. അടിയന്തരാവസ്ഥ കാലത്തെ തിളക്കമാർന്ന വിദ്യാർഥി സമര വിജയമായിരുന്നു അത്. അവിടെ നിന്നങ്ങോട്ട് യെച്ചൂരിയെന്ന വിദ്യാർഥി നേതാവ് തീപ്പൊരി നേതാവായി വളർന്നു.
ജെഎൻയു തന്നെയായിരുന്നു സീതാറാം യെച്ചൂരിയെന്ന വിപ്ലവ നേതാവിന്റെ പരിശീലന കളരി. അക്കാലത്ത് എസ് എഫ് ഐയുടെ പ്രവർത്തനങ്ങളിൽ സജീവപങ്കാളിയായിരുന്നു അദ്ദേഹം. കാലം പിന്നീട് ‘മാർക്സിസ്റ്റ് ഇരട്ടകൾ’ എന്ന് വിശേഷിപ്പിച്ച സീതാറാം യെച്ചൂരി – പ്രകാശ് കാരാട്ട് കൂട്ടുകെട്ട് പിറക്കുന്നതും അവിടെ നിന്ന് തന്നെ. 1973ൽ പ്രകാശ് കാരാട്ട് ജെഎൻയു യൂണിയൻ ചെയർമാനായി മത്സരിച്ചപ്പോൾ തീപ്പൊരി പ്രസംഗങ്ങൾ നടത്തി അദ്ദേഹത്തിന് വേണ്ടി പ്രചാരണം നയിച്ചത് യെച്ചൂരിയായിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രസംഗങ്ങളുടെ തുടക്കമായിരുന്നു അത്.

പ്രകാശ് കാരാട്ടിന് ശേഷം യെച്ചൂരി യൂണിയൻ ചെയർമാനായി. മൂന്നുവട്ടം സർവകലാശാല യൂണിയൻ ചെയർമാനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. വ്യത്യസ്തവും നവീനവുമായ സമരരീതികൾ ആവിഷ്കരിച്ചതിലൂടെ അദ്ദേഹം ശ്രദ്ധേയനായി. അക്കാലത്താണ് ‘പഠിക്കുക, പോരാടുക’ എന്ന മുദ്രാവാക്യം എസ് എഫ് ഐ ഉയർത്തിയത്.
അടിയന്തരാവസ്ഥക്ക് ശേഷവും യെച്ചൂരിയുടെ നേതൃത്വത്തിൽ നിരവധി സമരങ്ങൾക്ക് ജെഎൻയു സാക്ഷ്യം വഹിച്ചു. അടിയന്തരാവസ്ഥയുടെ ഉത്തരവാദികളെ ശിക്ഷിക്കണമെന്ന ആവശ്യമുന്നയിച്ച് നടന്ന പ്രക്ഷോഭങ്ങൾ അതിൽ എടുത്തുപറയേണ്ടതാണ്. പ്രതിഷേധത്തിനിടെ ജെഎൻയു ഗേറ്റിൽ വിസി ബി ഡി നാഗ്‌ചൗധ്‌രിയുടെ കാർ യെച്ചൂരിയുടെ നേതൃത്വത്തിൽ തടഞ്ഞു. കാർ തിരിച്ചുവിട്ട വിസി 40 ദിവസത്തോളം ജെഎൻയുവിലേക്ക് മടങ്ങിവന്നില്ല. ഇത് ജെഎൻയുവിന്റെ പ്രവർത്തനങ്ങളെ ബാധിച്ചു. സർവ്വകലാശാലയുടെ അടിയന്തരവശ്യങ്ങൾക്ക് ഫണ്ട് വിനിയോഗിക്കാൻ സാധിക്കാതെ വന്നു.
ആവശ്യങ്ങൾക്ക് ഫണ്ട് അനുവദിക്കാതെ പ്രതികാര നടപടിയുമായി അധികൃതർ മുന്നോട്ടുപോയപ്പോഴും യെച്ചൂരിയും സഹപാഠികളും തളർന്നില്ല. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ സരോജിനിനഗർ മാർക്കറ്റിലും കോണോട്ട്‌പ്ലേസിലും എത്തി പണം പിരിച്ചു. ‘വിസി ലീവിലാണ്… ജെഎൻയു പ്രവർത്തിക്കും’ എന്ന പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ചായിരുന്നു പിരിവ്.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          

