Connect with us

Kerala

മകന്‍ അച്ഛനെ കൊന്നത് ബൈക്ക് മാറ്റി വാങ്ങി നല്‍കാത്തതിന്റെ പേരില്‍

നെയ്യാറ്റിന്‍കരയില്‍ സുനില്‍കുമാറി(60)നെ കൊലപ്പെടുത്തിയ കേസില്‍ മകന്‍ സിജോയ് സാമുവല്‍(19) നെ കോടതി റിമാന്‍ഡ് ചെയ്തു

Published

|

Last Updated

തിരുവനന്തപുരം | നെയ്യാറ്റിന്‍കരയില്‍ മകന്‍ അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് ബൈക്ക് മാറ്റി വാങ്ങി നല്‍കാത്തതിന്റെ പേരില്‍. അതിയന്നൂര്‍ പഞ്ചായത്തിലെ പട്ട്യക്കാല വടക്കരിക് സംഗീത് ഭവനില്‍നിന്ന് കാഞ്ഞിരംകുളത്ത് വാടകവീട്ടില്‍ താമസിക്കുന്ന സുനില്‍കുമാറി(60)നെ കൊലപ്പെടുത്തിയ കേസില്‍ മകന്‍ സിജോയ് സാമുവല്‍(19) നെ കോടതി റിമാന്‍ഡ് ചെയ്തു.

അടുത്തിടെ സിജോയ് ആവശ്യപ്പെട്ടതുപ്രകാരം രക്ഷിതാക്കള്‍ ബൈക്ക് വാങ്ങിനല്‍കിയിരുന്നു. ഇതിന് മൈലേജില്ലെന്ന് പറഞ്ഞ് മറ്റൊരു ബൈക്ക് വാങ്ങിത്തരാന്‍ സിജോയ് വാശിപിടിച്ചിരുന്നു. ഓരോ കാരണം പറഞ്ഞ ്അക്രമാസക്തമാവുകയും പിതാവിനെ മര്‍ദ്ദിക്കുകയും പതിവായിരുന്നു. ജൂണ്‍ 11-നാണ് സിജോയ് സാമുവല്‍ അച്ഛനെ ആക്രമിച്ചത്. തലയ്ക്കടിയേറ്റ് ചികിത്സയിലായിരുന്ന സുനില്‍കുമാര്‍ കഴിഞ്ഞദിവസം മരിച്ചു. സിജോയ് അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനും വീഡിയോ ഗെയിമിനും അടിമയായിരുന്നു. കോവിഡ് കാലത്ത് പഠനത്തിനായാണ് സിജോയ്ക്ക് മൊബൈല്‍ ലഭിച്ചത്. പിന്നീട് ഇതിന്റെ ഉപയോഗം അമിതമായി. വീഡിയോ ഗെയിമുകളും ഇന്റര്‍നെറ്റ് വഴിയുള്ള പല സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നതായാണ് സൂചന. മൊബൈല്‍ ഉപയോഗം അമിതമായതോടെ രക്ഷിതാക്കള്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചത് സിജോയിയെ കൂടുതല്‍ പ്രകോപിപ്പിച്ചു.

സിജോയ് മര്‍ദനം തുടര്‍ന്നതോടെ മാതാപിതാക്കള്‍ വെണ്‍പകലിലെ വീട്ടില്‍നിന്ന് കാഞ്ഞിരംകുളത്തെ വാടകവീട്ടിലേക്ക് താമസം മാറി. ഇതിനുശേഷവും ബേക്കറി ഉടമയായ സുനില്‍കുമാര്‍ എല്ലാദിവസവും മകന്‍ താമസിക്കുന്ന വീട്ടിലേക്ക് ഭക്ഷണം എത്തിച്ചിരുന്നു. ദിവസവും പോക്കറ്റ് മണിയായി 150 രൂപയും നല്‍കി. എന്നാല്‍, ഭക്ഷണം കൊണ്ടുവരുന്ന സമയത്തും യാതൊരു പ്രകോപനവുമില്ലാതെ സിജോയ് അച്ഛനെ മര്‍ദിച്ചിരുന്നതായാണ് വിവരം. ജൂണ്‍ 11-നും സമാനരീതിയില്‍ ആക്രമിച്ചപ്പോഴാണ് സുനില്‍കുമാറിന് തലയ്ക്കടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സതേടിയപ്പോഴും പടിക്കെട്ടില്‍നിന്ന് കാല്‍വഴുതി വീണ് പരിക്കേറ്റെന്നാണ് സുനില്‍കുമാര്‍ ആശുപത്രി അധികൃതരോട് പറഞ്ഞിരുന്നത്.

കഴിഞ്ഞദിവസം ശസ്ത്രക്രിയയ്ക്ക് തൊട്ടുമുന്‍പായി ഭാര്യയോട് മകന്‍ ആക്രമിച്ച വിവരം വെളിപ്പെടുത്തി. സുനില്‍കുമാര്‍ മരിച്ചതോടെ പോലീസ് സംഭവത്തില്‍ കേസെടുക്കുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. സുനില്‍കുമാര്‍ തനിക്ക് കിട്ടിയ അഞ്ചുസെന്റ് വസ്തു മൂത്തമകള്‍ക്ക് നല്‍കിയതിന്റെ പേരില്‍ പ്രതി മാതാപിതാക്കളെ കൈയേറ്റം ചെയ്തെന്നും വിവരമുണ്ട്. പഞ്ചായത്ത് മെമ്പര്‍ അടക്കമുള്ള നാട്ടുകാര്‍ ഇടപെട്ട് സിജോയിയെ കൗണ്‍സലിങ്ങിന് വിധേയനാക്കിയിരുന്നെങ്കിലും ഫലമുണ്ടായില്ല.

സുനില്‍കുമാറിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഫൊറന്‍സിക്, വിരലടയാള വിദഗ്ധരും സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി.

 

 

Latest