Connect with us

Kerala

പോലീസ് സ്റ്റേഷന്‍ മാര്‍ച്ചിന്റെ പേരില്‍ മകനെ അറസ്റ്റ് ചെയ്തു; പിന്നാലെ ചികിത്സയില്‍ കഴിഞ്ഞിരുന്ന മാതാവ് മരിച്ചു

മാതാവിനുള്ള ഭക്ഷണമെടുക്കാന്‍ വീട്ടിലെത്തിയതാണെന്ന് പറഞ്ഞിട്ടും പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്നാണ് ആരോപണം.

Published

|

Last Updated

കോഴിക്കോട്| ഹൃദ്രോഗ ബാധിതയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അമ്മയ്ക്ക് ഭക്ഷണമെത്തിക്കാന്‍ സമയം അനുവദിക്കണമെന്ന അപേക്ഷ പരിഗണിക്കാതെ മകനെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നാലെ അമ്മ മരിച്ചു. കോഴിക്കോട് അത്തോളിയില്‍ നടന്ന പോലീസ് സ്റ്റേഷന്‍ മാര്‍ച്ചിന്റെ പേരിലായിരുന്നു അറസ്റ്റ്. കോണ്‍ഗ്രസ് നേതാവ് കൂടിയായ മകനെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത മനോവിഷമത്താലാണ് അമ്മ മരിച്ചതെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.

ഡിസംബര്‍ 20നാണ് അത്തോളി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടന്നത്. ഇതുമായി ബന്ധപ്പെട്ട കേസിലാണ് ഉള്ള്യേരി മണ്ഡലം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായ ലിനീഷ് കുമാറിനെ പോലീസ് കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ കസ്റ്റഡിയിലെടുത്തത്. രണ്ട് ദിവസം മുമ്പാണ് ലിനീഷിന്റെ മാതാവിനെ ഹൃദയാഘാതത്തെത്തുടര്‍ന്ന് അത്തോളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മാതാവിനുള്ള ഭക്ഷണമെടുക്കാന്‍ വീട്ടിലെത്തിയതാണെന്ന് പറഞ്ഞിട്ടും പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്നാണ് ആരോപണം. ലിനീഷിനെതിരെ മാര്‍ച്ചിനിടെ പോലീസിനെ ആക്രമിച്ചു എന്നതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. മാതാവിന്റെ സംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ ലീനീഷിന് ജാമ്യം ലഭിച്ചിട്ടുണ്ട്.

 

 

 

---- facebook comment plugin here -----

Latest