Connect with us

Prathivaram

സിലബസിലില്ലാത്ത ചിലത്...

വിദ്യാർഥിയുടെ ഉള്ളിൽ ഉറഞ്ഞു കൂടിയ അന്ധകാരങ്ങൾ മഹത്തായ മാതൃകകൾ കൊണ്ടാണ് മാറ്റിയെടുക്കേണ്ടതെന്നും, പറഞ്ഞു ചെയ്യിക്കുകയല്ല താൻ തന്നെയും ചെയ്തു വേണം അധ്യാപകൻ വിദ്യാർഥിക്ക് മാതൃകയാകേണ്ടതെന്നും ഉറച്ചു വിശ്വസിക്കുന്ന, അത്തരത്തിലൊരു ജീവിതക്രമം കൃത്യമായി പിന്തുടരുകയും ചെയ്യുന്ന ലൈജു മാഷ് തന്റെ സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന രീതി കണ്ടാൽ അദ്ദേഹം പറയുന്നതൊന്നും കേവലം വീൺവാക്കുകളല്ല എന്ന് ബോധ്യമാകും.

Published

|

Last Updated

അക്ഷരങ്ങൾ ചേർത്തുവെച്ചാൽ നക്ഷത്രങ്ങൾ പിറക്കുമെന്ന് അകതാരിൽ ആഴത്തിൽ പതിപ്പിച്ചു തന്ന അധ്യാപകർ എമ്പാടുമുണ്ട്, ജീവിതത്തിൽ. ഒരു ദിവസത്തിന്റെയും ഓർമപ്പെടുത്തൽ ഒട്ടും ആവശ്യമില്ലാതെ തന്നെ ബോധമണ്ഡലങ്ങളിൽ ആദരവോടെ ഓർത്തുവെക്കുന്ന ഗുരുവര്യന്മാർ. തന്റെ വിദ്യാർഥികളെ സ്വന്തം കുഞ്ഞുങ്ങളായി കണ്ട് അവരെ നെഞ്ചേറ്റുന്ന പ്രിയമേറെയുള്ള അധ്യാപകസുഹൃത്തുക്കളുമുണ്ട് കൂട്ടത്തിൽ. എങ്കിലും അവർക്ക് സാദരം സമർപ്പിക്കുന്ന ഒരു ദിനത്തിൽ എഴുതേണ്ടി വരുമ്പോൾ പക്ഷേ, കേട്ടറിഞ്ഞ കഥകളാൽ ഉള്ളിന്റെയുള്ളിൽ ആരാധന കലർന്നൊരിഷ്ടത്തോടെ നക്ഷത്രമായി സ്വയം ജ്വലിച്ചുയർന്ന ഒരു മനുഷ്യനുണ്ട്, ഗുരു എന്നൊരു വാക്കു കൊണ്ട് വിവക്ഷിക്കാവുന്ന ഒരധ്യാപകനുണ്ട്,കോഴിക്കോട് തിരുവമ്പാടി മുത്തപ്പൻപുഴ എൽ പി സ്കൂളിലെ പ്രധാനാധ്യാപകൻ ലൈജു തോമസ്. അദ്ദേഹമാണ് മനസ്സിൽ താനേ വന്നു നിറയുന്നത്.
വിദ്യാർഥിയുടെ ഉള്ളിൽ ഉറഞ്ഞു കൂടിയ അന്ധകാരങ്ങൾ മഹത്തായ മാതൃകകൾ കൊണ്ടാണ് മാറ്റിയെടുക്കേണ്ടതെന്നും, പറഞ്ഞു ചെയ്യിക്കുകയല്ല താൻ തന്നെയും ചെയ്തു വേണം അധ്യാപകൻ വിദ്യാർഥിക്ക് മാതൃകയാകേണ്ടതെന്നും ഉറച്ചു വിശ്വസിക്കുന്ന, അത്തരത്തിലൊരു ജീവിതക്രമം കൃത്യമായി പിന്തുടരുകയും ചെയ്യുന്ന ലൈജു മാഷ് തന്റെ സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന രീതി കണ്ടാൽ അദ്ദേഹം പറയുന്നതൊന്നും കേവലം വീൺവാക്കുകളല്ല എന്ന് ബോധ്യമാകും.

കട്ടിപ്പാറ നുസ്രത്ത്‌ എൽ പി സ്കൂളിൽ നിന്ന് തന്റെ അധ്യാപന ജീവിതത്തിൽ ഏറ്റവും നന്നായി ക്രമീകരിച്ചെടുത്ത ബാച്ചിനെ വിട്ട് 2018ൽ സ്ഥാനക്കയറ്റത്തോടെ പ്രധാനാധ്യാപകനായി മുത്തപ്പൻപുഴയിലെ എൽ പി സ്കൂളിലേക്ക് വരുമ്പോൾ ലൈജോ മാഷിന്റെ മനസ്സിൽ ഉയർന്നു നിന്നത് ശുഭപ്രതീക്ഷയുടെ ഗൗരീശിഖരങ്ങളായിരുന്നു. പക്ഷേ, നേരിൽ കണ്ട പ്രതീക്ഷയുടെ നേർവിപരീതങ്ങളായ കാഴ്ചയിൽ തരിച്ചിരിക്കാൻ മാഷിന് സമയവും താത്പര്യവുമില്ലായിരുന്നു. ഏറെയും പണിയ വിഭാഗത്തിൽ പെട്ട വിദ്യാർഥികളായിരുന്നു സ്കൂളിൽ ഉണ്ടായിരുന്നത്. എഴുത്തോ വായനയോ പഠനമോ അവരുടെ ജീവിതത്തിൽ ഒട്ടും ഉണ്ടായിരുന്നില്ല. കുട്ടികൾക്കോ വീട്ടുകാർക്കോ അതൊരു ആവശ്യമാണെന്ന് തോന്നിയിട്ടുമില്ലായിരുന്നു. ഈ മനോഭാവം മുതൽ ആർക്കും വേണ്ടാതെ അനാഥമായി കിടന്ന് കാട് പിടിച്ച പോയ വിദ്യാലയാങ്കണം വരെയും പുതുക്കി പണിയേണ്ടതുണ്ടെന്ന് തിരിച്ചറിഞ്ഞ മാഷ് അത് തന്റെ ജീവൽനിയോഗമായി സ്വമേധയാ ഏറ്റെടുക്കുകയായിരുന്നു.

ആകെയും കാട് പടർന്നുപിടിച്ചു തുടങ്ങിയ അന്തരീക്ഷത്തിൽ കുട്ടികൾ ഒട്ടും സുരക്ഷിതരായിരിക്കില്ല എന്ന അവസ്ഥക്ക് മാറ്റമുണ്ടാകാൻ സ്വന്തം മാസശമ്പളം ഉപയോഗിച്ച് സാധനസാമഗ്രികൾ വാങ്ങി കൂട്ടത്തിലൊരാളായി കല്ലും മണലും പേറി സുരക്ഷയുടെ ചുറ്റുമതിൽ പണിയുകയാണ് ആദ്യം ചെയ്തത്. അക്ഷരങ്ങളുടെ അങ്കണത്തിൽ വെടിപ്പും വൃത്തിയും വെളിച്ചവും കൊണ്ടുവരാൻ മാഷ് തന്നെ അരയും തലയും മുറുക്കി. ഒപ്പം തന്റെ കുഞ്ഞുങ്ങളെയും നാട്ടുകാരെയും കൂടെ കൂട്ടി. വിശക്കുന്ന തന്റെ വിദ്യാർഥികൾക്ക് മുന്നിൽ അപ്പമായും മാഷ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അവർക്ക് കഴിക്കാൻ ഭക്ഷണമൊരുക്കി സ്വയം തെങ്ങിൽ കേറി തേങ്ങയിട്ടു അവിൽ കുഴച്ചു കൊടുത്തിട്ടുണ്ട്. വസ്ത്രമില്ലാത്ത കുട്ടികൾക്ക് വസ്ത്രം നൽകി, കളിയിലാണ് കമ്പമെന്ന് തിരിച്ചറിഞ്ഞപ്പോൾ അവർക്ക് കളിക്കാൻ സ്കൂൾ മുറ്റത്തു മികച്ച ഫുട്ബാൾ ഗ്രൗണ്ടൊരുക്കി കൊടുത്തു, വീട്ടാവശ്യത്തിനുള്ള ഭക്ഷണവിഭവങ്ങളുണ്ടാക്കാൻ സ്കൂൾ പരിസരത്തു കൃഷിയൊരുക്കി. ഒന്നും ഇല്ലാത്തതിന്റെ പേരിൽ മുത്തപ്പൻ പുഴയിലെ കുഞ്ഞുങ്ങൾക്ക് അക്ഷരാഭ്യാസം മുടങ്ങരുതെന്ന് മാഷ് സ്വയം ശാഠ്യം പിടിച്ചു. അതിന്റെ ഫലവും കണ്ടു തുടങ്ങി. കുട്ടികൾ സ്കൂളിൽ വരാൻ താത്പര്യം കാണിച്ചു തുടങ്ങി. അക്ഷരങ്ങളും ചിഹ്നങ്ങളും അക്കങ്ങളും അവർക്ക് തിരിച്ചറിയാൻ പറ്റുന്നു. ചിലരെങ്കിലും കൂട്ടിവായിക്കാൻ പഠിച്ചിരിക്കുന്നു.

കൊറോണ വന്നില്ലായിരുന്നുവെങ്കിൽ, സ്കൂൾ അടച്ചിടേണ്ടി വന്നില്ലായിരുന്നുവെങ്കിൽ കുട്ടികൾ ഇപ്പോൾ മറ്റൊരു തലത്തിലേക്ക് വളർന്നിട്ടുണ്ടാകുമായിരുന്നു എന്ന് ഉറച്ച ആത്മവിശ്വാസമുണ്ട് മാഷിന്. ഈ കൊവിഡ് കാലത്തും നിത്യവും രാവിലെ എട്ട് മണിക്ക് തന്റെ ബൈക്കിൽ കുട്ടികളുടെ വീടുകളിലേക്ക് അവരെ തേടി ചെന്നു. അവർക്ക് വിദ്യ പകർന്നു. സ്കൂളിന്റെ ആറ് കിലോമീറ്റർ അകലെ കുന്നിൻ മുകളിലെ രണ്ട് വിദ്യാർഥികൾക്ക് അവിടെ പോയി ക്ലാസ്സെടുത്തു, മാഷ്. കുട്ടികൾക്ക് വിദ്യ പകർന്നു നൽകലാണ് തന്റെ നിയോഗമെന്ന് ഉറച്ചു വിശ്വസിച്ച ഒരാൾ മറ്റെന്തിലാണ് സായൂജ്യമടയുക. തന്നെ കുറിച്ചും തന്റെ കർമങ്ങളെ കുറിച്ചും തന്റെ വിദ്യാർഥികൾ അഭിമാനപൂർവം ഓർക്കുന്നതാകണമെന്നു ശഠിക്കുന്ന ഒരു മനസ്സ് ലൈജു മാഷ് ക്ലാവ്‌ പിടിക്കാതെ കാത്തു സൂക്ഷിക്കുന്നുണ്ട്, തന്റെ കുട്ടികളുടെ നിത്യജീവിതത്തിന് പോലും കാവലാളാകുന്ന കാഴ്ചക്ക് കൺപാർക്കുമ്പോൾ നമുക്കുമത് ബോധ്യമാകുന്നു.

‘അധ്യാപകരുടെ അധ്യാപകനെന്നു’ വിശേഷിപ്പിക്കപ്പെട്ട ഇന്ത്യയുടെ രാഷ്ട്രപതി എസ്‌ രാധാകൃഷ്‌ണന്റെ പിറന്നാൾ അധ്യാപകദിനമായി ആഘോഷിക്കുന്ന സെപ്തംബർ അഞ്ചിനെ കുറിച്ച് ചോദിച്ചപ്പോൾ ലൈജു മാഷ് പറഞ്ഞ വാക്കുകൾ ഹൃദയത്തിലേറ്റാവുന്നതാണ്. മറന്നുപോകാതിരിക്കാൻ എവിടേലും ഒന്ന് കുറിച്ചു വെക്കാവുന്നതാണ്.

“അധ്യാപകൻ എന്ന് പറഞ്ഞാൽ സാമൂഹിക എൻജിനീയർ ആണ്. സമൂഹ നിർമിതി അധ്യാപകരുടെ കൈകളിലാണുള്ളത്. രാജ്യത്തിന്റെ ഭാവി നിർണയിക്കുന്ന തലമുറയെ വാർത്തെടുക്കുന്ന ദൗത്യമാണ് അധ്യാപകരിൽ നിക്ഷിപ്തമായിരിക്കുന്നത്. ആ ബോധത്തോടെ വേണം അധ്യാപകർ വിദ്യാർഥികളുമായി ഇടപ്പെടേണ്ടത്. തന്റെ പ്രവൃത്തികൾ കൊണ്ട് സ്വയം മാതൃകയാകുന്പോഴേ ഒരു ഗുരുവിന് തന്റെ ശിഷ്യരോട് അത് ആവശ്യപ്പെടാൻ അവകാശമുള്ളൂ. വിദ്യാർഥികൾക്ക് തങ്ങളുടെ അധ്യാപകരെ കുറിച്ചും അഭിമാനിക്കാൻ സാധിക്കണം. അധ്യാപക ദിനം അധ്യാപകർ കൊണ്ടാടേണ്ടതല്ല. ഗുരുവിന്റെ മഹത്വം തിരിച്ചറിഞ്ഞു ശിഷ്യർ ആചരിക്കേണ്ടതാണ്. എല്ലാ അധ്യാപക ദിനത്തിലും തന്റെ അധ്യാപകർക്ക് എന്തെങ്കിലും ഒരു സമ്മാനം വാങ്ങി അവരെ ആദരിക്കാൻ അവരുടെ വീടുകളിലേക്ക് ചെല്ലുന്ന കഥ പറയുമ്പോൾ അത്ര നേരം വാചാലനായിരുന്ന ലൈജു മാഷിനെയും മൗനം വന്നു മൂടുന്നു. ഗുരുവിന്റെ പ്രവൃത്തികൾ ഉള്ളിൽ തട്ടിയാൽ ഒരാളും ആവശ്യപ്പെടാതെ തന്നെ ആദരവോടെ ആചരിക്കപ്പെടും അധ്യാപക ദിനങ്ങൾ. അതിന് പ്രാപ്തരായ അധ്യാപക സമൂഹവും ഉയർന്നു വരണം. വരും എന്ന് നമുക്കും ഉറച്ചു വിശ്വസിക്കാം.’

Latest