Connect with us

Kerala

എസ് എന്‍ സി ലാവലിന്‍ കേസ് പരിഗണിക്കുന്നത് ഒക്ടോബര്‍ പത്തിലേക്ക് മാറ്റി; മാറ്റിവെക്കുന്നത് 34മത് തവണ

സിബിഐ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്നാണ് കേസ് മാറ്റിവെച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി | എസ് എന്‍ സി ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി അടുത്ത മാസത്തിലേക്ക് മാറ്റി. ഒക്ടോബര്‍ പത്തിന് കേസ് ലിസ്റ്റ് ചെയ്യാന്‍ സുപ്രീം കോടതി ഉത്തരവിട്ടു.സിബിഐ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്നാണ് കേസ് മാറ്റിവെച്ചത്. സി ബി ഐക്ക് വേണ്ടി ഹാജരാകുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു മറ്റൊരു കേസിന്റെ തിരിക്കിലായതിനാല്‍ കേസ് മാറ്റണമെന്ന് സിബിഐ സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു.

അതേസമയം കേസിലെ ഒരു ഹരജിയുമായി ബന്ധപ്പെട്ട് രണ്ട് കക്ഷികള്‍ക്ക് നോട്ടീസ് കിട്ടിയിട്ടില്ലെന്ന് കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഇവര്‍ക്ക് നോട്ടീസ് നല്‍കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. ഇത് 34-ാം തവണയാണ് കേസ് മാറ്റിവെക്കുന്നത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കഴിഞ്ഞ തവണയും സിബിഐ ആവശ്യപ്രകാരമാണ് കേസ് മാറ്റിയത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, ഊര്‍ജ വകുപ്പ് സെക്രട്ടറി കെ മോഹനചന്ദ്രന്‍, ജോയന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017ലെ ഹൈക്കോടതി വിധിക്കെതിരായ സിബിഐയുടെ ഹരജിയും വിചാരണ നേരിടേണ്ട വൈദ്യുതി ബോര്‍ഡ് മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് കെ ജി രാജശേഖരന്‍ നായര്‍, ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ആര്‍ ശിവദാസന്‍, മുന്‍ ചീഫ് എന്‍ജിനിയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ ഇളവുവേണമെന്ന് ആവശ്യപ്പെടുന്ന ഹരജികളുമാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

 

Latest