Connect with us

Aksharam

ആകാശക്കണ്ണുകളും അറിവിന്റെ വിശകലനവും

ഒരു വസ്തുവിനെയോ പ്രദേശത്തെയോ പ്രതിഭാസത്തെയോ സംബന്ധിക്കുന്ന വിവരങ്ങൾ സ്പർശബന്ധം കൂടാതെ ഉപകരണങ്ങളുടെ സഹായത്തോടെ ശേഖരിക്കുന്ന രീതിയാണ് വിദൂരസംവേദനം.

Published

|

Last Updated

കൃത്രിമ ഉപഗ്രഹങ്ങൾ ഉപയോഗിച്ചുള്ള വിവരശേഖരണം കാലാവസ്ഥാ പഠനത്തിന് ഏറെ സഹായകമാണ്. വ്യാവസായിക വിപ്ലവം ഉണ്ടായ 16ാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളിൽ വിഭവങ്ങൾ കണ്ടെത്തുകയും അവയുടെ അളവ് തിട്ടപ്പെടുത്തുകയും ചെയ്തിരുന്നത് മാനവവിഭവശേഷി കൊണ്ടുമാത്രമാണ്. 1960ൽ ഡിജിറ്റൽ കമ്പ്യൂട്ടറിന്റെ ആവിർഭാവത്തോടുകൂടി ഈ ബുദ്ധിമുട്ട് ഒരു പരിധിവരെ ലഘൂകരിക്കുന്നതിന് സാധിച്ചു. ഇന്ന് ഭൂ വിവരങ്ങളുടെ വിശദമായ വിശകലനത്തിലൂടെ നാം നേരിടുന്ന ഭൂസംബന്ധിയായ വിവിധ പ്രശ്‌നങ്ങൾക്ക് പരിഹാരം നിർദേശിക്കുന്നതിന് ഭൂവിവര വ്യവസ്ഥകൾക്കാകുന്നു.

ഇതാണ് ഇന്ന് കാണുന്ന ഭൂവിവര വ്യവസ്ഥയുടെ വികാസത്തിനടിസ്ഥാനം. ഭൂസംബന്ധിയായ വിവരങ്ങളുടെ ശേഖരണം, ക്രോഡീകരണം, വിശകലനം എന്നിവ ഉൾക്കൊള്ളുന്ന സങ്കേതമാണ് ഭൂവിവരവ്യവസ്ഥ. ഭൂമിശാസ്ത്രപഠനം ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ ഭൂവിവരവ്യവസ്ഥക്ക് അനന്തമായ സാധ്യതയാണുള്ളത്.

പ്രധാന ആശയങ്ങൾ

ഒരു വസ്തുവിനെയോ പ്രദേശത്തെയോ പ്രതിഭാസത്തെയോ സംബന്ധിക്കുന്ന വിവരങ്ങൾ സ്പർശബന്ധം കൂടാതെ ഉപകരണങ്ങളുടെ സഹായത്തോടെ ശേഖരിക്കുന്ന രീതിയാണ് വിദൂരസംവേദനം. ഊർജ ഉറവിടത്തെ അടിസ്ഥാനമാക്കി വിദൂരസംവേദനത്തെ പരോക്ഷ വിദൂരസംവേദനം, പ്രത്യക്ഷ വിദൂര സംവേദനം എന്നിങ്ങനെ തരം തിരിക്കാം.

ഭൗമോപരിതല വസ്തുക്കളുടെ അക്ഷാംശ രേഖാംശസ്ഥാനം, ഉയരം, സമയം എന്നിവ മനസ്സിലാക്കാൻ സഹായിക്കുന്ന സംവിധാനമാണ് ഗ്ലോബൽ പൊസിഷനിംഗ്. ഭൗമോപരിതല വസ്തുക്കളുടെ സ്ഥാനവും ഗതിയും കണ്ടെത്താൻ ഇന്ന് ഉപഗ്രഹാധിഷ്ഠിത ഗതിനിർണയ സംവിധാനങ്ങൾ ഉപയോഗിക്കുന്നു.

ആകാശീയ ചിത്രങ്ങളിൽ നിന്നും ത്രിമാന‌ദൃശ്യം ലഭിക്കാൻ സഹായിക്കുന്ന ഉപകരണമാണ് സ്റ്റീരിയോ. കൃത്രിമ ഉപഗ്രഹങ്ങളെ ഭൂസ്ഥിര ഉപഗ്രഹങ്ങൾ, സൗരസ്ഥിര ഉപഗ്രഹങ്ങൾ എന്നിങ്ങനെ രണ്ടായി തരംതിരിക്കാം. ഓരോ വസ്തുവും പ്രതിഫലിപ്പിക്കുന്ന ഊർജത്തിന്റെ അളവാണ് ആ വസ്തുവിന്റെ സ്‌പെക്ട്രൻ സിഗ്‌നേച്ചർ. ഒരു സെൻസറിന് തിരിച്ചറിയാൻ സാധിക്കുന്ന ഭൂതലത്തിലെ ഏറ്റവും ചെറിയ വസ്തുവിന്റെ വലിപ്പമാണ് ആ സെൻസറിന്റെ സ്‌പെഷ്യൽ റെസല്യൂഷൻ. ഒരു പ്രദേശത്തിന്റെ വിവിധ ഭൗമോപരിതല സവിശേഷതകളുടെ പരസ്പര ബന്ധത്തെക്കുറിച്ചും കാലാനുസൃതമായി അവയിലുണ്ടായ മാറ്റത്തെക്കുറിച്ചും മനസ്സിലാക്കാൻ ഓവർലേ വിശകലനം ഉപയോഗിക്കുന്നു.

വൈവിധ്യങ്ങളുടെ ഇന്ത്യ

കാലാവസ്ഥ, ഭൂപ്രകൃതി, സംസ്‌കാരം, സസ്യജന്തു ജാലങ്ങൾ, ജീവിതരീതി തുടങ്ങിയ എല്ലാ മേഖലകളിലും വൈവിധ്യം പുലർത്തുന്ന രാജ്യമാണ് ഇന്ത്യ. വൈവിധ്യമാർന്ന ഭൂപ്രകൃതിയും കാലാവസ്ഥയും മണ്ണിനങ്ങളും നദികളുമൊക്കെയാണ് ഇന്ത്യയുടെ സമൃദ്ധിക്ക് അടിസ്ഥാനം. ഉത്തര പർവതമേഖല, ഉത്തരമഹാസമതലം, ഉപദ്വീപീയ പീഠഭൂമി, തീരസമതലങ്ങൾ, ദ്വീപുകൾ എന്നിങ്ങനെ അഞ്ച് ഭൂപ്രകൃതി വിഭാഗങ്ങളെക്കുറിച്ചും വൈവിധ്യമാർന്ന കാലാവസ്ഥയെക്കുറിച്ചും ശൈത്യകാലം, ഉഷ്ണകാലം, തെക്ക് പടിഞ്ഞാറൻ മൺസൂൺ കാലം, മൺസൂണിന്റെ പിൻവാങ്ങൽ കാലം എന്നീ ഋതുക്കളെക്കുറിച്ചും ഈ പാഠഭാഗത്ത് വിശദമായി പ്രതിപാദിച്ചിരിക്കുന്നു.

പ്രധാന ആശയങ്ങൾ

ഒട്ടനവധി സവിശേഷതകൾ നിറഞ്ഞതാണ് ഇന്ത്യയിലെ ഭൂപ്രകൃതി. കശ്മീരിനു വടക്കുപടിഞ്ഞാറ് മുതൽ ഇന്ത്യയുടെ കിഴക്കൻ അതിർത്തി വരെ ഒരു വൻമതിൽ പോലെ നിലകൊള്ളുന്ന പർവതനിരകളാണ് ഉത്തരപർവതമേഖല.
ട്രാൻസ് ഹിമാലയം, ഹിമാലയം, കിഴക്കൻ മലനിരകൾ എന്നിങ്ങനെ ഉത്തര പർവതമേഖലയെ മൂന്നായി തരംതിരിക്കാം.

ഹിമാദ്രി, ഹിമാചൽ, സിവാലിക് എന്നീ മൂന്ന് പർവതനിരകൾ ഉൾപ്പെട്ടതാണ് ഹിമാലയം. സിംല, ഡാർജലിംഗ്, കുളു, മണാലി തുടങ്ങിയ സുഖവാസ കേന്ദ്രങ്ങൾ ഉത്തരപർവതമേഖലയിലാണ്. സിന്ധു, ഗംഗ, ബ്രഹ്മപുത്ര മുതലായവ പ്രധാന ഹിമാലയൻ നദികളാണ്. നദികളുടെ നിക്ഷേപണത്തിന്റെ ഫലമായി അനേകം സമതലങ്ങൾ രൂപം കൊണ്ടു.
ഉത്തരമഹാസമതലം ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്നു.

സിന്ധുനദിയും അതിന്റെ പോഷക നദികളും ചേർന്നു രൂപം നൽകിയ വിശാലമായ സമതല പ്രദേശമാണ് പഞ്ചാബ് – ഹരിയാന സമതല പ്രദേശം, ഇന്ത്യയിലെ ഏറ്റവും വിസ്തൃതവും പഴക്കം ചെന്നതുമായ ഭൂവിഭാഗമാണ് ഉപദ്വീപീയ പീഠഭൂമി. ഉപദ്വീപീയ നദികളിൽ ഏറ്റവും നീളം കൂടിയ നദി ഗോദാവരിയാണ്. ജോഗ് ഫാൾസ് വെള്ളച്ചാട്ടം കർണാടകത്തിലെ ശരാവതി നദിയിലാണ് സ്ഥിതിചെയ്യുന്നത്. ഇന്ത്യയുടെ തീരപ്രദേശത്തിന് ഏകദേശം 6,100 കി.മീ. നീളമുണ്ട്. ഇന്ത്യയുടെ തീരസമതലത്തെ കിഴക്കൻ സമതലമെന്നും പടിഞ്ഞാറൻ സമതലമെന്നും രണ്ടായിതിരിക്കാം

ഇന്ത്യ -സാമ്പത്തിക ഭൂമിശാസ്ത്രം

വൈവിധ്യമാർന്ന ഭൗതിക സവിശേഷതകളെപ്പോലെ തന്നെ വൈവിധ്യമാർന്ന പ്രകൃതിവിഭവങ്ങൾ കൊണ്ടും സമ്പന്നമായ രാജ്യമാണ് ഇന്ത്യ. ഭൂവിസ്തൃതി, ഭൂപ്രകൃതി സവിശേഷതകൾ, കാലാവസ്ഥ, മണ്ണിനങ്ങൾ തുടങ്ങിയവയാണ് ഇന്ത്യയുടെ വിഭവ സമൃദ്ധിക്ക് ആധാരം. കൃഷി, ഖനനം, വ്യവസായം, ഗതാഗതം മുതലായവ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. കൃഷിയും കൃഷിയധിഷ്ഠിത വ്യവസായങ്ങളും ധാതുക്കളും ധാതു അധിഷ്ഠിത വ്യവസായങ്ങളും ധാതു ഇന്ധനങ്ങൾ, റോഡ്, റെയിൽ – ജല ഗതാഗതം എന്നീ പാഠഭാഗങ്ങൾ വിശകലനം ചെയ്യു ന്നതിലൂടെ ഇന്ത്യയുടെ വിഭവ വൈവിധ്യങ്ങളെ ശാസ്ത്രീയമായും വരും തലമുറകൾക്കുകൂടി ഉപയുക്തമാകത്തക്ക രീതിയിലും ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കാൻ സാധിക്കുന്നു.

പ്രധാനാശയങ്ങൾ

ഒരു കാർഷിക രാജ്യമാണ് ഇന്ത്യ. ഇന്ത്യയിൽ ധാരാളം കൃഷിയധിഷ്ഠിത വ്യവസായങ്ങളുണ്ട്. കൃഷി ചെയ്യുന്ന കാലത്തിന്റെ അടിസ്ഥാനത്തിൽ വിളകളെ മൂന്നായി വർഗീകരിച്ചിരിക്കുന്നു – ഖാരിഫ്, റാബി, സൈദ്. ഇന്ത്യയിലെ കാർഷിക വിളകളെ ഭക്ഷ്യ വിളകൾ, നാണ്യവിളകൾ എന്നിങ്ങനെ തരംതിരിക്കാം. നെല്ല്, ഗോതമ്പ്, ചോളം, ബാർലി, തിനവിളകൾ, പയർ വർഗങ്ങൾ മുതലായവ പ്രധാന ഭക്ഷ്യവിളകളാണ്.

നാണ്യവിളകളെ നാലായി തരം തിരിച്ചിരിക്കുന്നു. നാരുവിളകൾ, പാനീയ വിളകൾ, സുഗന്ധവിളകൾ മറ്റു വിളകൾ.
ഇന്ത്യയിലെ ഏറ്റവും വലിയ കൃഷിയധിഷ്ഠിത വ്യവസായമാണ് പരുത്തിത്തുണി വ്യവസായം. ഇന്ത്യയുടെ സമ്പദ്ഘടനയിൽ ധാതു അധിഷ്ഠിത വ്യവസായങ്ങളുടെ പ്രാധാന്യം. ധാതുക്കളെ ലോഹധാതുക്കൾ, അലോഹധാതുക്കൾ എന്നിങ്ങനെ വേർതിരിച്ചിരിക്കുന്നു.

 

 

 

Latest