Connect with us

Kerala

ഓട്ടിസം ബാധിച്ച ആറുവയസ്സുകാരനു മര്‍ദ്ദനം; രണ്ടാനമ്മയായ അധ്യാപികക്കെതിരെ വകുപ്പുതല നടപടി

വകുപ്പു തല നടപടി സ്വീകരിക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പെരിന്തല്‍മണ്ണ എ ഇ ഒക്ക് ആണ് നിര്‍ദേശം നല്‍കിയത്

Published

|

Last Updated

മലപ്പുറം | ഓട്ടിസം ബാധിച്ച ആറുവയസ്സുകാരനായ മകനെ മര്‍ദിച്ച കേസില്‍ രണ്ടാനമ്മ കൂടിയായ അധ്യാപികക്കെതിരെ വകുപ്പ് തല നടപടി. കുട്ടിയെ മര്‍ദിച്ച സംഭവത്തില്‍ നേരത്തെ പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അധ്യാപികയെ അറസ്റ്റ് ചെയ്തിരുന്നു. വകുപ്പു തല നടപടി സ്വീകരിക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പെരിന്തല്‍മണ്ണ എ ഇ ഒക്ക് ആണ് നിര്‍ദേശം നല്‍കിയത്.

ആറു വയസ്സുകാരനെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പെരിന്തല്‍മണ്ണ പോലീസ് എഫ് ഐ ആര്‍ ഇട്ടതിന് പിന്നാലെ രണ്ടാനമ്മ ഒളിവില്‍ പോയിരുന്നു. ഭക്ഷണം നിഷേധിച്ചു, പൊള്ളല്‍ ഏല്‍പ്പിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് രണ്ടാനമ്മയായ അധ്യാപികയെ അറസ്റ്റ് ചെയ്തത്. ഒളിവില്‍ പോകാന്‍ സഹായിച്ചതിന് രണ്ടാനമ്മയുടെ അച്ഛനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയെ പട്ടിണിക്കിട്ടു പീഡിപ്പിച്ചതിനൊപ്പം പപ്പടക്കോല്‍ കൊണ്ടു പൊള്ളിക്കുകയും ചെയ്തിരുന്നു. ഒന്നര വയസ്സുളളപ്പോള്‍ കുഞ്ഞിന്റെ സ്വന്തം അമ്മ മരിച്ചു. പിന്നീട് അമ്മയുടെ അച്ഛന്റെ വീട്ടിലും സ്വന്തം അച്ഛന്റെ വീട്ടിലുമായിട്ടായിരുന്നു ആറു വയസ്സുകാരന്റെ താമസം.

അച്ഛന് ജോലി വിദേശത്ത് ആയതിനാലാണ് കുട്ടി രണ്ടാനമ്മയ്‌ക്കൊപ്പം കഴിഞ്ഞിരുന്നത്. ഇടയ്ക്ക് കുഞ്ഞിന്റെ അമ്മയുടെ ബന്ധുക്കള്‍ കാണാന്‍ വരും. ഇക്കഴിഞ്ഞ ജൂലൈ നാലിന് മുത്തച്ഛന്‍ കുഞ്ഞിനെ കാണാന്‍ സ്‌കൂളിലെത്തി. അപ്പോഴാണ് ശരീരത്തില്‍ പരിക്കുകള്‍ ശ്രദ്ധിച്ചത്. പിന്നാലെ ചൈല്‍ഡ് ലൈനില്‍ ഉള്‍പ്പെടെ പരാതി നല്‍കി. ആരോപണം പരിശോധിച്ച ചൈല്‍ഡ് ലൈന്‍ കുട്ടി മര്‍ദനത്തിനും മറ്റും ഇരയായതായി കണ്ടെത്തി. പിന്നാലെ നിയമനടപടികള്‍ തുടരാന്‍ പെരിന്തല്‍മണ്ണ പോലീസിന് റിപ്പോര്‍ട്ട് കൈമാറി. ഇതിനെ അടിസ്ഥാനമാക്കിയാണ് പോലീസ് കേസ് എടുത്തത്. പുതിയ സാഹചര്യത്തില്‍ കുഞ്ഞിന്റെ സംരക്ഷണം മുത്തച്ഛനും മുത്തശ്ശിക്കും മലപ്പുറം കുടുംബ കോടതി കൈമാറിയിരുന്നു.

 

---- facebook comment plugin here -----

Latest