Connect with us

Wayanad Disaster

ഉരുള്‍പൊട്ടല്‍ മേഖലയില്‍ അസ്ഥിയും മുടിയും ഉള്‍പ്പെടെ ആറ് ശരീര ഭാഗങ്ങള്‍ കണ്ടെത്തി

മുണ്ടക്കൈ-ചൂരല്‍മലയ ഉരുള്‍പൊട്ടലില്‍ അവശിഷ്ടങ്ങള്‍ വന്നടിഞ്ഞ ആനടിക്കാപ്പില്‍- സൂചിപ്പാറ മേഖലയിലാണ് തിരച്ചില്‍ നടത്തിയത്

Published

|

Last Updated

മേപ്പാടി | വയനാട് ദുരന്തത്തില്‍ കാണാതായവരുടെ ബന്ധുക്കളുടെ ആവശ്യ പ്രകാരം ഇന്ന് നടന്ന പ്രത്യേക തിരച്ചിലില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി. മുണ്ടക്കൈ-ചൂരല്‍മലയില്‍ നിന്ന് ഉരുള്‍പൊട്ടലില്‍ ഒഴുകിപ്പോയ മണ്ണും അവശിഷ്ടങ്ങളും വന്നടിഞ്ഞ ആനടിക്കാപ്പില്‍- സൂചിപ്പാറ മേഖലയിലാണ് തിരച്ചില്‍ നടത്തിയത്.

അസ്ഥി ഭാഗങ്ങളും മുടിയും ഉള്‍പ്പെടെ ആറ് ശരീര ഭാഗങ്ങളാണ് ലഭിച്ചത്. ശരീര ഭാഗങ്ങള്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കണ്ടെത്തിയ ശരീരഭാഗങ്ങളുടെ ഡി എന്‍ എ പരിശോധന നടത്തും.

അതേസമയം ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ താത്കാലിക പുനരധിവാസം ലക്ഷ്യമിട്ടതിലും വേഗം പൂര്‍ത്തിയായി. ആഗസ്റ്റ് 30 നകം കുറ്റമറ്റ രീതിയില്‍ താത്കാലിക പുനരധിവാസം പൂര്‍ത്തിയാക്കുമെന്നായിരുന്നു മന്ത്രിസഭാ ഉപസമിതി അറിയിച്ചത്. ശനിയാഴ്ച ഉച്ചയോടെ വെള്ളരിമല സ്വദേശി എ നാസര്‍ കൂടി മേപ്പാടിയിലെ വാടക വീട്ടിലേക്ക് മാറിയതോടെ ക്യാമ്പിലുണ്ടയിരുന്ന 728 കുടുബങ്ങള്‍ക്കും താമസിക്കാനിടമായി. സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സുകള്‍, സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത വാടകവീടുകള്‍, ദുരന്തബാധിതര്‍ സ്വന്തം നിലയില്‍ കണ്ടെത്തിയ വാടകവീടുകള്‍, ബന്ധുവീടുകള്‍, സ്വന്തം വീടുകള്‍ എന്നിവിടങ്ങളിലേക്ക് 2569 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് മാറിതാമസിച്ചത്.

 

Latest