Connect with us

National

സിംഗു കൊലപാതകം; സമരക്കാരെ ഒഴിപ്പിക്കണം, സുപ്രീംകോടതിയില്‍ അപേക്ഷ

സമരക്കാരെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി വേഗത്തില്‍ തീര്‍പ്പാക്കണം.

Published

|

Last Updated

ന്യൂഡല്‍ഹി| സിംഗുവിലെ കൊലപാതകം ചൂണ്ടിക്കാട്ടി സമരക്കാരെ ഉടന്‍ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപേക്ഷ. കൊലപാതകം ഉള്‍പ്പടെയുള്ള സംഭവങ്ങള്‍ കണക്കിലെടുത്ത് സമരക്കാരെ ഉടന്‍ ഒഴിപ്പിക്കണമെന്നാണ് ആവശ്യം. കൊവിഡ് ഭീഷണി മാത്രമല്ല, സ്ത്രീയെ ബലാത്സംഗം ചെയ്തും യുവാവിനെ തല്ലിക്കൊന്നും കര്‍ഷക സമരത്തിന്റെ പേരില്‍ വലിയ അതിക്രമം നടക്കുന്നു എന്നാണ് സ്വാദി ഗോയല്‍, സഞ്ജീവ് നേവാര്‍ എന്നിവര്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നത്. സമരക്കാരെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി വേഗത്തില്‍ തീര്‍പ്പാക്കണം. ഈ രീതിയില്‍ സമരം തുടരുന്നത് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും ഹര്‍ജിക്കാര്‍ വാദിക്കുന്നു.

ഇന്നലെ രാവിലെയാണ് സിംഗുവിലെ കര്‍ഷക സമരസ്ഥലത്ത് യുവാവിനെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സിഖ് നിഹാങ്കായ സരബ്ജീദ് സിംഗ് ഹരിയാന പോലീസിന് മുന്നില്‍ കീഴങ്ങി. കൂടുതല്‍ പേര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് പോലീസ് വ്യക്തമാക്കി. പുറത്തുവന്ന ദൃശ്യങ്ങള്‍ പരിശോധിച്ചാകും കൂടുതല്‍ അറസ്റ്റ്. ദളിത് സിഖ് സമുദായത്തില്‍പ്പെട്ട യുവാവാണ് കൊല്ലപ്പെട്ടത്. പഞ്ചാബ് തരണ്‍താരണിലെ വീട്ടില്‍ നിന്ന് ചന്തയില്‍ പണിക്ക് പോയ യുവാവ് എങ്ങനെ സമരസ്ഥലത്ത് എന്നത് വ്യക്തമല്ല.

അതേസമയം സംഭവത്തില്‍ നിന്ന് അകലം പാലിക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. പുതിയ സാഹര്യത്തില്‍ നിഹാങ്കുകളെ സമരസ്ഥലത്ത് നിന്ന് തിരിച്ചയക്കണമെന്നാണ് ഒരു വിഭഗം കര്‍ഷക സംഘടനകളുടെ ആവശ്യം. ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ അറിയിച്ചു.

 

Latest