Kerala
ക്ഷേത്രങ്ങളിലെ ഷര്‍ട്ട് വിവാദം; മുഖ്യമന്ത്രിക്ക് അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് വെള്ളാപ്പള്ളി
എസ് എന്‍ ഡി പി യൂണിയന്‍ ശാഖാ ക്ഷേത്രങ്ങളില്‍ ഷര്‍ട്ടിട്ട് കയറാമെന്ന് പ്രമേയം പാസാക്കിയതാണ്. ചില പൂജാരിമാരാണ് അതിന് തടസ്സമായി നില്‍ക്കുന്നത്.

ചേര്‍ത്തല | ക്ഷേത്രങ്ങളിലെ ഷര്‍ട്ട് വിവാദത്തില്‍ മുഖ്യമന്ത്രിക്ക് അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഒരുകാലത്ത് പലര്‍ക്കും വഴി നടക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. അത് മാറിയതു പോലെ കാലത്തിന് അനുസരിച്ച് പലതും മാറുമെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
ശിവഗിരി മഠത്തിലെ പ്രസിഡന്റ് സ്വാമി ഒരഭിപ്രായം പറഞ്ഞു. അതിനെ പിന്തുണച്ച് മുഖ്യമന്ത്രി അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞു. അതിനെതിരായി സുകുമാരന്‍ നായര്‍ പറഞ്ഞതിന് മറുപടിയായി ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠന്‍ പ്രതികരിച്ചു. അവര്‍ പരസ്പരം മറുപടി പറഞ്ഞ് കഴിഞ്ഞെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഇവിടെ മാത്രമാണോ ഇത് നടക്കുന്നത്. എത്രമാത്രം അനാചാരങ്ങള്‍ ഈ രാജ്യത്ത് നടക്കുന്നുണ്ട്. എസ് എന്‍ ഡി പി യൂണിയന്‍ ശാഖാ ക്ഷേത്രങ്ങളില്‍ ഷര്‍ട്ടിട്ട് കയറാമെന്ന് പ്രമേയം പാസാക്കിയതാണ്. ചില പൂജാരിമാരാണ് അതിന് തടസ്സമായി നില്‍ക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.