Uae
ഷാർജയിലെ പുരാതന സ്ഥലം യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലേക്ക്
ഫയ മേഖല പുരാതന മനുഷ്യജീവിതത്തിലേക്ക് പുതിയ വിവരങ്ങൾ നൽകുന്നു

ഷാർജ | ഷാർജയുടെ സാംസ്കാരിക ചരിത്രത്തിന് സുപ്രധാന നേട്ടം. ലോക പൈതൃക പട്ടികയിലേക്ക് ഫയ പാലിയോലാൻഡ്സ്കേപ്പിനെ നാമനിർദേശം ചെയ്തു. ഷാർജയുടെ മധ്യമേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ പുരാതന മരുഭൂമി, 2,10,000 വർഷത്തിലധികം പഴക്കമുള്ള ആദ്യകാല മനുഷ്യസാന്നിധ്യത്തിന്റെ ലോകത്തിലെ ഏറ്റവും പഴക്കംചെന്ന രേഖ കൂടിയാണ്. 2024-ൽ കൾച്ചറൽ ലാൻഡ്സ്കേപ്പ് വിഭാഗത്തിൽ ഔദ്യോഗികമായി നാമനിർദേശം ചെയ്യപ്പെട്ട ഫയ പാലിയോലാൻഡ്സ്കേപ്പ് നിലവിൽ യുനെസ്കോ വേൾഡ് ഹെറിറ്റേജ് സെന്ററിന്റെ വിലയിരുത്തലിലാണ്.
ഈ പ്രദേശത്തിന്റെ പ്രാധാന്യം അതിന്റെ പുരാവസ്തുപരമായ ആഴം മാത്രമല്ല, ആദ്യകാല മനുഷ്യർ വരണ്ട കാലാവസ്ഥയിൽ എങ്ങനെ ജീവിച്ചു, തെക്കുകിഴക്കൻ അറേബ്യയിൽ എങ്ങനെ കുടിയേറിപ്പാർത്തു, പരിണമിച്ചു എന്നതിനെക്കുറിച്ചുള്ള ധാരണയെ പുനർനിർമിക്കാനുള്ള അവശേഷിപ്പ് കൂടിയാണ്. ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയാണ് നാമനിർദേശ ഫയലിന്റെ ഔദ്യോഗിക അംബാസഡർ.
ഷാർജ ആർക്കിയോളജിക്കൽ അതോറിറ്റി (എസ് എ എ), ട്യൂബിംഗൻ സർവ്വകലാശാല, ഓക്സ്ഫോർഡ് ബ്രൂക്ക്സ് സർവകലാശാല എന്നിവയുമായി സഹകരിച്ച് നടത്തിയ പഠനങ്ങളിൽ, കാലാവസ്ഥ അനുകൂലമായിരുന്ന കാലഘട്ടങ്ങളിൽ ഫയ ആദ്യകാല മനുഷ്യവാസത്തിനുള്ള ഒരു പ്രധാന കേന്ദ്രമായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. നീരുറവകളിൽ നിന്നും ലഭിച്ചിരുന്ന വെള്ളം, ഉപകരണങ്ങൾ നിർമിക്കാനാവശ്യമായ തീക്കല്ല് പോലുള്ള അസംസ്കൃത വസ്തുക്കൾ, മലകളിലെ അഭയം എന്നിവയെല്ലാം ആദ്യകാല മനുഷ്യന് ഇവിടെ സ്ഥിരതാമസമാക്കാൻ സഹായകമായി. കഴിഞ്ഞ 30 വർഷത്തിനിടയിൽ ശാസ്ത്രജ്ഞർ ഇവിടെ നടത്തിയ ഖനനത്തിൽ 18 വ്യത്യസ്ത പാളികൾ കണ്ടെത്തി. ഇത് അറേബ്യയിലെ പുരാതന മനുഷ്യജീവിതത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ നൽകുന്നവയാണത്. ഫയ പാലിയോലാൻഡ്സ്കേപ്പിന്റെ സംരക്ഷണം, ഗവേഷണം, സന്ദർശക ഇടപെടൽ എന്നിവക്കായി ഒരു സമഗ്ര പദ്ധതിയും വികസിപ്പിച്ചിട്ടുണ്ട്.