Connect with us

SFI

വന്‍ വിദ്യാര്‍ഥി മുന്നേറ്റം സൃഷ്ടിച്ച് എസ് എഫ് ഐ; സമരം കണ്ടു പതറി ഗവര്‍ണര്‍

ഗവര്‍ണര്‍ നേരത്തെ മടങ്ങി ; വഴിനീളെ പ്രതിഷേധം

Published

|

Last Updated

കോഴിക്കോട് | സര്‍വകലാശാല സെനറ്റിലേക്ക് ആര്‍ എസ് എസ് നോമിനികളെ തിരുകി കയറ്റുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ആയിക്കണക്കിനു വിദ്യാര്‍ഥികളെ അണിനിരത്തി പ്രതിഷേധിച്ച എസ് എഫ് ഐയുടെ പോരാട്ടം കേരളം കണ്ട വിദ്യാര്‍ഥി സമരങ്ങളില്‍ പുതിയ അധ്യായമായി.

കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ പ്രതിഷേധത്തെ ഭയന്ന് സെമിനാറില്‍ പങ്കെടുത്ത് നേരെ കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് മടങ്ങി ഗവര്‍ണര്‍. സെമിനാറില്‍ പങ്കെടുത്തശേഷം ഗസ്റ്റ് ഹൗസിലേക്ക് പോയശേഷം രാത്രി 7.05ഓടെ പോകുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാന്‍ വന്‍ വിദ്യാര്‍ഥി മുന്നേറ്റം കണ്ട് അമ്പരന്ന ഗവര്‍ണര്‍ അപ്രതീക്ഷിതമായി സെമിനാറില്‍ പങ്കെടുത്തശേഷം നേരെ വിമാനത്താവളത്തിലേക്കു പോവുകയായിരുന്നു.

ഗവര്‍ണര്‍ക്കെതിരെ ക്യാമ്പസില്‍ പ്രതിഷേധം തുടര്‍ന്ന എസ് എഫ് ഐ പ്രവര്‍ത്തകര്‍ ദേശീയപാതയിലേക്ക് മാര്‍ച്ച് നടത്തി. ദേശീയപാത ഉപരോധിച്ച എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചു. ഇതിനിടയിലാണ് ഗവര്‍ണര്‍ വിമാനത്താവളത്തിലേക്കു മടങ്ങിയത്. ആറെ കാലോടെ ഗവര്‍ണര്‍ വിമാനത്താവളത്തിലെത്തി. വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെ ഗവര്‍ണറുടെ വാഹനവ്യൂഹത്തിനുനേരെ ഡി വൈഎഫ് ഐ പ്രവര്‍ത്തകര്‍ വിവിധ സ്ഥലങ്ങളില്‍ കരിങ്കൊടി കാണിച്ചു. കോഴിക്കോട് കാക്കഞ്ചേരിയില്‍ കരിങ്കൊടി കാണിച്ച ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

നേരത്തെ പോകാന്‍ നിശ്ചയിച്ചിരുന്ന വിമാനം ഇല്ലാത്തതിനാലാണ് യാത്ര നേരത്തെയാക്കിയതെന്നാണ് രാജ്ഭവന്‍ പറയുന്നത്. ഗവര്‍ണര്‍ക്കെതിരായ സമരം വരും ദിവസങ്ങളില്‍ ശക്തമാക്കുമെന്നും സംസ്ഥാനത്തെ മറ്റു ക്യാമ്പസുകളിലേക്കും വ്യാപിപ്പിക്കുമെന്നും എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ പറഞ്ഞു. രാജ്ഭവനിന് മുന്നിലും പ്രതിഷേധം തുടരും.

സെമിനാറില്‍ പങ്കെടുത്ത ഗവര്‍ണര്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം തുടര്‍ന്നു. ക്രമസമാധാന-സാമ്പത്തിക രംഗങ്ങളില്‍ കേരളം അടിയന്തരാവസ്ഥയുടെ വക്കിലാണെന്ന് ഗവര്‍ണര്‍ ആരോപിച്ചു. കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ചീഫ് സെക്രട്ടറി തന്നെ ഹൈ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. അത് തന്നെ എല്ലാം വ്യക്തമാക്കുന്നതാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

പരീക്ഷാ ഭവന് സമീപത്ത് എസ്എഫ്‌ഐ പ്രതിഷേധം തുടരുന്നതിനിടെയാണ് ഇതിന് സമീപത്തായുള്ള ഓഡിറ്റോറിയത്തില്‍ ഗവര്‍ണര്‍ എത്തിയത്. ഗസ്റ്റ് ഹൗസില്‍നിന്ന് പുറപ്പെടുമ്പോള്‍ എസ് എഫ് ഐ പ്രതിഷേധത്തെക്കുറിച്ചു ഗവര്‍ണര്‍ രോഷം പ്രകടിപ്പിച്ചു. രണ്ടു മണിക്കൂര്‍ താന്‍ മിഠായി തെരുവില്‍ നടന്നിട്ടും ഒരു പ്രതിഷേധവും കണ്ടില്ലെന്നും ഇവിടെ പ്രതിഷേധിക്കുന്ന എസ് എഫ് ഐ ക്രിമിനല്‍ സംഘമാണെന്നും ആരോപിച്ചു.

തുടര്‍ന്ന് ഗെറ്റ് ലോസ്റ്റ് എന്ന് പറഞ്ഞുകൊണ്ട് സെമിനാര്‍ നടക്കുന്ന ഓഡിറ്റോറിയത്തിലേക്ക് പോയി. വന്‍തോതില്‍ എസ് എഫ് ഐ പ്രവര്‍ത്തകരാണ് കറുത്ത വസ്ത്രവും കറുത്ത ബലൂണും ഗവര്‍ണര്‍ക്കെതിരായ മുദ്രാവാക്യങ്ങളുമായി പരീക്ഷാ ഭവന് സമീപം കുത്തിയിരുന്നു പ്രതിഷേധിച്ചത്. ഇതിനിടയില്‍ ഒരവിഭാഗം പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടന്ന് ഗസ്റ്റ് ഹൗസിന് സമീപമെത്തിയും പ്രതിഷേധിച്ചു. കാലിക്കറ്റ് സര്‍വകലാശാല സനാതന ധര്‍മ്മ പീഠവും ഭാരതീയ വിചാര കേന്ദ്രവും ചേര്‍ന്നു നടത്തിയ സെമിനാറില്‍നിന്ന് വൈസ് ചാന്‍സിലര്‍ എം കെ ജയരാജ് വിട്ടുനിന്നു. പരിപാടിയില്‍ അധ്യക്ഷനാകേണ്ടിയിരുന്നത് വിസിയായിരുന്നു.