Kerala
മുതിർന്ന കോൺഗ്രസ്സ് നേതാവ് പി പി തങ്കച്ചൻ അന്തരിച്ചു
മരണം ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ

ആലുവ | മുതിർന്ന കോൺഗ്രസ്സ് നേതാവും മന്ത്രിയും സ്പീക്കറുമായിരുന്ന പി പി തങ്കച്ചൻ (86) അന്തരിച്ചു. ഏറെ കാലമായി വാർധക്യ സഹജമായ അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ വൈകിട്ട് നാലരയോടെയാണ് മരണം സംഭവിച്ചത്.
ദീർഘകാലം യു ഡി എഫ് കൺവീനറായി പ്രവർത്തിച്ച തങ്കച്ചൻ, ഘടക കക്ഷികളെ ഏകോപിപ്പിക്കുന്നതിൽ ശ്രദ്ധേയനായിരുന്നു. 2004 മുതൽ 2018 വരെ തുടർച്ചയായി 14 വർഷം യു ഡി എഫ് കൺവീനറായി. കെ പി സി സി പ്രഡിഡൻ്റ് പദവിയും വഹിച്ചിട്ടുണ്ട്.
എറണാകുളം ജില്ലയിലെ അങ്കമാലിയിൽ റവ. ഫാ. പൗലോസിൻ്റെ മകനായി 1939 ജൂലൈ 29ന് ജനിച്ചു. തേവര എസ് എച്ച് കോളജിലെ ബിരുദ പഠനത്തിന് ശേഷം നിയമം പഠിച്ച് അഭിഭാഷകനായി ജോലി ചെയ്തു. ഇതിനിടയിൽ പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ഡിപ്ലോമയും നേടി.
1968ൽ പെരുമ്പാവൂർ മുനിസിപാലിറ്റിയുടെ ചെയർമാനായാണ് പൊതു പ്രവർത്തനം തുടങ്ങിയത്. അന്ന് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കോർപറേഷൻ ചെയർമാനായിരുന്നു 29 വയസ്സുണ്ടായിരുന്ന തങ്കച്ചൻ. 1968 മുതൽ 1980 വരെ പെരുമ്പാവൂർ കോർപറേഷൻ കൗൺസിൽ അംഗമായി 1977 മുതൽ 1989 വരെ എറണാകുളം ഡി സി സി പ്രസിഡൻ്റ്, 1980- 1982 കാലത്ത് പെരുമ്പാവൂർ കോർപറേഷൻ പ്രതിപക്ഷ നേതാവ് എന്നീ നിലകളിലും പ്രവർത്തിച്ചു.
1982ൽ പെരുമ്പാവൂരിൽ നിന്ന് ആദ്യമായി നിയമസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് നടന്ന 1987, 1991, 1996 വർഷങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലും പെരുമ്പാവൂരിൽ നിന്ന് തന്നെ നിയമസഭയിലെത്തി. 1987 മുതൽ 1991 വരെ കോൺഗ്രസ്സ് പാർലിമെൻ്ററി പാർട്ടിയുടെ സെക്രട്ടറിയായിരുന്നു.
2001ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പെരുമ്പാവൂരിൽ നിന്ന് സി പി എമ്മിലെ സാജു പോളിനോടും 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കുന്നത്തുനാട്ടിൽ നിന്ന് സി പി എമ്മിലെ എം എം മോനായിയോട് പരാജയപ്പെട്ടു. 1991- 1995ലെ കെ കരുണാകരൻ മന്ത്രിസഭയിൽ സ്പീക്കറായി. 1995-1996ലെ എ കെ ആന്‍റണി മന്ത്രിസഭയിൽ കൃഷി വകുപ്പ് മന്ത്രിയായി. 1996- 2001ലെ നിയമസഭയിൽ പ്രതിപക്ഷത്തിൻ്റെ ചീഫ് വിപ്പായും പ്രവർത്തിച്ചിട്ടുണ്ട്.
തങ്കച്ചൻ്റെ നിര്യാണത്തിൽ മുഖ്യന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ്, മന്ത്രിമാർ, രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ അനുശോചിച്ചു.