Kerala
ഗവര്‍ണര്‍ പദവി അനാവശ്യ പട്ടമെന്ന് സി പി ഐ
സംസ്ഥാന സമ്മേളനത്തിലെ പ്രമേയത്തിലാണ് കുറ്റപ്പെടുത്തൽ

തിരുവനന്തപുരം | ഗവര്‍ണര്‍ക്കെതിരെ സി പി ഐ സംസ്ഥാന സമ്മേളനത്തില്‍ പ്രമേയം. ഗവർണർ പദവി അനാവശ്യ പട്ടമാണെന്ന് പ്രമേയം കുറ്റപ്പെടുത്തി. രാഷ്ട്രത്തിൻ്റെ ഫെഡറല്‍ സംവിധാനത്തെയും ജനാധിപത്യ അവകാശങ്ങളെയും തകര്‍ത്ത് സംസ്ഥാന സര്‍ക്കാറുകളുടെ അധികാരം കവര്‍ന്നെടുക്കുകയാണ് സംഘ കുടുംബാംഗമായ ഗവര്‍ണറെന്നും പ്രമേയം പറയുന്നു.
രാജ്ഭവനെയും സര്‍വകലാശാലകളെയും ആര്‍ എസ് എസ് കാര്യാലയങ്ങളാക്കുകയാണ് ഗവര്‍ണറുടെ ലക്ഷ്യം. കോണ്‍ഗ്രസ്സിൻ്റെയും യു ഡി എഫിൻ്റെയും അര്‍ത്ഥഗര്‍ഭമായ മൗനം ജനം തിരിച്ചറിയുന്നുണ്ടെന്നും സമ്മേളനം അംഗീകരിച്ച പ്രമേയത്തിലുണ്ട്.
സംഘപരിവാറും ബി ജെ പിയും വിശ്വാസത്തെ വിറ്റ് വോട്ടാക്കാനാണ് ശ്രമിക്കുന്നത്. വിശ്വാസത്തെ വോട്ടുമായി ബന്ധപ്പെടുത്താന്‍ പാടില്ല. ദൈവങ്ങളെ വോട്ടിനുളള ഉപാധി ആക്കേണ്ട. ഗവര്‍ണര്‍ പദവി അനാവശ്യമായ ഒന്നാണ്. അന്ധവിശ്വാസത്തിനും അനാചാരത്തിനും എതിരായി നിയമനിര്‍മാണം വേണമെന്ന് നേരത്തെ തന്നെ ആവശ്യമുണ്ട്. നവോത്ഥാന കേരളം പിന്‍നടത്തത്തിലേക്ക് ഒരുങ്ങുന്നുണ്ടോ എന്ന സംശയം പലകോണിലുമുണ്ട്. അങ്ങനെ ഉണ്ടാവാതിരിക്കാന്‍ സര്‍ക്കാറിന്റെ ഇടപെടല്‍ വേണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.