International
ചാർളി കിർക്കിന്റെ കൊലപാതകം: വെടിവെക്കാൻ ഉപയോഗിച്ച റൈഫിൾ കണ്ടെത്തി; നിർണായക വിവരങ്ങൾ ലഭിച്ചുവെന്ന് എഫ് ബി ഐ
അക്രമിയുടെ നീക്കങ്ങൾ കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞതായി കമ്മീഷണർ ബ്യൂ മേസൺ വ്യക്തമാക്കി.

വാഷിംഗ്ടൺ | അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത അനുയായിയും പ്രമുഖ യാഥാസ്ഥിതിക പ്രവർത്തകനുമായ ചാർളി കിർക്കിന്റെ കൊലപാതകത്തിൽ നിർണായക വിവരങ്ങൾ ലഭിച്ചതായി അമേരിക്കൻ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ). കൊലപാതകത്തിനായി ഉപയോഗിച്ചത് അതിശക്തിയുള്ള, ബോൾട്ട്-ആക്ഷൻ റൈഫിളാണെന്ന് എഫ്ബിഐ ഉദ്യോഗസ്ഥർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
വെടിയുതിർത്ത ശേഷം അക്രമി ഒരു കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്ന് ചാടി രക്ഷപ്പെട്ട സ്ഥലത്ത് നിന്നാണ് ഈ റൈഫിൾ കണ്ടെടുത്തതെന്ന് എഫ്ബിഐ സ്പെഷ്യൽ ഏജന്റ് ഇൻ ചാർജ് റോബർട്ട് ബോൾസ്, യൂട്ടാ ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി കമ്മീഷണർ ബ്യൂ മേസൺ എന്നിവർ മാധ്യമങ്ങളോട് പറഞ്ഞു. സംശയിക്കപ്പെടുന്ന ആളുടെ പാദമുദ്രയും, കാൽപ്പാടുകളും, കൈമുദ്രയും സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തി. ഇവ വിശകലനം ചെയ്തുകൊണ്ടിരിക്കുകയാണെന്നും ബോൾസ് അറിയിച്ചു. ഇതിനോടകം 130-ലധികം വിവരങ്ങൾ പൊതുജനങ്ങളിൽ നിന്ന് ലഭിച്ചതായും അദ്ദേഹം പറഞ്ഞു.

യൂട്ടാ വാലി യൂണിവേഴ്സിറ്റി കാമ്പസിലെ പരിപാടിയിൽ ചാർളി കിർക്ക് സംസാരിക്കുന്നു. വെടിയേൽക്കുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യം.
അക്രമിയുടെ നീക്കങ്ങൾ കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞതായി കമ്മീഷണർ ബ്യൂ മേസൺ വ്യക്തമാക്കി. പ്രാദേശിക സമയം 11:52-ന് സംശയിക്കപ്പെടുന്നയാൾ കാമ്പസിന് സമീപം എത്തുകയും, സ്റ്റെയർവെൽ വഴി മേൽക്കൂരയിലേക്ക് കയറുകയും ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തി. അവിടെ നിന്ന് വെടിവെപ്പ് നടന്ന സ്ഥലത്തേക്ക് നീങ്ങി. വെടിവെപ്പിന് ശേഷം ഇയാൾ മേൽക്കൂരയിൽ നിന്ന് ചാടി സമീപത്തെ ഒരു പാർപ്പിട പ്രദേശത്തേക്ക് രക്ഷപ്പെട്ടതായും മേസൺ പറഞ്ഞു.
യൂട്ടാ വാലി യൂണിവേഴ്സിറ്റി കാമ്പസിൽ ഒരു പൊതുപരിപാടിയിൽ പ്രസംഗിക്കുന്നതിനിടെ കഴുത്തിന് പിന്നിൽ വെടിയേറ്റാണ് കിർക്ക് കൊല്ലപ്പെട്ടത്. ട്രംപിന്റെ 2024-ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് ചാർളി കിർക്ക്. “ടേണിംഗ് പോയിന്റ് യുഎസ്എ” എന്ന വലതുപക്ഷ സംഘടനയുടെ സ്ഥാപകനാണ് അദ്ദേഹം. ഈ സംഘടനക്ക് എല്ലാ കോളേജുകളിലും ഘടകങ്ങൾ ഉണ്ടായിരുന്നു. യുവാക്കളെ വലതുപക്ഷ രാഷ്ട്രീയത്തിലേക്ക് ആകർഷിക്കുന്നതിൽ ഇദ്ദേഹം വലിയ പങ്കുവഹിച്ചു. കിർക്ക് മുസ്ലീം വിരോധം പ്രചരിപ്പിക്കുന്നതിലും വംശം, ലിംഗം, കുടിയേറ്റം തുടങ്ങിയ വിഷയങ്ങളിൽ സജീവമായി ഇടപെടുന്നതിലും മുൻപന്തിയിലായിരുന്നു.
തനിക്ക് ഏറ്റവും പ്രിയപ്പെട്ട വ്യക്തിയെയാണ് നഷ്ടപ്പെട്ടതെന്ന് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. കൊലപാതകം രാഷ്ട്രീയ പ്രേരിതമാണോ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്.