Articles
നേപ്പാളിനെ ആളിക്കത്തിച്ചത്?
ശ്രീലങ്കയില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമെല്ലാം പ്രചോദനമുള്‍ക്കൊണ്ടവരാണ് നേപ്പാളിയിലെ ജെന്‍ സീക്കാര്‍. ഭാവി പദ്ധതികളൊന്നും അവര്‍ക്ക് മുമ്പിലുണ്ടെന്ന് തോന്നുന്നില്ല. അധികാരശൂന്യതയിലേക്ക് ആരാണ് കയറിയിരിക്കുകയെന്നത് അതീവ പ്രധാനമാണ്. രാജാവിനെ തിരിച്ചുവിളിക്കാന്‍ പറയുന്നവര്‍ വിപ്ലവം അട്ടിമറിക്കുമോ?

നേപ്പാളില്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയുടെ രാജിയില്‍ കലാശിച്ച യുവജന പ്രക്ഷോഭത്തിന്റെ തുടക്കം ലളിത്പൂരിലെ സീബ്രാ ക്രോസ്സിംഗില്‍ നിന്നാണെന്ന് പറയാം. കാഠ്മണ്ഡു താഴ്്വരയിലെ ഈ നഗരത്തില്‍ കാല്‍നട യാത്രക്കാര്‍ക്കുള്ള ക്രോസ്സിംഗില്‍ 11കാരി കാറിടിച്ച് വീഴുന്നു. കാര്‍ നിര്‍ത്താതെ പോകുന്നു. പിന്നില്‍ സ്‌കൂട്ടറില്‍ വന്ന സ്ത്രീ കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നു. ചെറിയ പരുക്ക് മാത്രമുള്ള കുട്ടി മണിക്കൂറുകള്‍ക്കകം ആശുപത്രി വിടുന്നു. ഇതിലെവിടെയാണ് ഒരു വമ്പന്‍ വിപ്ലത്തിനുള്ള കാരണമിരിക്കുന്നത് എന്നാണ് ചോദ്യമെങ്കില്‍ ആ കാറിലുണ്ടായിരുന്നത് പ്രവിശ്യാ ഭരണകൂടത്തിലെ ധനമന്ത്രി രാം ബഹദൂര്‍ മഗാര്‍ ആയിരുന്നുവെന്നാണ് ഉത്തരം. രാജ്യം ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാളി(യു എം എല്‍)ന്റെ ഉന്നത നേതാവാണ് അദ്ദേഹം. കുട്ടിയെ ഇടിച്ചുവീഴ്ത്തിയിട്ട് തിരിഞ്ഞുനോക്കാതെ പോകുന്നതടക്കമുള്ള ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ അതിവേഗം പടര്‍ന്നു. ലക്ഷക്കണക്കിനാളുകള്‍ ആ വീഡിയോകള്‍ക്ക് താഴെ അമര്‍ഷവും പ്രതിഷേധവും പങ്കുവെച്ചു. വളരെ നിസ്സാരമെന്ന് തോന്നാവുന്ന സംഭവം നാടാകെ പടര്‍ന്ന പ്രക്ഷോഭത്തിന്റെ “ട്രിഗറിംഗ് പോയിന്റാ’കുകയായിരുന്നു. ഇതേക്കുറിച്ച് പ്രധാനമന്ത്രിയോട് ചോദിച്ചപ്പോള്‍ അതൊരു പ്രാദേശിക സംഭവമല്ലേയെന്ന് നിസ്സാരപ്പെടുത്തിയതും മാധ്യമങ്ങളില്‍ നിറഞ്ഞു. അടക്കിപ്പിടിച്ചിരുന്ന വികാരം ആളിക്കത്തുന്നതാണ് പിന്നെ കണ്ടത്.
മന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും മക്കള്‍ (നെപോ കിഡ്‌സ്) വിദേശത്ത് അര്‍മാദിക്കുന്നതിന്റെ ദൃശ്യങ്ങള്‍, അഴിമതിയുടെ ഞെട്ടിക്കുന്ന കഥകള്‍, സ്വജനപക്ഷപാതവും പിന്‍വാതില്‍ നിയമനവും മൂലം തൊഴില്‍ നഷ്ടമായവരുടെ അനുഭവ വിവരണങ്ങള്‍, രാഷ്ട്രീയക്കാര്‍ക്കെതിരെയുള്ള ട്രോളുകള്‍, എ ഐ ക്രിയേഷനുകള്‍, മനസ്സിലേക്ക് തുളച്ച് കയറുന്ന വാചകങ്ങള്‍… സ്‌കൂള്‍, കോളജ് യൂനിഫോമില്‍ വിദ്യാര്‍ഥികളെ തെരുവിലിറക്കാന്‍ ഇതൊക്കെ ധാരാളമായിരുന്നു. സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ക്ക് നിരോധമേര്‍പ്പെടുത്തിയതോടെ തെരുവ് ഇരമ്പിയാര്‍ത്തു. പോലീസും പട്ടാളവും ആദ്യം റബ്ബര്‍ ബുള്ളറ്റും ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. പിന്നെ തോക്ക് തന്നെ പുറത്തെടുത്തു. 19 പേര്‍ മരിച്ചു വീണു. ഈ ജീവനഷ്ടം സമരത്തെ ശിഥിലമാക്കുമെന്നായിരുന്നു സര്‍ക്കാറിന്റെ കണക്കുകൂട്ടല്‍. ഒപ്പം സാമൂഹിക മാധ്യമ നിരോധനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായി. തിങ്കളാഴ്ച രാവിലെ കാഠ്മണ്ഡുവില്‍
പാര്‍ലിമെന്റ്സമുച്ചയത്തിനടുത്ത് തുടങ്ങിയ പ്രക്ഷോഭം ഉച്ചയാകുമ്പോള്‍ പ്രധാന നഗരങ്ങളിലാകെ പടര്‍ന്നു. നാനാദിക്കില്‍ നിന്നും നവയുവാക്കള്‍ സമര കേന്ദ്രങ്ങളിലേക്ക് ഇരച്ചു കയറി. ആഭ്യന്തര മന്ത്രി രമേഷ് ലേഖക് രാജിവെച്ചൊഴിയുന്നത് കണ്ടാണ് പകല്‍ അവസാനിച്ചത്. എന്നാല്‍ അതുകൊണ്ടും സമരം തണുത്തില്ല. ഇന്നലെ പാര്‍ലിമെന്റ്മന്ദിരമടക്കമുള്ളവക്ക് യുവാക്കള്‍ തീവെച്ചു. ഒടുവില്‍ പ്രധാനമന്ത്രി കസേരയൊഴിഞ്ഞു. ആദര്‍ശധീരനായ ദേശീയവാദിയും സമഗ്ര പരിഷ്‌കരണ സ്വപ്‌നങ്ങള്‍ പങ്കുവെച്ചയാളും ദീര്‍ഘകാലത്തെ രാഷ്ട്രീയ പാരമ്പര്യമുള്ള നേതാവുമായി ആഘോഷിക്കപ്പെട്ട ശര്‍മ ഒലി നിസ്സഹായനും ദുര്‍ബലനുമായി പടിയിറങ്ങി. എവിടെയാണ് പിഴച്ചത്? 1995നും 2010നും ഇടയില്‍ ജനിച്ചവരെ വിശേഷിപ്പിക്കുന്ന പദമാണല്ലോ ജെന്‍ സീ. അവര്‍ ഇത്ര ശക്തരാണോ? ഒരു സംഘടനയുടെയും കെട്ടുറപ്പില്ലാതെ, ഒരു നേതാവുമില്ലാതെ, ഒരു കൊടിയുടെ തണലുമില്ലാതെ തെരുവുകളെ വിപ്ലവ ഭൂമിയാക്കാന്‍ ഇവര്‍ക്ക് എങ്ങനെയാണ് സാധിച്ചത്? സമരത്തിന്റെ ബാക്കിപത്രമെന്താകും?
ഫേസ്ബുക്കും യൂട്യൂബും എക്‌സും ഇന്‍സ്റ്റഗ്രാമും ഉള്‍പ്പെടെ 26 സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ക്ക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയതാണ് പ്രക്ഷോഭത്തിന്റെ പ്രത്യക്ഷ കാരണമെങ്കിലും അഴിമതി, സ്വജന പക്ഷപാതം, സാമ്പത്തിക മുരടിപ്പ്, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം പ്രതിഷേധത്തിന്റെ ഉള്ളടക്കത്തിലുണ്ട്. സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ക്ക് നിരോധമേര്‍പ്പെടുത്തുന്നതിലേക്ക് നയിച്ചത് കഴിഞ്ഞ വര്‍ഷം വന്ന കോടതി വിധിയാണ്. ഈ പ്ലാറ്റ്‌ഫോമുകള്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമാണെന്നും ഈ കമ്പനികള്‍ നേപ്പാള്‍ സ്വദേശിയെ പരാതിപരിഹാര ഉദ്യോഗസ്ഥനായി നിയമിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. നികുതി അടക്കണമെന്നും രജിസ്റ്റര്‍ ചെയ്യണമെന്നും കോടതി വിധിയില്‍ നിഷ്‌കര്‍ഷിച്ചു. വ്യാജവാര്‍ത്തകള്‍ തടയണം, സെന്‍സറിംഗിന് വിധേയമാകണം, രാജ്യത്തിന്റെ സാംസ്‌കാരിക പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കണം തുടങ്ങിയ നിബന്ധനകള്‍ പാലിച്ച് നേപ്പാള്‍ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഐ ടി മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന പ്ലാറ്റ്‌ഫോമുകള്‍ക്ക് മാത്രമേ രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളൂവെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. ആഗസ്റ്റ് 28 മുതല്‍ ഒരാഴ്ചക്കുള്ളില്‍ രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ മെറ്റ (ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ്), ആല്‍ഫബെറ്റ് (യൂട്യൂബ്), എക്‌സ്, റെഡ്ഡിറ്റ്, ലിങ്ക്ഡ്ഇന്‍ തുടങ്ങിയവ ഈ ഉത്തരവ് ചെവികൊണ്ടില്ല. ടിക് ടോക്, വൈബര്‍, നിംബൂസ്, പോപോ ലൈവ് തുടങ്ങിയവ രജിസ്റ്റര്‍ ചെയ്തു.
നേപ്പാളില്‍ 13.5 മില്യണ്‍ ഫേസ്ബുക്ക് ഉപയോക്താക്കളുണ്ടെന്നാണ് ദി കാഠ്മണ്ഡു പോസ്റ്റ് റിപോര്‍ട്ട് ചെയ്യുന്നത്. ഇന്‍സ്റ്റഗ്രാമില്‍ 3.6 മില്യണുമുണ്ട്. ബിസിനസ്സ് ആവശ്യത്തിന് ഈ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നവരിലാണ് നിരോധനത്തിനെതിരായ വികാരം ആദ്യം ശക്തിപ്പെട്ടത്. പിന്നീട് അത് എല്ലാ വിഭാഗം യുവാക്കളിലേക്കും പടര്‍ന്നു. സാമൂഹിക മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന ഒരുതരം അഡിക്്ഷനുണ്ട്. എല്ലാ സമൂഹങ്ങളിലും ഇന്ന് ആ വിധേയത്വം ഒരു യാഥാര്‍ഥ്യമാണ്. അവ ലഭിക്കാതെ വരുമ്പോള്‍ വല്ലാത്തൊരു വീര്‍പ്പുമുട്ടല്‍ അനുഭവപ്പെടും. പ്രകോപിതരാകും. ഒറ്റപ്പെട്ട പോലെ തോന്നും. ജെന്‍ സീക്കാര്‍ അതില്‍ കൂടുതല്‍ അകപ്പെട്ടുപോകുമെന്നത് ഒരു പാതകമായി കാണാനാകില്ല. പക്ഷേ, ഈ സ്ഥിതിവിശേഷം സാമൂഹിക മാധ്യമ സേവനങ്ങള്‍ നല്‍കുന്ന കമ്പനികളെ അഹങ്കാരികളാക്കി തീര്‍ക്കും. തങ്ങളുടെ ബിസിനസ്സിനു വേണ്ടി മാനസിക മുതല്‍മുടക്ക് നടത്താന്‍ കോടിക്കണക്കായ മനുഷ്യരുണ്ടെന്ന് അവര്‍ക്കറിയാം. സര്‍ക്കാറുകള്‍ പറയുന്നത് അവര്‍ കേള്‍ക്കില്ല. അതാണ് നേപ്പാളില്‍ കണ്ടത്. ലോകത്തെവിടെയും സംഭവിക്കാവുന്ന ഒന്ന്.
എന്നാല്‍, സാമൂഹിക മാധ്യമ നിരോധനം പെട്ടെന്നുള്ള കാരണം മാത്രമായിരുന്നു. 2008ല്‍ രാജഭരണത്തിന് അന്ത്യം കുറിച്ച് ജനാധിപത്യ റിപബ്ലിക്കായി ഹിമാലയന്‍ രാഷ്ട്രം മാറിയത് മുതല്‍ ഒരിക്കല്‍ പോലും സുസ്ഥിര ഭരണം കാഴ്ചവെക്കാന്‍ രാഷ്ട്രീയ നേതൃത്വത്തിന് സാധിച്ചിട്ടില്ല. മാവോയിസ്റ്റ് സായുധ കലാപത്തിന്റെയും അവരുടെ രാഷ്ട്രീയ പ്രവേശത്തിന്റെയും കമ്മ്യൂണിസ്റ്റുകളുടെയും നേപ്പാളി കോണ്‍ഗ്രസ്സിന്റെയുമെല്ലാം ഉജ്ജ്വലമായ രാഷ്ട്രീയ പാരമ്പര്യമുള്ളപ്പോഴും ജനങ്ങളുടെ പ്രതീക്ഷക്കൊത്തുയരുന്ന ഭരണം സാധ്യമായില്ല. 2015ല്‍ രാജ്യം ഹിന്ദു രാഷ്ട്രം എന്നതില്‍ നിന്ന് വിപ്ലവകരമായ പരിവര്‍ത്തനത്തിന് വിധേയമായി സമ്പൂര്‍ണ മതേതര രാഷ്ട്രമായപ്പോഴും സാമ്പത്തിക, സാമൂഹിക രംഗത്ത് വലിയ കുതിപ്പുണ്ടാക്കാന്‍ സാധിച്ചില്ല. മാവോയിസ്റ്റ് ഗ്രൂപ്പുകളും കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളും നേപ്പാളി കോണ്‍ഗ്രസ്സും വിവിധ സാമുദായിക ഗ്രൂപ്പുകളും മാറിമാറി സഖ്യങ്ങള്‍ രൂപപ്പെടുത്തുകയും കാലുവാരുകയും ചെയ്തുകൊണ്ടിരുന്നു. പ്രതിപക്ഷം എന്നൊന്നില്ലാത്ത സ്ഥിതിയായിരുന്നു ഈ ഹിമാലയന്‍ രാഷ്ട്രത്തില്‍. ഏത് പാര്‍ട്ടിയും ഏത് നിമിഷവും ഭരണ കക്ഷിയാകാവുന്ന സ്ഥിതി. ഒലി, പുഷ്പ കമല്‍ ദഹല്‍ (പ്രചണ്ഡ), അഞ്ച് തവണ പ്രധാനമന്ത്രിയായ ഷേര്‍ ബഹാദൂര്‍ ദുബ എന്നിവര്‍ക്കിടയില്‍ അധികാരം മാറിമാറി വന്നു. ജെന്‍ സീക്ക് ഇവരെല്ലാം കടല്‍കിഴവന്‍മാര്‍ മാത്രമാണ്. വഴിമുടക്കികള്‍.
പൗരസമൂഹം ആഗ്രഹിക്കുന്ന തിരുത്തല്‍ പ്രക്രിയ നേപ്പാളിന്റെ രാഷ്ട്രീയ ഘടനയിലുണ്ടായില്ല. അധികാര പ്രമത്തതയും സ്വജനപക്ഷപാതവും കൊടികുത്തി വാണു. ഇന്ത്യയും ചൈനയും നടത്തിയ ഇടപെടലുകള്‍ക്ക് നടുവിലായിരുന്നു എക്കാലവും നേപ്പാള്‍. ഇന്ത്യയെപ്പോലെയോ അതിലധികമോ ചൈനക്കും അവിടെ സ്വാധീനമുണ്ട്. ചൈനയും ഇന്ത്യയും രണ്ട് ധ്രുവങ്ങളില്‍ നിന്ന് പിടിച്ചു വലിക്കുമ്പോള്‍ ഹിമാലയന്‍ രാഷ്ട്രത്തിലെ പ്രതിസന്ധികള്‍ രൂക്ഷമാകാറുണ്ട്. ഈ രണ്ട് ബിഗ്ബോസുമാരുടെ ശ്രമഫലമായി പല പ്രശ്നങ്ങളും പരിഹരിക്കപ്പെടാറുമുണ്ട്. 1996ല്‍ മാവോയിസ്റ്റുകള്‍ ജനകീയ യുദ്ധം പ്രഖ്യാപിച്ചപ്പോള്‍ സൈനിക സഹായത്തിന്റെ രൂപത്തിലും 2003ല്‍ മാവോയിസ്റ്റുകളുമായി ചര്‍ച്ച നടന്നപ്പോള്‍ മധ്യസ്ഥതയുടെ രൂപത്തിലും ഇന്ത്യയുണ്ടായിരുന്നു. മധേശി കലാപം കത്തിച്ചത് ഇന്ത്യയായിരുന്നു. രാജഭരണം തിരിച്ചു കൊണ്ടുവരാനും ഹിന്ദു രാഷ്ട്ര പദവിയിലേക്ക് തിരികെപ്പോകാനും നടക്കുന്ന പ്രക്ഷോഭങ്ങളിലും ഇന്ത്യന്‍ പങ്കുണ്ട്. ഈ കൂട്ടക്കുഴപ്പങ്ങള്‍ക്കിടയില്‍ സ്വാഭാവികമായും മനുഷ്യര്‍ അതൃപ്തിയിലാണ്. ഈ അമര്‍ഷത്തിനാണ് ജെന്‍ സീ യുവാക്കള്‍ പ്രക്ഷോഭരൂപം നല്‍കിയത്. പ്രക്ഷോഭത്തിന് പ്രവാസി നേപ്പാളികളില്‍ നിന്നും കലാ, സാംസ്‌കാരിക മേഖലയില്‍ നിന്നും കിട്ടിയ പിന്തുണ മാത്രം നോക്കിയാല്‍ ഇത് മനസ്സിലാകും.
പക്ഷേ, അന്താരാഷ്ട്ര മാധ്യമങ്ങളുമായി സംസാരിക്കവേ സമരക്കാര്‍ ഒന്നടങ്കം പറഞ്ഞ ഒരു കാര്യമുണ്ട്. സമരത്തിലേക്ക് ആരോ നുഴഞ്ഞ് കയറിയിരിക്കുന്നു. കാഠ്മണ്ഡുവില്‍ പി ജി വിദ്യാര്‍ഥിയായ ആയുഷ് ബസ്യാലി (27)ന്റെ വാക്കുകള്‍ അല്‍ ജസീറ റിപോര്‍ട്ട് ചെയ്തത് വായിക്കാം: “സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളുടെ വ്യാപകമായ പങ്കാളിത്തമുണ്ടായിരുന്നു. ചിലര്‍ അവരുടെ യൂനിഫോമില്‍ തന്നെയാണെത്തിയത്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഒരു സൂചകവും സമരത്തിലുണ്ടായിരുന്നില്ല. പ്രതിഷേധം ഒരു ഘട്ടം പിന്നിട്ടപ്പോള്‍ ചിലര്‍ നുഴഞ്ഞുകയറിയെന്ന് സംശയമുണ്ട്. കരുത്തരായ ഒരു കൂട്ടമാളുകള്‍ മോട്ടോര്‍ സൈക്കിളുകളില്‍ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കിയെത്തി. ബാരിക്കേഡുകള്‍ തകര്‍ത്ത് പാര്‍ലിമെന്റിലേക്ക് പ്രവേശിച്ചത് ഇവരാണ’്.
ഈ സംശയം സ്ഥിരീകരിക്കാന്‍ സര്‍ക്കാറോ പ്രാദേശിക മാധ്യമങ്ങളോ തയ്യാറായിട്ടില്ലെങ്കില്‍ ആ സാധ്യത തള്ളിക്കളയാനാകില്ല. ജനാധിപത്യ സംവിധാനം തകര്‍ക്കാന്‍ കാത്തിരിക്കുന്ന ചിലര്‍ നേപ്പാളിലുണ്ട്. അവര്‍ക്ക് കൃത്യമായ സംഘടിത രൂപവുമുണ്ട്. ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന പ്രക്ഷോഭം ഇതിന് വ്യക്തമായ തെളിവാണ്. രാജഭരണം തിരിച്ചുവേണമെന്നും നേപ്പാളിനെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നുമായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. രാജ്യത്തെ രക്ഷിക്കാന്‍ മുന്‍ രാജാവ് ഗ്യാനേന്ദ്ര ഷാ വരട്ടെ, അഴിമതിനിറഞ്ഞ സര്‍ക്കാര്‍ തുലയട്ടെ എന്നായിരുന്നു മുദ്രാവാക്യം. സമരം അക്രമാസക്തമായി. സുരക്ഷാ സേനയും രാജഭരണത്തെ അനുകൂലിക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ മരിച്ചു.
രാജകൊട്ടാരത്തില്‍ നിന്ന് തന്നെയാണ് നേപ്പാളിന്റെ ജനാധിപത്യത്തിലേക്കുള്ള വഴി തുടങ്ങിയതെന്ന് പറയാം. 2001 ജൂണ്‍ ഒന്നിന് കൊട്ടാരത്തില്‍ നടന്ന കൂട്ടക്കൊല നേപ്പാളിന്റെ ഭാവി മാറ്റിമറിക്കുകയായിരുന്നു. കിരീടാവകാശി ദീപേന്ദ്ര ബിര്‍ ബിക്രം ഷാ ദേവ് മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും മറ്റ് ബന്ധുക്കള്‍ക്കും നേരെ വെടിയുതിര്‍ത്തു. ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. പിന്നെയും ഏഴ് വര്‍ഷമെടുത്തു ജനാധിപത്യ റിപബ്ലിക് പ്രഖ്യാപിക്കാന്‍. രാജ്യം കൈയൊഴിഞ്ഞ മതരാഷ്ട്രവും രാജഭരണവും തിരിച്ചു വരണമെന്ന വികാരം നേപ്പാളില്‍ ശക്തിപ്പെട്ടു വരികയാണത്രേ. ഇതിന് ഇന്ത്യയിലെ ഹിന്ദുത്വ ഗ്രൂപ്പുകളുടെ പ്രൊപ്പഗാണ്ട വലിയ പങ്കുവഹിക്കുന്നുണ്ട്. രാജാനുകൂല പ്രക്ഷോഭത്തില്‍ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കൂറ്റന്‍ പോസ്റ്ററുകള്‍ ഉയര്‍ന്നിരുന്നുവെന്നോര്‍ക്കണം. ജെന്‍ സീ പ്രക്ഷോഭത്തിന്റെ മുന്നില്‍ കയറി നില്‍ക്കാന്‍ രാജാനുകൂല പ്രജാതന്ത്ര പാര്‍ട്ടിയുടെ നേതാക്കള്‍ ശ്രമിച്ചുവെന്നും പ്രക്ഷോഭക്കാര്‍ അനുവദിച്ചില്ലെന്നുമാണ് ദി കാഠ്മണ്ഡു പോസ്റ്റ് റിപോര്‍ട്ട് ചെയ്തത്.
ശ്രീലങ്കയില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമെല്ലാം പ്രചോദനമുള്‍ക്കൊണ്ടവരാണ് നേപ്പാളിയിലെ ജെന്‍ സീക്കാര്‍. ഭാവി പദ്ധതികളൊന്നും അവര്‍ക്ക് മുമ്പിലുണ്ടെന്ന് തോന്നുന്നില്ല. അധികാരശൂന്യതയിലേക്ക് ആരാണ് കയറിയിരിക്കുകയെന്നത് അതീവ പ്രധാനമാണ്. രാജാവിനെ തിരിച്ചുവിളിക്കാന്‍ പറയുന്നവര്‍ വിപ്ലവം അട്ടിമറിക്കുമോ? യുവാക്കള്‍ ആഘോഷപൂര്‍വം ആനയിക്കുന്ന കാഠ്മണ്ഡു മേയര്‍ ബാലേന്ദ്ര ഷാ ശരിയായ മാതൃക തന്നെയാണോ? ഈ 34കാരന്‍ മുന്നോട്ട് വെക്കുന്ന അരാഷ്ട്രീയ ഭരണക്രമം ഒരു നഗരത്തിന് അനുയോജ്യമായിരിക്കാം. രാജ്യം എത്തിനില്‍ക്കുന്ന സന്ദിഗ്ധ ഘട്ടത്തെ മറികടക്കാന്‍ ഈ മുന്‍ റാപ്പര്‍ക്ക് സാധിക്കുമോ?