Malappuram
മതേതര കക്ഷികൾ ജാഗ്രത്താകണം: കേരള മുസ്ലിം ജമാഅത്ത്
പച്ചയായ വർഗീയതയും വിദ്വേഷവും സ്ഥിരം തൊഴിലാക്കിയവരെ സമൂഹം അവജ്ഞയോടെ തള്ളിക്കളയണമെന്നും ഇത്തരക്കാർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുന്നതിൽ വരുന്ന വീഴ്ച ഒരു നിലക്കും അംഗീകരിക്കാനാവില്ലെന്നും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട്

നിലമ്പൂർ | എല്ലാ ജന വിഭാഗങ്ങളെയും ചേർത്തു നിർത്തുന്ന നിലപാടിൽ നിന്ന് മുഖ്യധാര കക്ഷികൾ അനുദിനം വിട്ടു നിൽക്കുന്ന പ്രവണത നാട്ടിൽ അരാജകത്വം സൃഷ്ടിക്കുമെന്നും ഇക്കാര്യത്തിൽ ശക്തമായ ജാഗ്രത പാലിക്കാൻ മുഖ്യധാര മതേതര കക്ഷികൾ തയ്യാറാകണമെന്നും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് പറഞ്ഞു. നിലമ്പൂർ മജ്മഅ് ഓഡിറ്റോറിയത്തിൽ നടന്ന ‘ക്രിയേഷൻ 25’ കിഴക്കൻ മേഖല ജില്ലാ ലീഡേഴ്സ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പച്ചയായ വർഗീയതയും വിദ്വേഷവും സ്ഥിരം തൊഴിലാക്കിയവരെ സമൂഹം അവജ്ഞയോടെ തള്ളിക്കളയണമെന്നും ഇത്തരക്കാർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുന്നതിൽ വരുന്ന വീഴ്ച ഒരു നിലക്കും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. മാനവീക മൂല്യമുയർത്തി സാമുദായിക സൗഹാർദ്ധവും നാടിന്റെ നന്മയും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സുന്നി പ്രസ്ഥാനത്തെയും അതിന്റെ അജയ്യരായ നേതൃത്വത്തെയും എക്കാലത്തും കേരളിയ സമൂഹം ചേർത്തുപിടിച്ചിട്ടുണ്ട് എന്നത് ഇത്തരം വിദ്വേഷ പ്രഭാഷകർ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ല പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി അധ്യക്ഷത വഹിച്ചു. നേരത്തെ ജില്ല ഉപാധ്യക്ഷൻ സയ്യിദ് കെ.കെ.എസ് തങ്ങൾ ഫൈസി പെരിന്തൽ മണ്ണ സമസ്തയുടെ പതാക ഉയർത്തിയാണ് ക്യാമ്പിന് തുടക്കമായത്. സയ്യിദ് അഹമ്മദ് കബീർ അൽബുഖാരി പ്രാർത്ഥന നടത്തി. നേതൃത്വം, സംഘാടനം, ആദർശം , പ്രസ്ഥാനം, കർമ്മസാമയികം, അംഗത്വ കാമ്പയിൻ തുടങ്ങി വിവിധ ക്ലാസ് റൂമുകളിലായി നടന്ന സെഷനുകൾക്ക് ഊരകം അബ്ദുറഹ്മാൻ സഖാഫി, എം. അബൂബക്കർ പടിക്കൽ, വടശ്ശേരി ഹസൻ മുസ്ലിയാർ, അലവിക്കുട്ടി ഫൈസി എടക്കര, പി.കെ. മുഹമ്മദ് ബശീർ , എ പി ബശീർ ചെല്ലക്കൊടി, കെ പി ജമാൽ കരുളായി, ബശീർ അരിമ്പ്ര, സുലൈമാൻ മുസ്ലിയാർ കിഴിശ്ശീരി, മുഹമ്മദ് ഹാജി മൂന്നിയൂർ, കെ മുഹമ്മദലി പുത്തനത്താണി, അലിയാർ കക്കാട് നേതൃത്വം നൽകി.
കിഴക്കൻ മേഖലയിലെ 10 സോണുകളിൽ നിന്നായി 335 പ്രതിനിധികളാണ് പങ്കെടുത്തത്. ഈ മാസം 27 ന് ഞായർ പടിഞ്ഞാറൻ മേഖല ക്യാമ്പ് വേങ്ങര അൽ ഇഹ്സാൻ ക്യാമ്പസിൽ നടക്കും. സമാപന സംഗമത്തിൽ സയ്യിദ് പി യു എസ് ആറ്റക്കോയതങ്ങൾ, വി എൻ ബാപ്പുട്ടി ദാരിമി, പി എച്ച് അബ്ദുറഹ്മാൻ ദാരിമി, സി എച്ച് ഹംസ സഖാഫി, സുലൈമാൻ ദാരിമി, മുനവ്വി റഹ്മാൻ, ഇബ്രാഹിം വെള്ളില, അബ്ദു റസാഖ് എടവണ്ണപ്പാറ ബശീർ കൊളത്തൂർ, സൈനുദ്ധീൻ സഖാഫി ഇരുമ്പുഴി തുടങ്ങിയവർ സംബന്ധിച്ചു.