Connect with us

Kerala

കുട്ടനാട്ടിൽ വെള്ളപ്പൊക്കത്തെ തുടർന്ന് സ്കൂൾ കെട്ടിടം തകർച്ചാ ഭീതിയിൽ

വിദ്യാർഥികളുടെ പരാതിയിൽ നടപടികളുമായി ഹൈക്കോടതി

Published

|

Last Updated

ആലപ്പുഴ | വെള്ളപ്പൊക്കം സ്ഥിരമായ കുട്ടനാട്ടിലെ കൈനകരി എസ് എൻ ഡി പി ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം തകർച്ചാ ഭീഷണിയിൽ.  വെള്ളപ്പൊക്കം മൂലം സ്കൂൾ അപകടഭീഷണിയിലാണെന്ന് ചൂണ്ടിക്കാട്ടി 200 ഓളം വിദ്യാർഥികളും അധ്യാപകരും  ഹൈക്കോടതിയെ സമീപിച്ചു. അധികൃതർക്ക് നിരവധി തവണ പരാതി നൽകിയെങ്കിലും നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിച്ചത്. സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.

ഒന്നരമാസമായി തുടരുന്ന മഴയിൽ മടവീഴ്ചയുണ്ടായി 20 ക്ലാസ്സ് റൂമുകളിൽ വെള്ളം കയറി. കമ്പ്യൂട്ടർ ലാബ്, ലൈബ്രറി എന്നിവയും ദൈനംദിന ക്ലാസ്സും പ്രവർത്തിക്കുന്നത് ശേഷിക്കുന്ന നാല് റൂമുകളിലാണെന്ന് പരാതിയിൽ പറയുന്നു.

വിദ്യാർഥികൾക്കുണ്ടാകുന്ന അപകടസാധ്യതകളിൽ കോടതി കടുത്ത ആശങ്ക പ്രകടിപ്പിച്ചു. വിഷയം ഗൗരവമായി കണ്ട് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആലപ്പുഴ ജില്ലാ കലക്ടർക്ക് കോടതി നിർദേശം നൽകി. വിദ്യാഭ്യാസ വകുപ്പ്, കൃഷിവകുപ്പ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, പാടശേഖര സമിതി ഉൾപ്പെടെയുള്ളവരുമായി ജില്ലാ കലക്ടർ യോഗം വിളിച്ചു ചേർക്കണം. വസ്തുതാന്വേഷണം നടത്തി അടിയന്തര നടപടികൾ സ്വീകരിക്കാനും ജില്ലാ കലക്ടറോട് കോടതി നിർദേശിച്ചു.

വിഷയത്തിൽ അമികസ് കൂറിയെ നിയോഗിക്കാനും ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷൻ ബഞ്ച് തീരുമാനിച്ചു. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയെ കേസിൽ കക്ഷിചേർത്ത് വസ്തുതാന്വേഷണം നടത്തി വിവരങ്ങൾ കൈമാറാനും ആവശ്യമായ തുടർനടപടികൾ സ്വീകരിക്കാനും നിർദേശിച്ചു.