National
20 ശതമാനം എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ വില്‍പന; ഹര്‍ജിയില്‍ ഇടപെടാതെ സുപ്രിംകോടതി
ഇന്ത്യ ഏത് തരം ഇന്ധനം ഉപയോഗിക്കണമെന്ന് രാജ്യത്തിന് പുറത്തുള്ളവരാണോ നിര്‍ദേശിക്കേണ്ടതെന്ന് എ ജി

ന്യൂഡല്‍ഹി | പെട്രോളില്‍ എഥനോള്‍ കലര്‍ത്തുന്ന കേന്ദ്ര സര്‍ക്കാരിന്റെ പരിപാടിയെ ചോദ്യം ചെയ്തുകൊണ്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. 20 ശതമാനം എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ വില്‍പന നിര്‍ബന്ധമാക്കുന്നതിനെതിരായ ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ചു.
ഹര്‍ജിക്ക് പിന്നിലെ ഉദ്ദേശ്യത്തെക്കുറിച്ച് അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണി ആശങ്ക പ്രകടിപ്പിച്ചു. ഇതിന് പിന്നില്‍ വലിയൊരു ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇന്ത്യ ഏത് തരം ഇന്ധനം ഉപയോഗിക്കണമെന്ന് രാജ്യത്തിന് പുറത്തുള്ളവരാണോ നിര്‍ദേശിക്കേണ്ടതെന്നും എ ജി വിമര്‍ശിച്ചു.
എല്ലാ പരിഗണിച്ച ശേഷമാണ് സര്‍ക്കാര്‍ നയം രൂപീകരിച്ചിരിക്കുന്നതെന്നും ഇത് ഇന്ത്യയിലെ കരിമ്പ് കര്‍ഷകര്‍ക്ക് പ്രയോജനകരമാണെന്നും എജി കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് സുപ്രീം കോടതി ഹര്‍ജി തള്ളിയത്.