Connect with us

Kerala

ഫിറോസിനു പിന്തുണയുമായി സാദിഖലി തങ്ങള്‍; ഭൂമി വിവാദത്തില്‍ അടിയന്തിര പ്രമേയം കൊണ്ടുവരാന്‍ വെല്ലുവിളിച്ച് കെ ടി ജലീല്‍

ഫിറോസിനെതിരായ സാമ്പത്തിക ആരോപണങ്ങള്‍ വഴി തിരിച്ചു വിടാനാണ് സര്‍വകലാശാല ഭൂമി വിവാദം കൊണ്ടുവരുന്നതെന്നും ജലീല്‍

Published

|

Last Updated

മലപ്പുറം | കെ ടി ജലീല്‍ ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ സംബന്ധിച്ച് കാര്യങ്ങള്‍ പി കെ ഫിറോസ് തന്നെ വ്യക്തവും വ്യവസ്ഥാപിതവുമായ രേഖകള്‍ വച്ച് സമര്‍ഥിച്ചിട്ടുണ്ടെന്നും അതിനാല്‍ പാര്‍ട്ടി പ്രത്യേകം പ്രതികരിക്കേണ്ടതില്ലെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍.

കാര്യങ്ങള്‍ ജനങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ടെന്നും അതില്‍ കൂടുതല്‍ പറയാനില്ലെന്നും ശിഹാബ് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. മുതിര്‍ന്ന നേതാക്കള്‍ പ്രതികരിക്കേണ്ടതിന്റെ ആവശ്യമില്ല. ജലീലിനെതിരെ ആരോപണം ഉന്നയിക്കാന്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഫിറോസ് തന്നെ മതിയെന്നും ശിഹാബ് തങ്ങള്‍ പറഞ്ഞു. ഫിറോസ് ഉന്നയിക്കുന്ന തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല ആരോപണം എന്തുകൊണ്ടാണ് മുസ്ലിം ലീഗ് ഏറ്റെടുക്കാത്തതെന്ന് മുന്‍ മന്ത്രി കെ ടി ജലീല്‍ ചോദിച്ചിരുന്നു. വരുന്ന നിയമസഭ സമ്മേളനത്തില്‍ മലയാളസര്‍വകലാശാല ഭൂമി വിവാദത്തില്‍ അടിയന്തര പ്രമേയം കൊണ്ടുവരാന്‍ ലീഗിനെ വെല്ലുവിളിക്കുന്നുവെന്നും പി കെ ഫിറോസ് എന്ന ഏഴാം കൂലിയെ അല്ല ലീഗ് ഇത്തരം വിഷയം ഏല്‍പ്പിക്കേണ്ടതെന്നും കെ ടി ജലീല്‍ പറഞ്ഞു.

തിരൂര്‍ എം എല്‍ എ കുറുക്കോളി മൊയ്തീന്‍ ഇതുവരെ ഒരു അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും എന്തുകൊണ്ട് അദ്ദേഹം ഇടപെടല്‍ നടത്തുന്നില്ലെന്നും കെ ടി ജലീല്‍ ചോദിച്ചു. പി കെ കുഞ്ഞാലികുട്ടി എന്താണ് ഒന്നും പറയാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍ക്കും വേണ്ടാത്ത ഒരു കാര്യം ഫിറോസ് കൊണ്ടുവന്നത് അദ്ദേഹത്തിന്റെ ഹവാല ഇടപാടുകള്‍ മറക്കാനാണ്. എന്തുകൊണ്ട് കഴിഞ്ഞ നാല് കൊല്ലമായി ലീഗ് നേതാക്കള്‍ ഇതുവരെ ഇത് നിയമസഭയില്‍ പറയാന്‍ തയ്യാറാകാത്തത്? തിരൂര്‍ക്കാരനായ എന്‍ ശംസുദ്ധീന്‍ ഇതുവരെ മിണ്ടിയിട്ടില്ല. ലീഗ് പോലും ഇത് അങ്ങനെ ഒരു ഗൗരവമുള്ള വിഷയമായിട്ട് കാണുന്നില്ല. ഫിറോസിന്റെ തട്ടിപ്പ് മറക്കാനുള്ള നീക്കമായിട്ടാണ് ലീഗ് പോലും സര്‍വകലാശാല ആരോപണത്തെ കാണുന്നതെന്നും കെ ടി ജലീല്‍ പ്രതികരിച്ചിരുന്നു.

ദുബൈയില്‍ ബിസിനസ് ഉണ്ടെന്ന് പറഞ്ഞതിന് ഫിറോസ് മറുപടി പറഞ്ഞില്ലെന്നും ഇല്ലാത്ത കമ്പനിയുടെ ലേബലിലാണ് ഫിറോസ് ശമ്പളം വാങ്ങിയതെന്നും കെ ടി ജലീല്‍ പറഞ്ഞു. ദുബൈല്‍ എവിടെയാണ് ഫിറോസിന്റെ കമ്പനിയെന്നും അതിന് ഗോഡൗണ്‍ ഉണ്ടോയെന്നും കെ ടി ജലീല്‍ ആവര്‍ത്തിച്ചു. യു ഡി എഫ് നേതാക്കളുടെ അഴിമതിയെക്കുറിച്ച് നേരത്തെ തന്നെ പറഞ്ഞിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്നാലെയാണ് ഫിറോസിന്റെ ആരോപണം വരുന്നത്. സാമ്പത്തിക സ്രോതസ്സ് എന്താണെന്ന് ഇതുവരെ ഫിറോസ് വ്യക്തമാക്കിയിട്ടില്ല. മറുപടി പറയാതെ പികെ ഫിറോസിന് യൂത്ത് ലീഗ് ഭാരവാഹിയായി നില്‍ക്കാനാവില്ലെന്നും കെ ടി ജലീല്‍ പറഞ്ഞു.

ഫിറോസിനെതിരായ സാമ്പത്തിക ആരോപണങ്ങള്‍ വഴി തിരിച്ചു വിടാനാണ് സര്‍വകലാശാല ഭൂമി വിവാദം കൊണ്ടുവരുന്നത്. ലീഗിലെ പല മുതിര്‍ന്ന നേതാക്കളും തനിക്ക് പിന്തുണ നല്‍കുന്നുണ്ടെന്നും യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ആയി കഴിഞ്ഞ പത്തു വര്‍ഷം കൊണ്ടാണ് ഫിറോസ് ഇത്ര സമ്പന്നന്‍ ആയതെന്നും അദ്ദേഹം പറഞ്ഞു. എല്ലാം സാമ്പത്തിക തിരിമറി നടത്തിയാണ് ചെയ്തതെന്നും കെ ടി ജലീല്‍ പറഞ്ഞു.

യൂത്ത് ലീഗിന്റെ ദോത്തി ചലഞ്ചില്‍ നടന്നത് വന്‍ അഴിമതിയാണെന്നും കെ ടി ജലീല്‍ ആവര്‍ത്തിച്ചു. തിരൂരിലെ ശിഹാബ് തങ്ങള്‍ ആശുപത്രി നില്‍ക്കുന്ന സ്ഥലം ചതുപ്പ് പ്രദേശമാണെന്നും യു ഡി എഫ് സര്‍ക്കാര്‍ അട്ടിമറി നടത്തിയാണ് അവിടെ ആശുപത്രി നിര്‍മ്മിച്ചതെന്നും അദ്ദേഹം ആരോപിച്ചു. നേരത്തെ അവിടെയാണ് മലയാളസര്‍വകലാശാലയ്ക്ക് ഭൂമി തീരുമാനിച്ചതെന്നും തണ്ണീര്‍ത്തട നിയമം ലംഘിച്ചാണ് അവിടെ ആശുപത്രി നിര്‍മ്മിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2016ല്‍ ഭൂമിക്ക് വില നിര്‍ണയിച്ചത് അന്നത്തെ മന്ത്രി ആയിരുന്ന പി കെ അബ്ദുറബ്ബ് അറിഞ്ഞില്ലെന്നു പറയുന്നത് വിശ്വസിക്കാനാകില്ല. മലയാളസര്‍വകലാശാല ഭൂമി എല്‍ ഡി എഫ് വന്നപ്പോള്‍ 17 ഏക്കര്‍ എന്നത് 11 ഏക്കറാക്കി ചുരുക്കി. കണ്ടല്‍ കാടുകളും ചതുപ്പ് പ്രദേശവും ഒഴിവാക്കി. ആതവനാട് സ്ഥലം പറ്റില്ലെന്നും അവിടേക്ക് റോഡ് സൗകര്യം ഇല്ലെന്നും അന്ന് ജയകുമാര്‍ ഐ എ എസ് ആണ് പറഞ്ഞതെന്നും കെ ടി ജലീല്‍ പറഞ്ഞു. ആയിരൊത്തൊന്നു വട്ടം ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും റോ വന്നാലും മൊസാദ് വന്നാലും ഭയമില്ലെന്നും കെ ടി ജലീല്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest